കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരേ കെപിസിടിഎ പ്രക്ഷോഭത്തിലേക്ക്. യൂണിവേഴ്സിറ്റിയിലെ ഇടതു സിന്‍ഡിക്കറ്റ് രാഷ്ട്രീയ പക്ഷപാതം നിറഞ്ഞ ഭരണ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അധ്യാപകരുടെ പ്രമോഷനുകള്‍, ഗൈഡ്ഷിപ്പ് തുടങ്ങിയവ രാഷ്ട്രീയ കാരണങ്ങളാല്‍ തടഞ്ഞുവച്ചിരിക്കുകയാണ്. പരീക്ഷയുടെ തലേയാഴ്ചയാണു പാഠപുസ്തകം പുറത്തിറങ്ങുന്നത്. സിലബസിലുള്ള ഭാഗമല്ല പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്. ചോദ്യക്കടലാസുകള്‍ പാഠ്യപദ്ധതി ഉദ്ദേശ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നില്ല. യാതൊരു യുക്തിയും ഇക്കാര്യത്തില്‍ പാലിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയെങ്കിലും കൃത്യമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും നിയമപരമായും രാഷ്ട്രീയമായും സാധ്യമായ മാര്‍ഗങ്ങളെല്ലാം പ്രശ്നപരിഹാരത്തിന് തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാലുവര്‍ഷ ബിരുദം നടപ്പാക്കിയപ്പോള്‍ അധ്യാപകര്‍ക്ക് അധിക ജോലിഭാരം വന്നിട്ടുണ്ട്. ഇതു കൃത്യമായി കണക്കാക്കപ്പെടണം. വിദ്യാര്‍ഥികളുടെ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍, കോഴ്സ് രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ കോളജുകളിലും വിദ്യാര്‍ഥികളിലും ആശയക്കുഴപ്പം നിലനില്ക്കുന്നു.
നാലാം വര്‍ഷ ഗവേഷണ പ്രോജക്ടുകള്‍ക്ക് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങളും സാമ്പത്തിക സഹായവും പല കോളജുകളിലും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഗ്രാന്റ് അല്ലെങ്കില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിവിധ കാരണങ്ങള്‍ പറഞ്ഞു കോളജുകളുടെമേല്‍ അമിത പിഴ ഈടാക്കുന്നുമുണ്ട്. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം.
പത്രസമ്മേളനത്തില്‍ കെപിസിടിഎ മേഖലാ പ്രസിഡന്റ് ഡോ. ജോബിന് ജോസ് ചാമക്കാല, സെക്രട്ടറി ഡോ. എസ്. സെല്വന്, ലെയ്സണ്‍ ഓഫീസര്‍ ഡോ. കെ.എസ്. ഗ്രേസി എന്നിവര്‍ പങ്കെടുത്തു.