തകർച്ചാ ഭീഷണിയിലായ വീതി കുറഞ്ഞ വലിയ കലുങ്കിൽ ലോഡുമായി കയറുന്ന ടിപ്പർ ലോറി
വൈക്കം: തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ്- മാക്കേക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതിനെ തുടർന്ന് ഗതാഗത തിരക്ക് പതിൻമടങ്ങായതോടെ നേരേകടവ്- ഉദയനാപുരം റോഡിലെ വലിയകലുങ്ക് തകർച്ചാ ഭീഷണിയിൽ. അറുപത് വർഷത്തിലധികം പഴക്കമുള്ള കലുങ്ക് പാലം കാലപ്പഴക്കത്താൽ ജീർണിച്ച് തകർച്ചാ ഭീഷണിയിലാണ്.
ഈ കലുങ്കിന്റെ ഇരുവശത്തേയും സമീപനറോഡ് ഇടിഞ്ഞുതാണിരികുകയാണ്. വാഹന ഗതാഗതം വർദ്ധിച്ചതോടെ ഇവിടെ കടുത്ത പൊടി ശല്യവുമുണ്ട്. റോഡരികിൽ താമസിക്കുന്നവരും വഴിയാത്രികരും വ്യാപാരികളുമൊക്കെ പൊടിശല്യത്താൽ വലയുകയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് സമീപന റോഡിൽ രണ്ടു തവണ വൻ ഗർത്തം രൂപപ്പെട്ടത് വാഹന ഗതാഗതം ദുഷ്കരമാക്കിയിരുന്നു. ലോഡുമായി വലിയടോറസുകളും ടിപ്പർ ലോറികളും നിരന്തരം ഓടുന്നതിനാൽ കഷ്ടിച്ച് മൂന്നര മീറ്റർ മാത്രം വീതിയുള്ള തകർച്ചാ ഭീഷണിയിലായ കലുങ്ക് പാലം തകർന്നടിയുമെന്ന ആശങ്കയിലാണ് നേരേകടവ് നിവാസികൾ. പാലമിറങ്ങുന്ന വാഹനങ്ങൾ കലുങ്കിന്റെ ഇടിഞ്ഞുതാണ സമീപന റോഡിലേക്ക് വലിയ ശബ്ദത്തോടെയാണ് പതിക്കുന്നത്. വാഹനങ്ങൾ പാലത്തിലേക്ക് ഇടിച്ചാണ് കയറുന്നത്.
ഈ പാലം തകർന്നാൽ നേരേകടവ്, കരിയിൽ ഭാഗങ്ങളിലുള്ള 500 ഓളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം അടഞ്ഞ് പ്രദേശവാസികൾ ഒറ്റപ്പെടും. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള ഉദയനാപുരം- നേരേ കടവ് റോഡിന്റെ ഒന്നര കിലോമീറ്ററോളം സമാന്തരമായി ഒഴുകുന്ന നാട്ടുതോടാണ്. പുറം ലോകവുമായി ബന്ധപ്പെടണമെങ്കിൽ പ്രദേശവാസികൾക്ക് ഉദയനാപുരത്തെത്തണം.
ഇതേ റോഡിൽ വലിയ കലുങ്കിന് പുറമേ മറ്റ് രണ്ടു കലുങ്കു പാലങ്ങൾകൂടിയുണ്ട്. ഈപാലങ്ങൾക്കും അറുപത് വർഷത്തോളം പഴക്കമുണ്ട്. ഭാരവണ്ടികളടക്കം നിരന്തരം ഓടുന്നതിനെ തുടർന്ന് തോടിനോട് ചേർന്നു കിടക്കുന്ന ഉയരമില്ലാത്ത റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴുകയാണ്. നാലുമീറ്റർ വീതിയുള്ള റോഡിൽ ടോറസും ടിപ്പർ ലോറികളും വരുമ്പോൾ കാറടക്കമുള്ള ചെറിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.
കലുങ്ക് പാലം തകർന്ന് നേരേകടവ് നിവാസികളുടെ ഏകയാത്രാമാർഗം അടയാതിരിക്കാൻ ഭാരവണ്ടികൾ നിരോധിക്കണമെന്നും തകർച്ചാ ഭീഷണിയിലായ കലുങ്കുകൾ വീതികൂട്ടി പുനർനിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nerekadavu-Udayanapuram road Nattuvishesham DistrictNews