വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ ആക്രമണം ഇന്നലെ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അറബ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് ആക്രമണം നീട്ടിവച്ചതായും അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഖത്തർ, സൗദി, യുഎഇ രാജ്യങ്ങളാണ് അഭ്യർഥന നടത്തിയത്.
അമേരിക്കയ്ക്കു സ്വീകാര്യമായ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയാറായേക്കുമെന്നാണ് തനിക്കു ലഭിച്ച വിവരമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇറാൻ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ല. അണ്വായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയുന്ന കരാറിൽ അമേരിക്ക സംതൃപ്തയാകും.
ഇറാൻ കരാറിനു തയാറായില്ലെങ്കിൽ അമേരിക്കയുടെ വൻ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി. കുറച്ചുനാൾ മുന്പ്, പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരം ഇറാനെതിരായ ആക്രമണം നീട്ടിവച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനുള്ള സമയം തീരുകയാണെന്നു കഴിഞ്ഞദിവസവും അദ്ദേഹം പറയുകയുണ്ടായി.