ന്യൂഡൽഹി: "അതീവ ഗൗരവതരമായ മുന്നറിയിപ്പ്’ -ഇന്നലെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു ഫോണുകളിൽ ഇംഗ്ലീഷിൽ സന്ദേശമായി വന്ന മുന്നറിയിപ്പാണിത്. സൈറണോടെയോ വൈബ്രേഷനോടെയോ ഈ സന്ദേശം ലഭിച്ച മൊബൈൽ ഉപയോക്താക്കൾ ആദ്യമൊന്നു പകച്ചു.
സന്ദേശത്തിന്റെ താഴെയായി "സന്ദേശം ലഭിക്കുന്ന പൊതുസമൂഹം നടപടികളൊന്നും കൈക്കൊള്ളേണ്ടതില്ലെന്നും ഇതൊരു പരീക്ഷണസന്ദേശമാണെന്നും’ എഴുതിയിരുന്നത് വായിച്ചപ്പോഴാണ് ആശ്വാസമായത്. ഇന്നലെ രാവിലെ 11.30ന് ശേഷം രാജ്യത്തുടനീളമുള്ള ഫോണുകളിൽ ഒരേസമയം ഈ അടിയന്തര സന്ദേശം നൽകിയതിലൂടെ ദുരന്തങ്ങൾക്ക് ഫോണുകളിലൂടെ മുന്നറിയിപ്പ് നൽകുന്ന പുത്തൻ സംവിധാനം ആവിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
പ്രകൃതിദുരന്തങ്ങൾ മുതൽ പൊതുസുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ വരെയുള്ള ദുരന്തങ്ങളിൽനിന്ന് ഒരു നിശ്ചിത പ്രദേശത്തെ എല്ലാ മൊബൈല് ഫോണുകളിലേക്കും ഒരേസമയം ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഈ അടിയന്തര മുന്നറിയിപ്പ് സംവിധാനം. കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് വികസിപ്പിച്ചെടുത്ത "സചേത്’ എന്നപേരിലുള്ള സംവിധാനം സെൽ ബ്രോഡ്കാസ്റ്റ് മുന്നറിയിപ്പ് സംവിധാനമായാണു പ്രവർത്തിക്കുന്നത്.
എസ്എംഎസ് സംവിധാനത്തിൽനിന്നു വിഭിന്നമായുള്ള സെൽ ബ്രോഡ്കാസ്റ്റ് സംവിധാനം ഏതു ഫോണ് സെറ്റിംഗ്സിലും ഉച്ചത്തിലോ വൈബ്രേഷനിലോ ഉള്ള മുന്നറിയിപ്പുസന്ദേശമായി പ്രവർത്തിക്കും. ഫോണ് സൈലന്റ് മോഡിലാണെങ്കില്പ്പോലും വലിയ ശബ്ദത്തോടെയുള്ള അലാറം മുഴങ്ങിയതിനു ശേഷമാകും സന്ദേശങ്ങള് ലഭിക്കുക. ദുരന്തങ്ങളുണ്ടാകുന്പോൾ തടസങ്ങളില്ലാതെ ജനങ്ങളെ യഥാസമയം ജാഗരൂകരാക്കാൻ സർക്കാരിന് ഈ സന്ദേശത്തിലൂടെ കഴിയുന്നു.
രാജ്യത്തെമ്പാടുമുള്ള മൊബൈല് ഫോണ് ഉപഭോക്താക്കള്ക്ക് വരും ദിവസങ്ങളിലും പ്രത്യേക അപായ സന്ദേശങ്ങള് ലഭിച്ചാല് പരിഭ്രാന്തി വേണ്ടെന്ന് അധികൃതര് അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി കൂടാതെ പ്രാദേശിക ഭാഷകളിലും സന്ദേശങ്ങള് ലഭിച്ചേക്കാം.
ഇതിനോടകം തന്നെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം പ്രവര്ത്തനസജ്ജമായിട്ടുണ്ട്. ഭാവിയില് സുനാമി, ഇടിമിന്നല്, വാതകചോര്ച്ച തുടങ്ങിയ വിപത്തുകളെക്കുറിച്ച് കൃത്യസമയത്ത് ജനങ്ങള്ക്കു വിവരം നല്കാന് ഈ സംവിധാനം ഉപകരിക്കും.
ഫോണില് അലാറം മുഴങ്ങുകയോ സന്ദേശം വരികയോ ചെയ്താല് അത് അവഗണിക്കണമെന്നും പരിഭ്രാന്തരായി മറ്റുള്ളവരെ തെറ്റായ വാര്ത്തകള് അറിയിക്കരുതെന്നും ടെലികോം വകുപ്പ് അഭ്യര്ഥിച്ചു.
Tags : Don't panic Disaster prevention alerts mobile phones