Business
പരവൂർ: ബാങ്കുകളിൽനിന്നും ഇതര സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളാമെന്ന വ്യാജവാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ റിസർവ് ബാങ്ക് (ആർബിഐ) പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകാരുമായി യാതൊരുവിധ ഇടപാടുകളും നടത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
വിവിധ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇത്തരം സംഘങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ അതീവ ഗൗരവത്തോടെയാണ് റിസർവ് ബാങ്ക് കാണുന്നത്.
തട്ടിപ്പ് രീതികൾ ഇങ്ങനെ:
വായ്പ എഴുതിത്തള്ളിയെന്ന വ്യാജേന ‘കടം എഴുതിത്തള്ളൽ സർട്ടിഫിക്കറ്റുകൾ’ അല്ലെങ്കിൽ സമാനമായ രേഖകൾ നൽകി വഞ്ചിക്കുന്നു. ഫീസ് പിരിക്കൽ: സേവന നികുതിയെന്നോ നിയമപരമായ ചെലവുകളെന്നോ പറഞ്ഞ് വലിയ തുകകൾ ഫീസായി ഈടാക്കുന്നു.
സർക്കാർ വായ്പകൾ എഴുതിത്തള്ളിയെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.
ഇത്തരം സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു നിയമപരമായ അധികാരവുമില്ലെന്ന് ആർബിഐ വ്യക്തമാക്കി. ഇവരുമായി സഹകരിക്കുന്നത് വായ്പക്കാർക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതിനൊപ്പം നിയമപരമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കും.
വായ്പകളുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങൾക്കും അതത് ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ നേരിട്ട് സമീപിക്കണമെന്ന് ആർബിഐ നിർദേശിച്ചു. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെയോ മറ്റ് നിയമ നിർവഹണ ഏജൻസികളെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിരതയെയും നിക്ഷേപകരുടെ താത്പര്യങ്ങളെയും ബാധിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി തുടരുമെന്നും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു.
National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.