ന്യൂഡൽഹി: യമൻ, സൊമാലിയ തീരങ്ങൾക്ക് സമീപം 22 ഇന്ത്യൻ നാവികരുമായി പോയ രണ്ട് വിദേശ ചരക്കുകപ്പലുകൾ സായുധരായ കടൽക്കൊള്ളക്കാർ പിടികൂടി. കപ്പലുകളിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഇന്ത്യൻ സർക്കാർ നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
കാമറൂൺ പതാക ഘടിപ്പിച്ച 'എം.വി ലുതുഫ്', എറിത്രിയൻ പതാകയുള്ള ഓയിൽ ടാങ്കറായ 'എം.ടി സിബു 1' എന്നീ കപ്പലുകളാണ് പിടികൂടിയത്. ഓഗസ്റ്റ് 17-ന് സൊമാലിയൻ തീരത്താണ് ആറ് ഇന്ത്യക്കാരുൾപ്പെടെ 10 ജീവനക്കാരുണ്ടായിരുന്ന ലുതുഫ് കടൽക്കൊള്ളക്കാർ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ഓഗസ്റ്റ് 20-ന് യമൻ തീരത്തിനടുത്ത് ഏഡൻ ഉൾക്കടലിൽ വച്ച് 16 ഇന്ത്യക്കാരുൾപ്പെടെ 20 ജീവനക്കാരുണ്ടായിരുന്ന എം.ടി സിബുവും കൊള്ളക്കാർ പിടിച്ചെടുക്കുകയായിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.