Health
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ.
മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.
രോഗ ലക്ഷണങ്ങൾ
ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും സ്തനങ്ങളിലും കക്ഷങ്ങളിലും ഉണ്ടാകുന്ന തടിപ്പുകൾ അവഗണിക്കരുത്. എന്നാൽ എല്ലാ മുഴകളും കാൻസർ ലക്ഷണം അല്ലെന്നും ഓർക്കുക.
അസാധാരണമായ രക്തസ്രാവം- കഫം, മൂത്രം, മലം, ഛർദി എന്നിവയിൽ രക്തം പോയാൽ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കണം. മലം കറുത്ത നിറത്തിൽ പോയാലും വൈദ്യോപദേശം തേടണം.
അസാധാരമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും സ്തനങ്ങളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ.
ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക, ചാർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടു നിൽക്കുന്ന ചുമ, ഛർദി, പനി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഏതു രോഗവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. ആരംഭത്തിൽ ചികിത്സിച്ചാൽ കാൻസർ പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.
കാൻസറിന് സമാനമായ ലക്ഷണത്തോടു കൂടി മറ്റു രോഗങ്ങളും ഉണ്ട്. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുകയാണെങ്കിൽ കാൻസർ രോഗത്തെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും സാധിക്കും.
Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവൽക്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നു.
കാൻസറിന്റെ തരം, ഘട്ടം...
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് രോഗാവസ്ഥയും മരണനിരക്കും വ്യത്യാസപ്പെടുന്നു.
സ്റ്റേജ് 1 പോലെയുള്ള പ്രാരംഭ-ഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്. അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നേരത്തേ കണ്ടെത്തിയാൽ...
നേരത്തെയുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്. ഘട്ടം 1 ൽ കാൻസർ കണ്ടെത്തുമ്പോൾ, പൂർണമായ വീണ്ടെടുക്കലിനുള്ള ഉയർന്ന സാധ്യതയും കുറഞ്ഞ പാർശ്വഫലങ്ങളുമാണുള്ളത്.
ഇതിനു വിപരീതമായി, വികസിത-ഘട്ട കാൻസർ (ഘട്ടം 4) പലപ്പോഴും മെറ്റാസ്റ്റാസിസ് (വ്യാപനം) ഉൾക്കൊള്ളുന്നു. ഇതു ചികിത്സിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും മൊത്തത്തിലുള്ള അതിജീവന നിരക്ക് കുറയുകയും ചെയ്യുന്നു.
നേരത്തെയുള്ള കണ്ടുപിടിത്തം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്,
ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം.
ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ…
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.
ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കുന്നതായി കാണാം.
ഇത് മുൻകൂട്ടി കണ്ട്, രോഗവ്യാപനം തടയുന്നതിനുള്ള സമഗ്രമായ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. കൊതുകുകളുടെ പ്രജനനം തടയുന്നതിന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വീടുകളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നത് പരമപ്രധാനമാണ്. വ്യക്തിശുചിത്വം പാലിക്കുന്നതും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനിയുമായി സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. കഠിനമായ പനി, പേശിവേദന, സന്ധിവേദന, തലവേദന, ഛർദ്ദി, ക്ഷീണം, കണ്ണുകൾക്ക് പിന്നിൽ വേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും താമസിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തി വൈദ്യസഹായം തേടണം. സ്വയം ചികിത്സ ഒഴിവാക്കുകയും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ കഴിക്കുകയും ചെയ്യുക.