റിയാദ്/ദുബായ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ യെമനിലെ ഹൂതി വിമതർ വ്യാഴാഴ്ച നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സൗദി പൗരന്മാരായ മൂന്നുപേർ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ കൽത്താമിയും ഉൾപ്പെടുന്നു. ആക്രമണത്തിൽ വിദേശികളടക്കം നിരവധി പേർക്കു പരിക്കേറ്റു.
ആക്രമണത്തിൽ വിമാനത്താവളത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നിർത്തിയിട്ടിരുന്ന സൗദിയ എയർലൈൻസിന്റെ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. അന്താരാഷ്ട്ര എണ്ണക്കമ്പനി തലവന്മാരുടെ സമ്മേളനം റിയാദിൽ നടക്കാനിരിക്കെയാണ് ഈ ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് താത്കാലികമായി നിർത്തിവച്ച വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി പുനഃസ്ഥാപിച്ചതായി സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.
എന്നാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ പ്രമുഖ യുഎഇ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
മക്ക, മദീന എന്നീ പുണ്യനഗരങ്ങൾക്ക് മുകളിലൂടെയൊഴികെ സൗദി അറേബ്യൻ വ്യോമാതിർത്തിയിലൂടെയുള്ള എല്ലാ വിമാനസർവീസുകളും ലക്ഷ്യമിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് സൗദി വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ പറത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി വിമാനക്കമ്പനികൾക്കു നിർദേശം നൽകി.
തിരിച്ചടിച്ച് സൗദി സഖ്യസേന
ആക്രമണത്തിനു തൊട്ടുപിന്നാലെ യെമൻ തലസ്ഥാനമായ സനായിലുള്ള ഹൂതി കേന്ദ്രങ്ങൾക്കുനേരേ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. റിയാദിലേക്കു വിക്ഷേപിച്ച മൂന്ന് റോക്കറ്റ് ലോഞ്ചറുകൾ ആക്രമിച്ചു നശിപ്പിച്ചതായും റിയാദിനു നേരേ വന്ന മറ്റു രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനമുപയോഗിച്ച് തകർത്തതായും സൗദി സൈന്യം സ്ഥിരീകരിച്ചു.