x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1444 തൂ​ണു​ക​ളി​ലെ അ​ദ്ഭു​തം

അ​ജി​ത് ജി. ​നാ​യ​ർ
Published: June 21, 2026 03:40 AM IST | Updated: June 21, 2026 03:40 AM IST

സ്മാ​ര​ക ശി​ല​ക​ൾ

രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ല്‍ ആ​ര​വ​ല്ലി പ​ര്‍​വ​ത​നി​ര​ക​ളു​ടെ താ​ഴ്‌​വ​ര​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ര​ണ​ക്പു​ര്‍ ജൈ​ന ക്ഷേ​ത്രം ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​വും ച​രി​ത്ര​പ്ര​ധാ​ന​വു​മാ​യ ജൈ​ന തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട ഈ ​ക്ഷേ​ത്രം അ​തി​ന്‍റെ അ​തി​ശ​യ​ക​ര​മാ​യ മാ​ര്‍​ബി​ള്‍ ശി​ല്പ​ക​ല​യ്ക്കും വാ​സ്തു​വി​ദ്യ​യ്ക്കും ലോ​ക​പ്ര​ശ​സ്തം. ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തെ​പ്പ​റ്റി ചി​ല ഐ​തി​ഹ്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തി​ന്‍​പ്ര​കാ​രം ഒ​രു സ്വ​പ്ന​ത്തി​ല്‍​നി​ന്നാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്:

മേ​വാ​ര്‍ സാ​മ്രാ​ജ്യ​ത്തി​ലെ പ്ര​ശ​സ്ത​നാ​യ രാ​ജാ​വ് റാ​ണാ കും​ഭ​ന്‍റെ കൊ​ട്ടാ​ര​ത്തി​ലെ മ​ന്ത്രി​യും ധ​നി​ക​നാ​യ ഒ​രു ജൈ​ന വ്യാ​പാ​രി​യു​മാ​യി​രു​ന്നു സേ​ത്ത് ധ​ര്‍​മ ഷാ. ​ഒ​രു രാ​ത്രി​യി​ല്‍ ധ​ര്‍​മ ഷാ ​ജൈ​ന പു​രാ​ണ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന "ന​ളി​നി​ഗു​ല്‍​മ വി​മാ​നം’ (സ്വ​ര്‍​ഗീ​യ​മാ​യ ഒ​രു പ​റ​ക്കും​വാ​ഹ​നം) സ്വ​പ്നം ക​ണ്ടു​വ​ത്രേ. ഇ​തേ​ത്തു​ട​ര്‍​ന്ന് ആ ​സ്വ​ര്‍​ഗീ​യ വാ​ഹ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ഭൂ​മി​യി​ല്‍ ഒ​രു ക്ഷേ​ത്രം പ​ണി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു.

ജൈ​ന​മ​ത​ത്തി​ലെ ആ​ദ്യ​ത്തെ തീ​ര്‍​ഥ​ങ്ക​ര​നാ​യ ആ​ദി​നാ​ഥ് ഭ​ഗ​വാ​ന് (ഋ​ഷ​ഭ​നാ​ഥ​ന്‍) സ​മ​ര്‍​പ്പി​ച്ചാ​യി​രി​ക്ക​ണം ഈ ​ക്ഷേ​ത്ര​മെ​ന്നും അ​ദ്ദേ​ഹം നി​ശ്ച​യി​ച്ചു. ത​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യു​മാ​യി ധ​ര്‍​മ ഷാ ​റാ​ണാ കും​ഭ രാ​ജാ​വി​നെ സ​മീ​പി​ച്ചു. ക​ല​യെ​യും വാ​സ്തു​വി​ദ്യ​യെ​യും ഏ​റെ സ്നേ​ഹി​ച്ചി​രു​ന്ന രാ​ജാ​വ്, മാ​ഘാ​യ് ന​ദി​ക്ക​ര​യി​ലു​ള്ള ഒ​രു വ​ലി​യ വ​ന​പ്ര​ദേ​ശം ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​നാ​യി വി​ട്ടു​ന​ല്‍​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ രാ​ജാ​വ് അ​തോ​ടൊ​പ്പം ഒ​രു നി​ബ​ന്ധ​ന​യും വ​ച്ചു. ക്ഷേ​ത്ര​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​ഗ​ര​വും ത​ന്‍റെ പേ​രി​ല്‍ അ​റി​യ​പ്പെ​ട​ണം എ​ന്നാ​യി​രു​ന്നു അ​ത്. ധ​ര്‍​മ ഷാ ​അ​ത് സ​മ്മ​തി​ക്കു​ക​യും, ആ ​പ്ര​ദേ​ശ​ത്തി​ന് "ര​ണ്‍​പു​ര്‍’ (പി​ന്നീ​ട് അ​ത് ര​ണ​ക്പു​ര്‍ ആ​യി മാ​റി) എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു.

