എവർമാൻ (ടെക്സാസ്): പരിചയക്കാരിയായ സ്ത്രീയെ വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിക്കാൻ മറ്റൊരാളെ ക്വട്ടേഷൻ നൽകിയ കേസിൽ മുൻ ഡപ്യൂട്ടി ഫയർ ചീഫ് ജോയൽ ജോൺസിന് (54) ജീവപര്യന്തം തടവുശിക്ഷ. യുഎസിലെ ടാരന്റ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ജോൺസ് കുറ്റം സമ്മതിച്ചിരുന്നു.
2025 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയുമായുണ്ടായ വ്യക്തിവിരോധത്തെ തുടർന്നാണ് ജോൺസ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനായി ടൊബാസിയ ഗ്രിഫിത്ത്സ് (31) എന്നയാളെ വാടകയ്ക്കെടുക്കുകയായിരുന്നു. സ്ത്രീയുടെ സമ്മതത്തോടെയാണ് സംഭവം നടക്കുന്നതെന്ന് അവകാശപ്പെട്ടാണ് ഗ്രിഫിത്ത്സിനെ ജോൺസ് ഇതിനായി നിയോഗിച്ചത്.
സംഭവത്തിന്റെ ഓഡിയോ റെക്കോർഡ് ചെയ്യാനും അക്രമിയോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.Advertisementസംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായി ജോൺസ് സന്ദേശം അയച്ച് അറിയിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ഗ്രിഫിത്ത്സ് തിരിച്ചറിഞ്ഞത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കോടതിയിൽ കുറ്റം സമ്മതിച്ച ഗ്രിഫിത്ത്സിന് കഴിഞ്ഞ മേയ് മാസത്തിൽ 10 വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചിരുന്നു. ജോൺസിന് ജീവപര്യന്തം തടവ് വിധിച്ചതോടെ കേസിലെ നടപടികൾ പൂർത്തിയായി.