ഡൽഹി ചേരിയിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപിച്ച അധ്യാപിക ഇന്ന് എത്തിനിൽക്കുന്നത് അമേരിക്കൻ കോൺഗ്രസിൽ.ഇന്ത്യൻ വംശജയായ പിയ ദാന്ഡിയ ഫ്ലോറിഡയിൽ കുറിച്ചത് ചരിത്ര വിജയമായിരുന്നു. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി മാറുകയാണ് പിയ ദാന്ഡിയയുടെ വിജയം.
ഫ്ലോറിഡ 22 ഡിസ്ട്രിക്റ്റിൽ നിന്ന് യുഎസ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയാണ് 39 കാരിയായ പിയ.റിപ്പബ്ലിക്കൻ എതിരാളി കേസി അസ്കറിനെ 51.9 ശതമാനം വോട്ട് നേടി പരാജയപ്പെടുത്തിയാണ് പ്രമീള ജയപാലിന് ശേഷം യുഎസ് കോൺഗ്രസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി പിയ മാറിയത്.
പിയയുടെ കഥ തുടങ്ങുന്നത് ജയ്പൂരിൽ നിന്നാണ്. 80-കളിൽ ജയ്പൂരിൽ നിന്ന് അമേരിക്കൻ സ്വപ്നം തേടി പോയ മാതാപിതാക്കളുടെ മകൾ. അച്ഛൻ ഡോക്ടർ, അമ്മ മോണ്ടിസോറി ടീച്ചർ. പാം ബീച്ചിൽ ജനിച്ചു വളർന്നെങ്കിലും വേരുകൾ മറന്നില്ല. കുട്ടിക്കാലത്ത് ജയ്പൂരിലെത്തി ബന്ധുക്കൾക്കൊപ്പം കഴിഞ്ഞതാണ് തന്റെ കാഴ്ചപ്പാട് മാറിയതെന്ന് പിയ പറയാറുണ്ട്.
ഹാർവാർഡിൽ പഠിക്കുമ്പോൾ ഡൽഹി ചേരിയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയതാണ് വഴിത്തിരിവ്. അവിടെ നിന്ന് ടീച്ചറായി, പിന്നെ ഹാർലെമിലെ പ്രശസ്തമായ സ്കൂളിന്റെ പ്രിൻസിപ്പൽ. വൈറ്റ് ഹൗസ് ഫെല്ലോ, ആപ്പിളിലെ ജോലി എന്നിവയ്ക്ക് ശേഷമാണ് ജനപ്രതിനിധിയാകാൻ ഇറങ്ങിയത്.ഇന്ന് പാം ബീച്ചിൽ ഭർത്താവിനും മകനുമൊപ്പം ജീവിക്കുന്ന ഈ അധ്യാപികയുടെ വിജയം, ലോകമെമ്പാടുമുള്ള ഇന്ത്യൻ വനിതകൾക്ക് പ്രചോദനമാണ്.