ത​ന്‍റെ സ്വ​പ്ന​ത്തി​നൊ​ത്ത ഒ​രു രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ ധ​ര്‍​മ ഷാ ​രാ​ജ്യ​ത്തെ പ്ര​ശ​സ്ത​രാ​യ ഒ​ട്ട​ന​വ​ധി ശി​ല്പി​ക​ളെ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രു​ടെ​യും ഡി​സൈ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് തൃ​പ്തി ന​ല്‍​കി​യി​ല്ല. ഒ​ടു​വി​ല്‍, ദേ​പാ (ദീ​പ​ക്) എ​ന്ന വി​ന​യാ​ന്വി​ത​നാ​യ ഒ​രു പ്ര​ശ​സ്ത ശി​ല്പി സ​മ​ര്‍​പ്പി​ച്ച രൂ​പ​രേ​ഖ ധ​ര്‍​മ ഷാ​യു​ടെ സ്വ​പ്ന​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ നി​ര്‍​മാ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

1389ല്‍ ​ആ​രം​ഭി​ച്ച ക്ഷേ​ത്ര​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ ഏ​ക​ദേ​ശം 50 വ​ര്‍​ഷ​മെ​ടു​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ശി​ല്‍​പി​ക​ളും ഇ​തി​നാ​യി അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്തു. മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യും ആ​ക്ര​മ​ണ​ങ്ങ​ളും മൂ​ലം ക്ഷേ​ത്ര​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​ക്ര​മി​ക​ളി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വി​ഗ്ര​ഹ​ങ്ങ​ള്‍ പു​രോ​ഹി​ത​ന്മാ​ര്‍ ര​ഹ​സ്യ അ​റ​ക​ളി​ല്‍ ഒ​ളി​പ്പി​ച്ചു.

പി​ന്നീ​ട് വ​ള​രെ​ക്കാ​ലം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യ ഈ ​ക്ഷേ​ത്രം കൊ​ള്ള​ക്കാ​രു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി മാ​റു​ക​യും ചെ​യ്തു. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ജൈ​ന സ​മൂ​ഹ​വും ആ​ന​ന്ദ്ജി ക​ല്യാ​ണ്‍​ജി ട്ര​സ്റ്റും ഈ ​ക്ഷേ​ത്രം ഏ​റ്റെ​ടു​ക്കു​ക​യും വ​ലി​യ രീ​തി​യി​ലു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​തി​ന്‍റെ പ​ഴ​യ പ്രൗ​ഢി വീ​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ശ്രീ​കോ​വി​ല്‍ "ചൗ​മു​ഖാ’ (നാ​ലു വ​ശ​ങ്ങ​ളി​ലേ​ക്ക് മു​ഖ​മു​ള്ള​ത്) രീ​തി​യി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ലെ ആ​ദി​നാ​ഥ് ഭ​ഗ​വാ​ന്‍റെ വെ​ളു​ത്ത മാ​ര്‍​ബി​ള്‍ വി​ഗ്ര​ഹം നാ​ലു ദി​ശ​ക​ളി​ലേ​ക്കും ദ​ര്‍​ശ​നം ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

48,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഈ ​വ​ലി​യ ക്ഷേ​ത്ര​സ​മു​ച്ച​യം താ​ങ്ങി നി​ര്‍​ത്തു​ന്ന​ത് 1444 മാ​ര്‍​ബി​ള്‍ തൂ​ണു​ക​ളാ​ണ്. ഇ​തി​ല്‍ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യം, ഈ ​തൂ​ണു​ക​ളി​ല്‍ ഒ​രേ​പോ​ലെ​യു​ള്ള കൊ​ത്തു​പ​ണി​ക​ളു​ള്ള ര​ണ്ടെ​ണ്ണ​മി​ല്ല എ​ന്ന​താ​ണ്. മ​നു​ഷ്യ​ന്‍ ദൈ​വ​ത്തെ​പ്പോ​ലെ പൂ​ര്‍​ണ​ന​ല്ല എ​ന്നു കാ​ണി​ക്കാ​നും ക​ണ്‍​ദൃ​ഷ്ടി ത​ട്ടാ​തി​രി​ക്കാ​നു​മാ​യി ശി​ല്പി​ക​ള്‍ മ​ന​പ്പൂ​ര്‍​വം ഒ​രു തൂ​ണ്‍ ഒ​ര​ല്പം ച​രി​വു​ള്ള​താ​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

സൂ​ര്യ​ന്‍റെ സ്ഥാ​നം എ​വി​ടെ​യാ​ണെ​ങ്കി​ലും, ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ പ്ര​ധാ​ന വി​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്ക് എ​പ്പോ​ഴും സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ടു വീ​ഴു​ന്ന രീ​തി​യി​ലാ​ണ് ദീ​പ​ക് എ​ന്ന ശി​ല്പി ഇ​ത് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. കൂ​ടാ​തെ, ക്ഷേ​ത്ര​ത്തി​ന്‍റെ ഏ​തു കോ​ണി​ല്‍​നി​ന്ന് നോ​ക്കി​യാ​ലും ഒ​രു തൂ​ണ്‍ പോ​ലും വി​ഗ്ര​ഹം കാ​ണു​ന്ന​തി​ന് ത​ട​സ​മാ​വു​ക​യു​മി​ല്ല.

Tags : wonder pillars sunday deepika

Recent News

Corehub Up