ലോകപ്രശസ്ത ജർമൻ തത്ത്വചിന്തകനും സാമൂഹിക ശാസ്ത്രജ്ഞനുമായ യൂർഗൻ ഹാബർമാസ് അന്തരിച്ചതോടെ ആധുനിക സാമൂഹിക ചിന്തയുടെ മഹത്തായ ഒരധ്യായം അവസാനിച്ചിരിക്കുന്നു. 96-ാം വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, ജനാധിപത്യം, സംവാദം, യുക്തി എന്നിവയെക്കുറിച്ചുള്ള ആഗോള ബൗദ്ധിക ചര്ച്ചകളെ ആറ് ദശാബ്ദത്തിലേറെയായി നയിച്ച ഒരു വിശ്വപൗരനെയാണ് ലോകത്തിനു നഷ്ടമായത്.
ആഗോള ബൗദ്ധികലോകത്തിനു നഷ്ടമാകുന്നത് യുക്തിയുടെയും സംവാദത്തിന്റെയും ജനാധിപത്യബോധത്തിന്റെയും കരുത്തനായ കാവൽക്കാരനെയാണ്. നാസി ജർമനിയുടെ ഇരുണ്ട നാളുകളിൽ ജനിച്ച്, ലോകയുദ്ധത്തിന്റെ തകർച്ചകളിൽനിന്ന് പാഠമുൾക്കൊണ്ടു വളർന്ന ഹാബർമാസിന് ജനാധിപത്യം എന്നത് വെറുമൊരു തെരഞ്ഞെടുപ്പോ ഭരണക്രമമോ ആയിരുന്നില്ല; മറിച്ച്, ജനങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തോടെയുള്ള സംവാദമായിരുന്നു.
1929ൽ ജർമനിയിലെ ഡ്യൂസൽഡോർഫിൽ ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഹാബർമാസ്, നാസി ഭരണകൂടത്തിന്റെ ക്രൂരതകൾ കണ്ടുവളർന്ന ഒരു കൗമാരക്കാരനിൽനിന്ന്, ആധുനിക ലോകത്തിന്റെ മനഃസാക്ഷിയായി മാറിയത് വിസ്മയകരമായ ബൗദ്ധികയാത്രയുടെ ചരിത്രമാണ്. നാസി ജർമനിയിൽ ഹിറ്റ്ലർ യൂത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം, 1945ൽ ജർമനിയുടെ പതനത്തിനു ശേഷമാണ്, താൻ ജീവിച്ചിരുന്നത് എത്ര ക്രൂരമായ ഒരു വ്യവസ്ഥിതിയിലാണെന്ന് തിരിച്ചറിയുന്നത്. യുദ്ധാനന്തര യൂറോപ്പിൽ ജനാധിപത്യം എങ്ങനെ പുനർനിർമിക്കാം എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ ബൗദ്ധികജീവിതത്തെ പിന്നീട് നിർണയിച്ചത്. അതുകൊണ്ടുതന്നെ തത്ത്വചിന്തയെ ശുദ്ധ സൈദ്ധാന്തിക ചർച്ചകളിൽ ഒതുക്കാതെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്ന ‘സ്വതന്ത്ര ചിന്തകന്’ (Public Intellectual) എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായി.
ഫ്രാങ്ക്ഫർട്ട് സ്കൂൾ എന്ന വിമർശനാത്മക ചിന്താപാരമ്പര്യത്തിന്റെ രണ്ടാം തലമുറയിലെ ചിന്തകനായിട്ടാണ് ഹാബർമാസ് വളർന്നത്. മാർക്സിയൻ കാഴ്ചപ്പാടിലൂടെ മുതലാളിത്തത്തെയും ആധുനികതയെയും വിമർശിക്കുകയും മാർക്സിസത്തിന്റെ പരിമിതികളെ നവീന ചിന്താധാരകളുമായി സംയോജിപ്പിച്ച് വ്യാഖ്യാനിക്കുകയും ചെയ്ത ഫ്രാങ്ക്ഫർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിലെ സൈദ്ധാന്തികരാണ് പിന്നീട് ‘ഫ്രാങ്ക്ഫർട്ട് സ്കൂൾ’ എന്നറിയപ്പെട്ടത്.
ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ ആദ്യകാല പ്രണേതാക്കളായ മാക്സ് ഹോർഖൈമർ, തെയോദോർ അഡോർണോ തുടങ്ങിയ ചിന്തകർ ആരംഭിച്ച വിമർശനാത്മക സിദ്ധാന്തത്തെ ഹാബർമാസ് പുതിയ ദിശകളിലേക്ക് വികസിപ്പിച്ചു. എന്നാൽ, തന്റെ മുൻഗാമികളിൽ ചിലർ കാണിച്ച നിഷേധാത്മക സമീപനത്തിനു പകരം ഹാബർമാസ് മനുഷ്യരിൽ നിലനിൽക്കുന്ന യുക്തിയും സംവാദശേഷിയും ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് വിശ്വസിച്ചു.
» ദേശീയതയുടെ വംശീയ വേരുകൾ «
1980കൾക്കു ശേഷം, പ്രത്യേകിച്ച് ജർമനിയുടെ 1990ലെ പുനരേകീകരണത്തിനു ശേഷം യൂറോപ്പിൽ ശക്തിപ്രാപിച്ച തീവ്ര ദേശീയതയെയും നവ-ഫാസിസ്റ്റ് പ്രവണതകളെയും തന്റെ ദർശനങ്ങളിലൂടെ നിരന്തരം പ്രതിരോധിച്ച ചിന്തകനായിരുന്നു ഹാബർമാസ്. നാസി ഭരണകാലത്തിന്റെ ഭീകരതകളും, പ്രത്യേകിച്ച് ‘യഹൂദ കൂട്ടക്കൊല’ എന്ന മഹാവിപത്തും രണ്ടാം ലോക യുദ്ധത്തിന്റെ നാശനഷ്ടങ്ങളും നേരിട്ടനുഭവിച്ച തലമുറയിലൊരാളെന്ന നിലയിൽ, വംശീയതയിലോ രക്തബന്ധത്തിലോ അധിഷ്ഠിതമായ ‘വംശീയ ദേശീയത’ (Ethnic Nationalism) ജനാധിപത്യത്തിന്റെ അന്തകനാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അടുത്തകാലത്ത് യൂറോപ്പിൽ ഉയർന്നുവരുന്ന വലതുപക്ഷ ജനകീയ രാഷ്ട്രീയവും ദേശീയതയും സംബന്ധിച്ച് ഹാബർമാസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒപ്പം ഇടതുപക്ഷ ഫാസിസത്തെയും നിശിതമായി വിമർശിച്ചു.
പ്രവാസികളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമാക്കി നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ, ജനാധിപത്യ സ്ഥാപനങ്ങളിലേക്കുള്ള അവിശ്വാസം തുടങ്ങിയവ ലിബറൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ഫാസിസ്റ്റ് പ്രവണതകൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനു പകരമായി അദ്ദേഹം ‘ഭരണഘടനാപരമായ ദേശസ്നേഹം’ (Constitutional Patriotism) എന്ന ആശയം മുന്നോട്ടു വച്ചു. ഒരു ജനതയുടെ ഐക്യം അവരുടെ വംശീയവേരുകളിലല്ല, മറിച്ച് മനുഷ്യാവകാശങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഭരണഘടനയോടുള്ള പ്രതിബദ്ധതയിലാണ് കുടികൊള്ളുന്നതെന്ന് അദ്ദേഹം വാദിച്ചു. ആഗോളവത്കരണത്തിന്റെ കാലത്ത് ഇടുങ്ങിയ ദേശീയ വികാരങ്ങൾ, രാഷ്ട്രം എന്ന മഹത്തായ സങ്കൽപത്തെ മനുഷ്യരെ വേർതിരിക്കുന്ന കൂടാരങ്ങളാക്കി മാറ്റിയെന്നും, അതിനെ മറികടക്കാൻ ‘ദേശീയാനന്തര’ സഹകരണങ്ങളും യുക്തിഭദ്രമായ പൊതുസംവാദങ്ങളും അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവരോട് ജനാധിപത്യത്തിന് ‘നിഷ്പക്ഷത’ പാലിക്കാനാവില്ലെന്ന് അദ്ദേഹം കരുതി. ഈ സാഹചര്യത്തിലാണ് പോരാട്ടവീര്യമുള്ള ജനാധിപത്യം എന്ന ആശയം അദ്ദേഹം മുന്നോട്ടു വച്ചത്. ജനാധിപത്യം സംരക്ഷിക്കാൻ ബുദ്ധിജീവികൾക്കും പൗരസമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. വംശീയ വിദ്വേഷം പടർത്തുന്നവർക്കും സമത്വത്തെ എതിർക്കുന്നവർക്കും എതിരേയുള്ള പ്രതിരോധം ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്.
