അതിരമ്പുഴ: വാഴപ്പിണ്ടികളിലെ ചിരാതുകളിൽ ദീപം തെളിഞ്ഞു. പ്രകാശമായ മിശിഹായെ പ്രകീർത്തിച്ച് ‘ഏൽപയ്യ’ ഗീതമുയർന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ദനഹാ തിരുനാളിനോടനുബന്ധിച്ചു നടത്തിയ പിണ്ടികുത്തി തിരുനാൾ ഭക്തിസാന്ദ്രമായി.
പള്ളി മൈതാനത്ത് ക്രമീകരിച്ച വേദിയിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റംശ നടന്നു. മാർ തോമസ് തറയിൽ തെളിച്ച തിരിയിൽനിന്നും പകർന്ന ദീപം 65 കൂട്ടായ്മ ലീഡർമാർ തങ്ങൾ ക്രമീകരിച്ച 65 വാഴപ്പിണ്ടികളിലെ മൺചിരാതുകളിലേക്ക് പകർന്നു. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ഫാ. അബ്രാഹം കാടാത്തുകളം, ഫാ. അലൻ മാലിത്തറ, ഫാ. റോബിൻ പുതുപ്പറമ്പ് എന്നിവർ സഹകാർമികരായി.
ഇന്നു രാവിലെ 5.15ന് ചെറിയപള്ളിയിലും ആറിനും ഏഴിനും വൈകുന്നേരം ആറിനും വലിയപള്ളിയിലും വിശുദ്ധ കുർബാന നടക്കും.