പെർള (കാസർഗോഡ്): കാടിനു നടുവിൽ കല്ലും മരവും കൊണ്ട് നിർമിച്ച് മുകളിൽ ഷീറ്റിട്ട ഒരു കെട്ടിടം. സിമന്റ് തേയ്ക്കാത്ത ചുവരുകളും മരം കൊണ്ടുള്ള അഴിക്കൂടുമെല്ലാം ചേർന്ന ഈ കെട്ടിടത്തിന് 75 വർഷത്തിലേറെ പഴക്കമുണ്ട്. ഇതിലാണ് എൻമകജെ പഞ്ചായത്തിലെ പദ്രെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.
മറ്റിടങ്ങളിൽനിന്ന് ഇവിടെയെത്തുന്നവർക്ക് 2026ൽനിന്ന് പെട്ടെന്ന് 1950 കളിലേക്ക് എത്തിപ്പെട്ടതുപോലെ തോന്നാം. കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ നടന്നാണ് ഇവിടെയെത്തേണ്ടത്. കെട്ടിടത്തിൽ വൈദ്യുതി കണക്ഷനോ ലൈറ്റുകളോ ഫാനുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഒന്നുമില്ല. സമീപപ്രദേശങ്ങളിൽ വീടുകളുണ്ടെങ്കിലും ഓരോന്നിനുമിടയിൽ നല്ല ദൂരമുണ്ട്. കുരങ്ങുകളും പാമ്പുകളും കാട്ടുപന്നികളുമൊക്കെ ഇവിടെ പതിവു കാഴ്ചയാണ്. ഒരു ഭാഗത്ത് വനമേഖലയും മറ്റൊരു ഭാഗത്ത് പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടവുമാണ്. ഏതാനും കിലോമീറ്റർ മുന്നോട്ടുപോയാൽ കർണാടകയിലെത്താം.
350ഓളം വീടുകളാണ് ഈ പോസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ളത്. സാധാരണ കത്തുകൾക്കു പുറമേ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് എന്നിവ അയയ്ക്കാനും സ്വീകരിക്കാനും ഇവിടെ സൗകര്യമുണ്ട്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. വൈദ്യുതിയോ ഇന്റർനെറ്റോ ഇല്ലാത്തതിനാൽ എല്ലാം പേനകൊണ്ട് എഴുതിയാണ് ചെയ്യുന്നതെന്നു മാത്രം. ഇക്കാലത്തും പേനകൊണ്ടെഴുതി ഇരുമ്പിന്റെ സീൽ പതിച്ച പഴയ തപാൽ രശീതുകൾ കിട്ടണമെങ്കിൽ ഇവിടെ വന്ന് രജിസ്റ്റേർഡ് പോസ്റ്റും സ്പീഡ് പോസ്റ്റും ബുക്ക് ചെയ്താൽ മതി. ഇവിടെ ബുക്ക് ചെയ്യുന്ന സാധനങ്ങൾ പെർളയിലെ സബ് പോസ്റ്റ് ഓഫീസിൽ എത്തിച്ച് അവിടെവച്ചാണ് തപാൽ വകുപ്പിന്റെ ഇന്റർനെറ്റ് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത്.
സേവിംഗ്സ് ബാങ്കിൽ പണമടച്ചാലും അതിന്റെ രേഖകൾ പെർളയിൽ കൊണ്ടുപോയി കംപ്യൂട്ടറിൽ ചേർക്കും. പെൻഷൻ വിതരണത്തിനുള്ള മണിയോർഡറുകളും പെർളയിൽനിന്ന് ഇവിടെയെത്തിക്കുന്നുണ്ട്. ഒരു പോസ്റ്റ് മാസ്റ്ററും ഒരു പോസ്റ്റുമാനുമാണ് ഇവിടെ ജോലിചെയ്യുന്നത്. പകൽസമയത്ത് കെട്ടിടത്തിൽ നല്ല വെളിച്ചമുള്ളതുകൊണ്ട് അവർക്ക് എഴുത്തുജോലികൾ ചെയ്യാൻ വിഷമമില്ല. മഴക്കാലത്ത് മിക്കപ്പോഴും വിളക്ക് വേണ്ടിവരും. തണുപ്പുകാലത്ത് രാവിലെ ഇവിടം മുഴുവനും കോടമഞ്ഞ് മൂടിക്കിടക്കുന്നതും പതിവാണെന്ന് ജീവനക്കാർ പറയുന്നു.
വർഷങ്ങളോളം ഇവിടെ പോസ്റ്റ് മാസ്റ്ററായി ജോലിചെയ്തിരുന്ന രാമകൃഷ്ണ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇപ്പോഴും 250 രൂപയാണ് ഇതിന് മാസവാടകയായി തപാൽവകുപ്പ് നൽകുന്നത്. സമീപപ്രദേശമായ കാട്ടുകുക്കെ സ്വദേശിയായ ജഗദീഷ് ആണ് ഇപ്പോഴത്തെ പോസ്റ്റ് മാസ്റ്റർ. മലയാളിയായ ശിവറാം ആണ് പോസ്റ്റുമാൻ.
പ്രദേശത്തെ സംസാരഭാഷകൾ കന്നഡയും തുളുവും ആയതിനാൽ ആദ്യകാലങ്ങളിൽ ജോലിചെയ്യാൻ ഏറെ വിഷമിച്ചിരുന്നതായി ശിവറാം പറയുന്നു. എങ്കിലും മിക്ക ആളുകൾക്കും അല്പാല്പം മലയാളം അറിയുന്നതാണ് തുണയായത്.
വൈദ്യുതിയും ഇന്റർനെറ്റുമടക്കമുള്ള സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്ക് ഈ പോസ്റ്റ് ഓഫീസ് മാറ്റാൻ വർഷങ്ങൾക്കു മുമ്പേ തപാൽവകുപ്പ് ശ്രമം തുടങ്ങിയതാണ്. എന്നാൽ, നാട്ടുകാരുടെ എതിർപ്പാണ് പ്രശ്നമായത്.
കാടിനു നടുവിൽ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് ആകെയുള്ള പൊതുസ്ഥാപനമായ പോസ്റ്റ് ഓഫീസിനെക്കൂടി മറ്റിടങ്ങളിലേക്കു മാറ്റാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. എന്നാൽ, കാലം ഒരുപാട് മാറുമ്പോൾ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ഈ കെട്ടിടത്തിൽ ഇനിയും എത്രനാൾ ഈ സ്ഥാപനം തുടർന്നുകൊണ്ടുപോകാൻ കഴിയുമെന്നാണ് തപാൽവകുപ്പ് അധികൃതരുടെ ചോദ്യം.
സമീപത്തെ വീടുകളിൽ വൈദ്യുതി കണക്ഷൻ ഉള്ളതാണ്. കെട്ടിടത്തിന്റെ അപര്യാപ്തത മൂലമാണ് ഇവിടെ കണക്ഷൻ നൽകാൻ കഴിയാത്തത്. അടുത്തെവിടെയെങ്കിലും തന്നെ അത്യാവശ്യം സൗകര്യമുള്ള ഒരു കെട്ടിടം കിട്ടിയാൽ പോസ്റ്റ് ഓഫീസ് അങ്ങോട്ടു മാറ്റാമെന്നാണ് തപാൽ വകുപ്പ് അധികൃതരുടെ നിർദേശം.