കൊച്ചി: എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ നയങ്ങളില്‍നിന്നും പ്രകടന പത്രികയില്നിന്നും പിന്നാക്കം പോകുന്നതാകരുത് വി.ഡി. സതീശൻ സർക്കാരിന്റെ മദ്യനയമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി. ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍നിന്നു കള്ളുഷാപ്പുകളെയും മറ്റു മദ്യശാലകളെയും ഒഴിവാക്കരുത്.
മദ്യനയത്തിന് പൊതുസമൂഹത്തില്‍നിന്നും സംഘടനകളില്‍നിന്നുമുള്ള അഭിപ്രായരൂപീകരണം സ്വാഗതാര്‍ഹമാണ്. എന്നാലത് വോട്ടെടുപ്പുപോലെയാകരുത്. നയരൂപീകരണത്തില്‍ പ്രത്യാഘാത പഠനംകൂടി നടത്തണം. ഇരകളുടെയും അവരുടെ ആശ്രിതരുടെയും അനുഭവങ്ങളെയും അഭിപ്രായങ്ങളെയുംകൂടി പരിഗണിക്കണം. ഡി-അഡിക്ഷന് സെന്ററുകളില്‍നിന്നും ആതുരാലയങ്ങളില്‍നിന്നും പൊലിസ്-എക്സൈസ്-ജയില്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുമുള്ള യഥാര്‍ഥ റിപ്പോര്‍ട്ടുകളും മുഖവിലയ്ക്കെടുക്കണം.
സമ്പൂര്‍ണ മദ്യനിരോധന നടപടികളുടെ തുടര്‍ച്ചയാകണം പുതിയ മദ്യനയം. ബെവ്കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകള് ഓരോ വര്‍ഷവും പത്തു ശതമാനം വീതം കുറയ്ക്കണം. ബാറുകള്‍ ഉള്‍പ്പടെ പുതിയ മദ്യശാലകളൊന്നും അനുവദിക്കരുത്.
ബാറുകളുടെ സമയപരിധി രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെ ചുരുക്കണം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് നല്‍കിയിരിക്കുന്ന ഇളവുകള്‍ പിന്‍വലിക്കണം.
വിനോദസഞ്ചാരത്തിന്റെ പേരുപറഞ്ഞ് മദ്യത്തെ പ്രോത്സാഹിപ്പിക്കരുത്. കള്ളുഷാപ്പുകളില്‍ കൃത്രിമ കള്ളുത്പാദിപ്പിച്ച് വിതരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കണം.
കള്ളുഷാപ്പുകള്‍ ഹോട്ടലുകളായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതുള്‍പ്പടെയുള്ള 2025-26 ലെ മദ്യനയം പിന്‍വലിക്കണം.
മദ്യത്തിനും മാരക ലഹരികള്ക്കുമെതിരേ ശക്തമായ പ്രതികരണങ്ങള്‍ക്കും ബോധവത്കരണത്തിനും ചികിത്സകള്‍ക്കുമായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കത്തക്ക വിധം ഓപ്പറേഷന് ലൈറ്റ്നിംഗ് പദ്ധതി കെസിബിസി മദ്യവിരുദ്ധ സമിതി പ്രഖ്യാപിച്ചു.
മദ്യം നല്‍കുകയും ബെവ്കോ പോലുള്ള സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് 25 ശതമാനം ബോധവത്കരണത്തിന് നല്‍കുകയും എക്സൈസ് വകുപ്പ് ബോധവത്കരണം നടത്തുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും കെസിബിസി ടെമ്പറന്‍സ് കമ്മിഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയില്‍, സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍ എന്നിവര്‍ പറഞ്ഞു.