എടത്വ-തകഴി സംസ്ഥാന പാതയില്‍ ചെക്കിടിക്കാട് മില്‍മ ജംഗ്ഷന് സമീപത്തെ റോഡില്‍ കുഴി രൂപപ്പെട്ട സ്ഥലത്ത് നാട്ടുകാര്‍ വാഴനട്ട നിലയില്‍.
എടത്വ: സംസ്ഥാന പാതയില്‍ പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴി അടച്ചില്ല. നാട്ടുകാര്‍ വാഴനട്ട് സംരക്ഷണം ഒരുക്കി. തിരക്കേറിയ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ചെക്കിടിക്കാട് മില്‍മ ജംഗ്ഷന് സമീപത്തെ റോഡിലാണ് നാട്ടുകാര്‍ വാഴനട്ട് സംരക്ഷണം ഒരുക്കിയത്. ഒരു വര്‍ഷത്തിന് മുന്‍പ് റോഡിന് കുറുകെ വലിച്ച പൈപ്പ് ലൈന്‍ റോഡിന്റെ മധ്യത്തോട് ചേര്‍ന്ന് പൊട്ടിയിരുന്നു.
ഇതേ തുടര്‍ന്ന് റോഡ് തുരന്ന് പൈപ്പിന്റ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ടാറിംഗ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ടാറിംഗ് ആറ് മാസം പോലും നീണ്ടുനിന്നില്ല. അറ്റകുറ്റപണി നടത്തിയ ഭാഗത്തെ ടാറിംഗ് ഇളകി മാറുകയും ഒരു മീറ്ററിലേറെ വീണ്ടും കുഴി രൂപപ്പെടുകയും ചെയ്തു. ഈ ഭാഗത്ത് വാഹന അപകടം നിരന്തരമായതോടെ ജനങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പിഡബ്ല്യുഡി അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല.
ദിവസവും ഒന്നിലേറെ അപകടങ്ങളാണ് ഈ സ്ഥലത്ത് നടക്കുന്നത്. നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കുഴിയുടെ സമീപത്തെ പിഡബ്ല്യുഡി സ്ഥാപിച്ച സ്ഥലപ്പേര് ബോര്‍ഡ് പോലും തകര്‍ന്നിട്ടുണ്ട്. മഴ പെയ്യുമ്പോഴാണ് അപകടം അധികവും നടക്കുന്നത്. നിര്‍മാണത്തിലെ അപാകത മൂലം റോഡിന്റെ മുക്കാല്‍ ഭാഗത്തിലേറെ ഒരടിയോളം വെള്ളത്തില്‍ മുങ്ങും.
ഇതോടെ വെള്ളം കയറി കുഴി മൂടുകയും യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെ വാഹനങ്ങള്‍ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റുന്നതും അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ചയാണ്. വെള്ളക്കെട്ട് മൂലം റോഡിന്റെ വടക്കേ ഭാഗത്തുള്ള അഞ്ചോളം കുടുംബങ്ങളും ദുരിതത്തിലാണ്.
ഓട നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ചിരുന്നു.
മഴ സീസണില്‍ അപകടം കൂടുതല്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നാട്ടുകാര്‍ റോഡില്‍ വാഴ നട്ടത്. അടിയന്തരമായി കുഴി അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വെള്ളം ഒഴുക്കിവിടാനുള്ള ഓട നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Ambalappuzha–Thiruvalla state highway Nattuvishesham DistrictNews