കൽപ്പറ്റ: മുട്ടിൽ ചിലഞ്ഞിച്ചാലിൽ കർഷകരുടെ വാഴത്തോട്ടം നശിപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് പൊലിസിന് കൃഷിമന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി.സാമൂഹ്യവിരുദ്ധർ മൂർച്ചയുള്ള ആയുധം ആഴത്തിലിറക്കി 1300ലധികം വാഴകൾ നശിപ്പിച്ച ചിലഞ്ഞിച്ചാൽ പാറെപറന്പിൽ ജയിംസിന്റെയും കൊരലാടി ദേവകുമാറിന്റെയും കൃഷിയിടം മന്ത്രി സന്ദർശിച്ചു. കർഷകരിൽനിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ജില്ലാ പൊലിസ് മേധാവിയെയും ഡിവൈഎസ്പിയെയും ഫോണിൽ വിളിച്ച് കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർശന നിർദേശം നൽകി.
സാധാരണ കേസായി കാണാതെ സ്പെഷ്യൽ കേസായി പരിഗണിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.കർഷകരുടെ ഉപജീവനമാർഗത്തെയും വലിയ സാന്പത്തിക നിക്ഷേപത്തെയും തകർക്കുന്ന ഇത്തരം അതിക്രമങ്ങൾ ഒരിക്കലും പൊറുപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചോരയും നീരും കളഞ്ഞ് കർഷകർ നടത്തിയ അധ്വാനത്തിന്റെ കടയ്ക്കലാണ് സാമൂഹ്യവിരുദ്ധർ കത്തിവച്ചിരിക്കുന്നത്. ഒരു കാരണവശാലും സംഭവത്തിലെ പ്രതികൾ രക്ഷപ്പെടാൻ പാടില്ല. തന്റെ നിർദേശപ്രകാരം സംഭവസ്ഥലം സന്ദർശിച്ച പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ റിപ്പോർട്ട് ലഭിച്ച ഉടൻ ഇക്കാര്യത്തിൽ കൃഷി വകുപ്പ് തുടർനടപടികൾ സ്വീകരിക്കുമെന്നും കർഷകർക്ക് നീതി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജയിംസിന്റെയും ദേവകുമാറിന്റെയും ഉടമസ്ഥതയിലുള്ള തോട്ടത്തിലെ ഏകദേശം 3000 വാഴകളിൽ 1300ലധികം എണ്ണമാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിനശിപ്പിച്ചത്. വാഴത്തൈകളുടെ ഉൾഭാഗത്തേക്ക് ആയുധം ആഴത്തിൽ കുത്തിയിറക്കിയ നിലയിലായിരുന്നു.പാട്ടത്തിനെടുത്ത ഭൂമിയിൽ വായ്പയെടുത്തും മറ്റ് സാന്പത്തിക സ്രോതസുകൾ കണ്ടെത്തിയുമാണ് ഇരുവരും വാഴകൃഷി തുടങ്ങിയത്. അതാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.