എന്നാൽ, 2023ൽ ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടികൾക്കെതിരേ ലോകമെമ്പാടും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, ഹാബെർമാസും സഹപ്രവർത്തകരായ നികോൾ ഡീറ്റെൽഹോഫ്, റെയ്നർ ഫോർസ്റ്റ്, ക്ലോസ് ഗുന്തർ എന്നിവരും ചേർന്ന് ‘ഐക്യദാർഢ്യത്തിന്റെ തത്വങ്ങൾ’ എന്ന പേരിൽ 2023 നവംബർ 13ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി. ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടത്തിയ ആക്രമണത്തെ അവർ ശക്തമായി അപലപിക്കുകയും, അതിനെതിരേ ഇസ്രയേലിന് സ്വയംരക്ഷയ്ക്കുള്ള അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്തു. ഈ പ്രസ്താവന ജർമൻ ബൗദ്ധിക ലോകത്തിലും അന്താരാഷ്ട്ര അക്കാദമിക് വൃത്തങ്ങളിലും വലിയ ചർച്ചകൾക്കു വഴി തുറക്കുകയുണ്ടായി.
» പൊതുമണ്ഡലത്തിന്റെ കോളനിവത്കരണം «
ഹാബർമാസിനെ ലോകമെമ്പാടും പ്രശസ്തനാക്കിയത് 1962ൽ പ്രസിദ്ധീകരിച്ച ‘The Structural Transformation of the Public Sphere’ എന്ന ഗ്രന്ഥമാണ്. ജനാധിപത്യം ആരോഗ്യകരമായി നിലനിൽക്കണമെങ്കിൽ അധികാരത്തിന്റെ നിയന്ത്രണത്തിനു പുറത്തുള്ള ഒരു ‘പൊതുമണ്ഡലം’ ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പൗരന്മാർക്ക് പൊതുപ്രശ്നങ്ങളെക്കുറിച്ച് സ്വതന്ത്രമായി ചര്ച്ച ചെയ്യാനും വിമർശിക്കാനും കഴിയുന്ന ഈ ഇടമാണ് ജനാധിപത്യത്തിന്റെ യഥാർഥ ഹൃദയം.
കമ്പോളശക്തികളും ബ്യൂറോക്രസിയും ഡിജിറ്റൽ സാങ്കേതികതയും മനുഷ്യജീവിതത്തെ വിഴുങ്ങുന്ന വർത്തമാനകാല പ്രതിഭാസത്തെ പൊതുമണ്ഡലത്തിന്റെ കോളനിവത്കരണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പഴയകാലത്തെ ചർച്ചാവേദികളിൽനിന്ന് വ്യത്യസ്തമായി, സോഷ്യൽ മീഡിയ ഇന്ന് മനുഷ്യരെ എക്കോ ചേംബറുകളിൽ തളച്ചിട്ടിരിക്കുകയാണ്.
ആ ചേംബറുകളിൽ യുക്തിപരമായ സംവാദങ്ങൾക്കോ തെളിവുകൾക്കോ പകരം ഒരേ ചിന്താഗതിക്കാരുടെ അടഞ്ഞ കൂട്ടായ്മകൾ രൂപപ്പെടുകയും ഒരു പൊതു മണ്ഡലം ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ പൗരന്മാർ തമ്മിലുള്ള സംവേദനാത്മക പ്രവർത്തനം പരാജയപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഭാഷ പരസ്പര ധാരണയ്ക്കും ആശയവിനിമയത്തിനുമുള്ള മാധ്യമമല്ലാതാവുകയും, വിദ്വേഷം പ്രചരിപ്പിക്കാനും വിഭജനം സൃഷ്ടിക്കാനുമുള്ള ആയുധമായി മാറുകയും ചെയ്യുമ്പോഴാണ് ഫാസിസം യഥാർഥത്തിൽ ആരംഭിക്കുന്നത് എന്ന് ഹാബർമാസ് ഓർമിപ്പിപ്പിച്ചു. അതേപോലെ ഡിജിറ്റൽ യുഗത്തിൽ, നമ്മൾ എന്തു കാണണം, എങ്ങനെ ചിന്തിക്കണം എന്ന് ലാഭലക്ഷ്യത്തോടെയുള്ള അൽഗോരിതങ്ങൾ തീരുമാനിക്കുമ്പോൾ, നമ്മുടെ സ്വതന്ത്രമായ സംവാദമണ്ഡലം അദൃശ്യമായി കോളനിവത്കരിക്കപ്പെടുന്നു.
