Movies
ബാഹുബലി യൂണിവേഴ്സിലേക്ക് പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കൾ. ബാഹുബലി– ദ് എറ്റേണൽ വാർ എന്ന ആനിമേറ്റഡ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളിലായാകും പുതിയ ചിത്രം എത്തുക.
സ്റ്റാർ വാർസ്: വിഷൻസ്, ദ് ബൻഡിറ്റ്സ് ഓഫ് ഗോലാക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇഷാൻ ശുക്ലയാണ് ബാഹുബലി– ദ് എറ്റേണൽ വാർ സംവിധാനം ചെയ്യുന്നത്.
ബാഹുബലി സിനിമയിലെ നിർണായക സംഭവങ്ങൾക്ക് പിന്നാലെ നടക്കുന്ന കഥയാണ് ആനിമേഷൻ സിനിമ പറയുന്നത്. അമരേന്ദ്ര ബാഹുബലിയുടെ മരണ ശേഷമുള്ള സംഭവങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.
Movies
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്.
മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സാണ്.
പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. എ ബറ്റാലിയൻ ഹു വോക്സ് എലോൺ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു.
സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്.
പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്യാന്തര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.
1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി ഐഎസ്സി, സംഗീതം വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ അനിൽ വിലാസ് ജാദവ്, വരികൾ കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ പ്രേം രക്ഷിത്, വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, ടി. വിജയ് ഭാസ്കർ, വിഎഫ്എക്സ് ആർ.സി. കമല കണ്ണൻ, സൗണ്ട് ഡിസൈനർ കെ. ജയ് ഗണേഷ്, സൗണ്ട് മിക്സ് എ.എം. റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ–ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ ശബരി.
Movies
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിംഗ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്റെ ഹൊറർ ഫാന്റസി ത്രില്ലർ രാജാസാബിന്റെ അമ്പരപ്പിക്കുന്ന ലൊക്കേഷൻ വിശേഷങ്ങള്‍ പുറത്ത്.
ടി.ജി. വിശ്വപ്രസാദ് നിർമിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്നത് 42000 ചതുരശ്ര അടി വലിപ്പമുള്ള കൂറ്റൻ പ്രേതക്കൊട്ടാരത്തിലാണ്.
തലശേരിക്കാരനായ രജീവൻ നമ്പ്യാരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രേതക്കൊട്ടാരത്തിന്റെ മാതൃകയിൽ ഈ വമ്പൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ഹൈദരാബാദിലെ വിവിധയിടങ്ങളിലായി മുപ്പതോളം സെറ്റുകളാണ് ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാർ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ ഉദയനാണ് താരം, കാണ്ടഹാർ എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നയാളാണ് രാജീവൻ നമ്പ്യാർ. 1994 മുതൽ സിനിമാലോകത്തുള്ള അദ്ദേഹം തമിഴിൽ കാക്ക കാക്ക, വേട്ടയാട് വിളയാട്, വല്ലവൻ, സില്ലിന് ഒരു കാതൽ, ഭീമ, വാരണം ആയിരം, അയൻ, വിണ്ണൈത്താണ്ടി വരുവായ, പയ്യ, ഏഴാം അറിവ്, അഞ്ചാൻ, ജില്ല, കാശ്മോര തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും തെലുങ്കിൽ നാൻ പേര് സൂര്യ, ധ്രുവ, ഗ്യാംഗ് ലീഡർ, സെയ്റാ നരസിംഹ റെഡ്ഡി, വക്കീൽ സാബ് തുടങ്ങിയ നിരവധി സിനിമകളിലും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.
മലയാളത്തിൽ ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന സിനിമയും അഖിൽ സത്യൻ - നിവിൻ പോളി സിനിമയുമാണ് അടുത്തതായി രാജീവൻ നമ്പ്യാരുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
ചെയ്യുന്ന എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട്, രാജാസാബിൽ ഗോസ്റ്റ് എലമെന്റ് കൊണ്ട് വരാൻ വേണ്ടി നിറം, ആകൃതി അങ്ങനെ എല്ലാം വ്യത്യസ്തമാക്കിയാണ് ചെയ്തത്.
ഭിത്തികള്‍ക്ക് കോർണറുകള്‍ കൊടുക്കാതെ കർവ്ഡ് ആക്കിയാണ് ചെയ്തത്, ഒരു ഗോസ്റ്റ്ലി ഫീൽ കിട്ടാൻ വേണ്ടിയിട്ടാണത്. മൂന്ന് മാസത്തോളമെടുത്തായിരുന്നു ഡിസൈൻ പൂർത്തിയാക്കിയത്.
രണ്ടരമാസത്തോളമായി 1200-ഓളം പേരുടെ അധ്വാനം ഈ സെറ്റ് ഒരുക്കിയതിന് പിന്നിലുണ്ട്. സെറ്റ് കണ്ട ശേഷം പ്രഭാസ് ഏറെ എക്സൈറ്റഡ് ആയിരുന്നു. രാജീവൻ നമ്പ്യാർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ-ഫാന്റസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ക്ഷണിക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് സെറ്റ് സന്ദർശിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.
ഫാമിലി എന്റർടെയ്നറായെത്തിയ പ്രതി റോജു പാണ്ഡഗെ, റൊമാൻ്റിക് കോമഡി ചിത്രമായ മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്.
സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഡിസംബർ അഞ്ചിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്.
വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്.എൻ. കെ, പി.ആർ.ഒ. ആതിര ദിൽജിത്ത്.