കോൽക്കത്ത: പതിനേഴു വയസുള്ള പെൺകുട്ടിയെ മാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തിയ പ്രതിയെ പൊലിസ് ഏറ്റുമുട്ടലിൽ വധിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലാണു സംഭവം. മൂന്നുമാസത്തിനിടെ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണെന്നും പൊലിസ് വിശദീകരിച്ചു. ഇന്നലെ പുലർച്ചെ 2.50ന് ഗായിഘാട്ടയിലായിരുന്നു സംഭവം.
പ്രതിയായ പ്രഹ്ലാദ് ദാസിനെ മൊഴിയെടുക്കാനായി ഇയാളുടെ വീട്ടിലെത്തിച്ചപ്പോൾ പൊലിസുകാരന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിൽ വെടിയേറ്റ ഇയാളെ അടുത്തുള്ള ചന്ദ്രപാറ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവിടെവച്ചാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചതെന്നും പൊലിസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പൊലിസൂകാർക്ക് വെടിയേറ്റിട്ടില്ല. അതേസമയം, പൊലിസിന്റെ നടപടിയിൽ തങ്ങൾ തൃപ്തരാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.