» ഡിജിറ്റൽ യുഗത്തിലെ വ്യാജവാർത്തകളും വംശീയ വിദ്വേഷങ്ങളും «
ഈ പൊതുമണ്ഡലത്തെ തകർക്കാതിരിക്കാനുള്ള ‘ഡിജിറ്റൽ ജാഗ്രത’ ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ കേവലം ഉപയോഗിക്കുക എന്നതിലുപരി, അത് എങ്ങനെയാണ് നമ്മുടെ ബോധത്തെയും രാഷ്ട്രീയ നിലപാടുകളെയും സ്വാധീനിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബൗദ്ധികമായ ജാഗ്രതയാണിത്. അൽഗോരിതങ്ങൾ തീർക്കുന്ന എക്കോ ചേംബറുകളെ ഭേദിക്കാനും യുക്തിഭദ്രമായ സംവാദങ്ങൾ വീണ്ടെടുക്കാനും ഈ ജാഗ്രത അനിവാര്യമാണെന്ന് ഹാബർമാസ് അർഥശങ്കയ്ക്കിടയില്ലാത്തവിധം സമർഥിക്കുന്നു.
» ധൈഷണിക സത്യസന്ധത «
വാർധക്യത്തിലും അദ്ദേഹത്തിന്റെ ബൗദ്ധിക ജാഗ്രത കുറഞ്ഞില്ല എന്നതിന്റെ തെളിവാണ് തൊണ്ണൂറാം വയസിൽ അദ്ദേഹം പുറത്തിറക്കിയ ‘Also a History of Philosophy’ എന്ന 1,700ലധികം പേജുള്ള ബൃഹദ് ഗ്രന്ഥം. യുക്തിയുടെയും മനുഷ്യചരിത്രത്തിന്റെയും പരിണാമത്തെ ഇത്രമേൽ ആഴത്തിൽ വിശകലനം ചെയ്യുന്ന മറ്റൊരു കൃതി സമീപകാലത്ത് ഉണ്ടായിട്ടില്ല. തന്റെ ദർശനങ്ങൾ വാക്കുകളിൽ ഒതുക്കാതെ ജീവിതത്തിലും പകർത്തിയ ദാർശനികനായിരുന്നു അദ്ദേഹം. ജീവിതകാലമത്രയും സമാനതകളില്ലാത്ത ബൗദ്ധിക ഔന്നത്യം പുലർത്തിയ അദ്ദേഹത്തെത്തേടി ലോകത്തിലെ നിരവധി പ്രമുഖ അന്താരാഷ്ട്ര പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. ഹോളബർഗ് പ്രൈസ്, ക്ലൂജ് പ്രൈസ്, ഇറാസ്മസ് പ്രൈസ്, ക്യോട്ടോ പ്രൈസ്, ജർമൻ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരം എന്നിവ അതിൽ ചിലത് മാത്രമാണ്.
ഹാബർമാസിന്റെ വിട്ടുവീഴ്ചയില്ലാത്ത ധൈഷണിക സത്യസന്ധതയുടെ ഏറ്റവും വലിയ തെളിവായിരുന്നു യുഎഇ ഭരണകൂടം നൽകിയ പ്രശസ്തമായ ‘ഷെയ്ഖ് സായിദ് ബുക്ക് അവാർഡ്’ 2021ൽ അദ്ദേഹം നിരസിച്ചത്. 2,25,000 യൂറോ (ഏകദേശം രണ്ട് കോടിയിലധികം രൂപ) സമ്മാനത്തുകയുണ്ടായിരുന്ന ‘കൾച്ചറൽ പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ പുരസ്കാരം അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും മുൻനിർത്തി അദ്ദേഹം വേണ്ടെന്നുവച്ചു. അധികാരം യുക്തിയെ അടിച്ചമർത്തുന്ന ഒന്നിനോടും സന്ധി ചെയ്യാൻ അദ്ദേഹം തയാറായിരുന്നില്ല.