പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമക്കേസിൽ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കും മറ്റ് ഏഴു പേർക്കും പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കരുതെന്നുള്ള പൊലിസ് റിപ്പോർട്ടിനെ അവഗണിച്ചാണ് ജില്ലാ സെഷൻസ് ജഡ്ജ് എൻ. ഹരികുമാർ അടൂർ നഗരസഭാ കൗൺസിലർ നസ്മൽ കാവിളയിൽ, യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ എന്നിവരും ഉൾപ്പെടെ എട്ടുപേർക്കും ജാമ്യം അനുവദിച്ചത്.
കുറ്റാരോപിതർക്ക് അഭിഭാഷകൻ വി.ആർ. സോജി ഹാജരായി. ജാമ്യവ്യവസ്ഥപ്രകാരം നാളെ ഇവർ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ബോണ്ട് എക്സിക്യൂട്ടീവ് ചെയ്യണം. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. സംഭവം നടന്ന അഞ്ചു മാസങ്ങൾക്ക് ശേഷമാണ് ശ്രീനാദേവി കുഞ്ഞമ്മയെയും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രാദേശിക നേതാക്കളെയും കേസിൽ പ്രതിചേർത്തതെന്ന് പ്രതിഭാഗം ചൂണ്ടികാട്ടി.
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത നടപടിക്രമങ്ങൾ പാലിക്കാതെ പ്രതികളുടെ പേരിൽ നടപടികൾക്കു തുനിയുന്നത് നിയമവിരുദ്ധമാണെന്നും ബോധിപ്പിച്ചു. മുൻ കൂർ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ശ്രമിച്ചപ്പോൾ ഇതിന് സഹായകമായ സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ജീപ്പ് തടഞ്ഞുള്ള അതിക്രമത്തിൽ പൊലിസുകാർക്കും പരിക്കേറ്റ കേസിൽ കണ്ടാലറിയുന്ന 20 പേരെയാണ് പ്രതിചേർത്തിരുന്നത്. ശ്രീനാദേവിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ജൂലൈ 11നുണ്ടായ സംഭവത്തിൽ ഷിബു ഉണ്ണിത്താൻ എന്നയാളെ മാത്രമാണ് പിന്നാലെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. ദൃശ്യം പുറത്തുവരികയും വലിയ ചർച്ചകൾക്കു വഴിവയ്ക്കുകയും ചെയ്തതോടെയാണ് പൊലിസ് കൂടുതൽ നടപടികളിലേക്കു കടന്നത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് അടുത്ത ദിവസംതന്നെ കോടതി ജാമ്യം നൽകുകയും ചെയ്തു. കേസിൽ പൊലിസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപിച്ച് പി. ജയരാജൻ പങ്കെടുത്ത് സിപിഎം അടൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.