തിരുവനന്തപുരം: ഖജനാവ് കൊള്ളയടിക്കുന്നതിനു തുല്യമായ ചോർച്ചയാണ് കിഫ്ബി സംസ്ഥാനത്തിനുണ്ടാക്കിയതെന്നും ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കിഫ്ബിയുമായി ബന്ധപ്പെട്ടു നടന്ന എല്ലാ തട്ടിപ്പുകളും അന്വേഷിക്കും. നിങ്ങളും ഞാനും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്നാണ് ഈ ചോർച്ചയുണ്ടായത്. ഖജനാവ് കൊള്ളയടിച്ചിട്ടാണ് കിഫ്ബി തകർത്തു എന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത്.
സമ്പദ്വ്യവസ്ഥ തകർക്കുന്ന പ്രസ്ഥാനമാണ് കിഫ്ബി. എന്നിട്ട് വികസനപ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചു എന്ന ആരോപണത്തിന് പ്രസക്തിയില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനോ ധനവകുപ്പിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം പോലെ സംവിധാനമുണ്ടാക്കി തോന്നിയപോലെ ഉയർന്ന പലിശ നിരക്കിൽ വായ്പയെടുക്കാൻ അനുമതി നൽകി.
ധനവകുപ്പ് നിർദേശങ്ങളെ കാറ്റിൽ പറത്തി, പുച്ഛത്തോടുകൂടി സർക്കാരിന് ഇതിൽ എന്തു കാര്യം ഞങ്ങൾ തോന്നിയതുപോലെ ചെയ്യുമെന്ന് പറഞ്ഞാണ് കിഫ്ബി എല്ലാം ചെയ്തത്.
അത് അനുവദിക്കില്ല. ധനവകുപ്പിന്റെ, സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും കിഫ്ബി. അങ്ങനെയൊരു സാമ്രാജ്യമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല. അതു നോക്കിനിന്ന ആളാണു മുൻ ധനമന്ത്രി. കണ്സോളിഡേറ്റഡ് ഫണ്ടിൽനിന്ന് കിഫ്ബിയുടെ കടം തീർക്കാൻ പറ്റില്ല. വേറെ കടമെടുക്കണം. എന്നിട്ട് എല്ലാ വർഷവും 15,000 കോടി സർക്കാരിന്റെ കടമെടുപ്പിൽ കുറയ്ക്കുകയാണ്.
മൂന്നു വർഷം തുടർച്ചയായി പ്ലാൻ ഫണ്ട് 30,000 കോടിയാണു വെട്ടിയത്. കോവിഡ് കാലത്തൊഴികെ, ഏതെങ്കിലും കാലത്ത് പ്ലാൻ ഫണ്ട് ഇങ്ങനെ വെട്ടിക്കുറച്ചിട്ടുണ്ടോ? പട്ടികജാതി-വർഗ ഫണ്ട് വെട്ടിക്കുറച്ചു.കേരളത്തിന്റെ ധനസ്ഥിതിയെ, ഫിനാൻഷ്യൽ സ്ട്രക്ചറിനെ കിഫ്ബി തകർത്തു തരിപ്പണമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.