കൊയിലാണ്ടി: കൊയിലാണ്ടി കണക്കശേരി വീട്ടില്‍ നിന്നും 12 പവന് മോഷണം പോയെന്ന പരാതിയില്വട്ടം ചുറ്റി പൊലിസ്. ഒടുവില്‍ വീട്ടില്‍ നിന്നുതന്നെ സ്വര്‍ണം 'കണ്ടെത്തി' പൊലിസ് കേസ് അവസാനിപ്പിച്ചു.
വീട്ടില്‍ നിന്നും 12 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി ഈ മാസം ആറിനാണ് വീട്ടുകാര്‍ കൊയിലാണ്ടി പൊലിസില്‍ പരാതി നല്‍കിയത്. ഇതെ തുടർന്ന് പൊലിസും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വാതില്‍ പൊളിച്ചതിന്റെയോ മോഷ്ടാവ് അകത്തു കടന്നതിന്റെ യോ ലക്ഷണങ്ങളൊന്നും പൊലിസിനു കാണാന്‍ കഴിഞ്ഞിരുന്നില്ല. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാതായതോടെ ഉടമകളോട് വീട്ടില്‍ തന്നെ പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ തിരച്ചിലിനൊടുവിൽ വീട്ടില്‍ തന്നെ മറ്റൊരു സ്ഥലത്തു സൂക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി.
വീട്ടുകാരോട് സ്വര്‍ണം വെച്ച സ്ഥലം മാറിപ്പോയതാണെന്നും അക്കാര്യം മറന്നുപോയതുകൊണ്ട് സംഭവിച്ച അബദ്ധമാണെന്നുമാണ് പൊലിസ് വിശദീകരിക്കുന്നത്. അതെ ദിവസം തന്നെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലും മോഷണം നടന്നിരുന്നു.
ഇക്കാര്യമറിഞ്ഞതോടെ വീട്ടിലെ സ്വര്‍ണം സാധാരണ സൂക്ഷിക്കുന്ന ഇടത്ത് കാണാതായതോടെ മോഷ്ടിക്കപ്പെട്ടതാണെന്ന് കരുതിയതാവാമെന്നാണ് പൊലിസ് പറയുന്നത്. തെറ്റിദ്ധാരണമൂലം ഉണ്ടായ അബദ്ധമായി കണ്ട് കേസ് അവസാനിപ്പിക്കാനാണ് പൊലിസ് തീരുമാനം.