തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിൽ ലഭ്യമായിരിക്കെ യൂണിറ്റിന് 11 രൂപയും 12.50 രൂപയും നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഈ ചോദ്യം ഏതൊരു പൗരനും ചോദിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ജനാധിപത്യ സർക്കാരിന് ഇത്തരം ചോദ്യങ്ങൾക്ക് ജനങ്ങളോട് മറുപടി പറയാൻ ബാധ്യതയുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. പ്രധാന അണക്കെട്ടുകളിൽ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ടായിട്ടും ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4-5 ദശലക്ഷം യൂണിറ്റിൽ ഒതുങ്ങി. പീക്ക് സമയത്തെ ഉത്പാദനം 700-800 മെഗാവാട്ട് മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം റെഗുലേറ്ററി കമ്മീഷന്റെ കണക്കുകൾ പ്രകാരം മേയ് അവസാനം വരെ കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽനിന്ന് പീക്ക് സമയത്ത് 1,900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര വിഹിതവും ദീർഘകാല കരാറുകളും മറ്റ് വൈദ്യുതി വാങ്ങലുകളും കൂടി പരിഗണിക്കുമ്പോൾ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേയെന്നും റിയാസ് ചോദിച്ചു.