സ്മാരക ശിലകൾ
രാജസ്ഥാനിലെ പാലി ജില്ലയില്‍ ആരവല്ലി പര്‍വതനിരകളുടെ താഴ്വരയില് സ്ഥിതിചെയ്യുന്ന രണക്പുര് ജൈന ക്ഷേത്രം ഭാരതത്തിലെ ഏറ്റവും മനോഹരവും ചരിത്രപ്രധാനവുമായ ജൈന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം അതിന്റെ അതിശയകരമായ മാര്‍ബിള്‍ ശില്പകലയ്ക്കും വാസ്തുവിദ്യയ്ക്കും ലോകപ്രശസ്തം. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി ചില ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്‍പ്രകാരം ഒരു സ്വപ്നത്തില്‍നിന്നാണ് കഥ തുടങ്ങുന്നത്:
മേവാര്‍ സാമ്രാജ്യത്തിലെ പ്രശസ്തനായ രാജാവ് റാണാ കുംഭന്റെ കൊട്ടാരത്തിലെ മന്ത്രിയും ധനികനായ ഒരു ജൈന വ്യാപാരിയുമായിരുന്നു സേത്ത് ധര്‍മ ഷാ. ഒരു രാത്രിയില്‍ ധര്‍മ ഷാ ജൈന പുരാണങ്ങളില്‍ പറയുന്ന "നളിനിഗുല്മ വിമാനം’ (സ്വര്‍ഗീയമായ ഒരു പറക്കുംവാഹനം) സ്വപ്നം കണ്ടുവത്രേ. ഇതേത്തുടര്‍ന്ന് ആ സ്വര്‍ഗീയ വാഹനത്തിന്റെ മാതൃകയില്‍ ഭൂമിയില്‍ ഒരു ക്ഷേത്രം പണിയണമെന്ന് അദ്ദേഹം ഉറപ്പിച്ചു.
ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരനായ ആദിനാഥ് ഭഗവാന് (ഋഷഭനാഥന്) സമര്പ്പിച്ചായിരിക്കണം ഈ ക്ഷേത്രമെന്നും അദ്ദേഹം നിശ്ചയിച്ചു. തന്റെ സ്വപ്നപദ്ധതിയുമായി ധര്‍മ ഷാ റാണാ കുംഭ രാജാവിനെ സമീപിച്ചു. കലയെയും വാസ്തുവിദ്യയെയും ഏറെ സ്നേഹിച്ചിരുന്ന രാജാവ്, മാഘായ് നദിക്കരയിലുള്ള ഒരു വലിയ വനപ്രദേശം ക്ഷേത്രനിര്‍മാണത്തിനായി വിട്ടുനല്‍കുകയും ചെയ്തു.
എന്നാല്‍ രാജാവ് അതോടൊപ്പം ഒരു നിബന്ധനയും വച്ചു. ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള നഗരവും തന്റെ പേരില്‍ അറിയപ്പെടണം എന്നായിരുന്നു അത്. ധര്‍മ ഷാ അത് സമ്മതിക്കുകയും, ആ പ്രദേശത്തിന് "രണ്‍പുര്‍’ (പിന്നീട് അത് രണക്പുര് ആയി മാറി) എന്ന് പേരിടുകയും ചെയ്തു.
തന്റെ സ്വപ്നത്തിനൊത്ത ഒരു രൂപരേഖ തയാറാക്കാന്‍ ധര്‍മ ഷാ രാജ്യത്തെ പ്രശസ്തരായ ഒട്ടനവധി ശില്പികളെ ക്ഷണിച്ചെങ്കിലും ആരുടെയും ഡിസൈന്‍ അദ്ദേഹത്തിന് തൃപ്തി നല്‍കിയില്ല. ഒടുവില്‍, ദേപാ (ദീപക്) എന്ന വിനയാന്വിതനായ ഒരു പ്രശസ്ത ശില്പി സമര്‍പ്പിച്ച രൂപരേഖ ധര്‍മ ഷായുടെ സ്വപ്നത്തിന് അനുയോജ്യമാണെന്നു കണ്ടെത്തുകയും അദ്ദേഹത്തെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.
1389ല്‍ ആരംഭിച്ച ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാന്‍ ഏകദേശം 50 വര്‍ഷമെടുത്തു. ആയിരക്കണക്കിന് തൊഴിലാളികളും ശില്പികളും ഇതിനായി അഹോരാത്രം പണിയെടുത്തു. മുഗള്‍ ഭരണകാലത്ത് ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും ആക്രമണങ്ങളും മൂലം ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. അക്രമികളില്‍നിന്ന് രക്ഷിക്കാനായി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങള്‍ പുരോഹിതന്മാര് രഹസ്യ അറകളില്‍ ഒളിപ്പിച്ചു.
പിന്നീട് വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായ ഈ ക്ഷേത്രം കൊള്ളക്കാരുടെയും വന്യമൃഗങ്ങളുടെയും താവളമായി മാറുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജൈന സമൂഹവും ആനന്ദ്ജി കല്യാണ്ജി ട്രസ്റ്റും ഈ ക്ഷേത്രം ഏറ്റെടുക്കുകയും വലിയ രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കുകയുമായിരുന്നു.
ഈ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ "ചൗമുഖാ’ (നാലു വശങ്ങളിലേക്ക് മുഖമുള്ളത്) രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളിലെ ആദിനാഥ് ഭഗവാന്റെ വെളുത്ത മാര്‍ബിള്‍ വിഗ്രഹം നാലു ദിശകളിലേക്കും ദര്‍ശനം നല്കുന്ന രീതിയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
48,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വലിയ ക്ഷേത്രസമുച്ചയം താങ്ങി നിര്‍ത്തുന്നത് 1444 മാര്‍ബിള്‍ തൂണുകളാണ്. ഇതില്‍ ഏറ്റവും അത്ഭുതകരമായ കാര്യം, ഈ തൂണുകളില്‍ ഒരേപോലെയുള്ള കൊത്തുപണികളുള്ള രണ്ടെണ്ണമില്ല എന്നതാണ്. മനുഷ്യന് ദൈവത്തെപ്പോലെ പൂര്‍ണനല്ല എന്നു കാണിക്കാനും കണ്‍ദൃഷ്ടി തട്ടാതിരിക്കാനുമായി ശില്പികള് മനപ്പൂര്‍വം ഒരു തൂണ് ഒരല്പം ചരിവുള്ളതായാണ് നിര്‍മിച്ചിരിക്കുന്നത്.
സൂര്യന്റെ സ്ഥാനം എവിടെയാണെങ്കിലും, ക്ഷേത്രത്തിനുള്ളിലെ പ്രധാന വിഗ്രഹങ്ങളിലേക്ക് എപ്പോഴും സൂര്യപ്രകാശം നേരിട്ടു വീഴുന്ന രീതിയിലാണ് ദീപക് എന്ന ശില്പി ഇത് രൂപകല്പന ചെയ്തത്. കൂടാതെ, ക്ഷേത്രത്തിന്റെ ഏതു കോണില്‍നിന്ന് നോക്കിയാലും ഒരു തൂണ് പോലും വിഗ്രഹം കാണുന്നതിന് തടസമാവുകയുമില്ല.