കൊച്ചി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടത്തില് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. യഥേഷ്ടം മദ്യശാലകള്ക്ക് അനുമതി നല്കുന്ന സര്ക്കാരും കേസിലെ കൂട്ടുപ്രതിയാണെന്നും കെസിബിസി ആരോപിച്ചു.
വോട്ടവകാശത്തിനും ഡ്രൈവിംഗ് ലൈസന്സ് ലഭിക്കാനും 18 വയസ് എന്ന പരിധി വയ്ക്കുമ്പോള് കുറ്റകൃത്യങ്ങളില് പെടുന്നവര്ക്ക് കടുത്ത ശിക്ഷ ലഭിക്കാന് പ്രായപൂര്ത്തിയാകണമെന്ന നിയമവ്യവസ്ഥ മാറ്റിയെഴുതണം.
മുത്തശിയെ ആക്രമിച്ച് മുഖത്ത് തിളച്ച വെള്ളമൊഴിച്ച 18 വയസുകാരിയായ അമൃതയ്ക്ക് ജയിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ലഹരിക്കടിമപ്പെട്ട സുഹൈലിന് ബോസ്റ്റല് സ്കൂള് എന്ന തിരുത്തല് കേന്ദ്രത്തില് സുഖവാസവും വിരോധാഭാസമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.
കഴിഞ്ഞ നാലു മാസത്തിനിടയില് ഓപ്പറേഷന് തൂഫാന് പദ്ധതിയിലൂടെ മയക്കുമരുന്നുകള്ക്കെതിരെ മാത്രം സര്ക്കാര് നീങ്ങിയപ്പോള് മദ്യം മൂലം സംസ്ഥാനത്തുണ്ടായ അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും റോഡപകടങ്ങളുടെയും ഭീകരത ജനിപ്പിച്ച കണക്കുകള് കൂടി നിയമസഭാ സമ്മേളനത്തില് ആഭ്യന്തര വകുപ്പ് മന്ത്രി വെളിപ്പെടുത്തണം.
ഈ സംഭവ വികാസങ്ങളും കൂടി പുതിയ മദ്യനയ രൂപീകരണത്തില് കണക്കിലെടുക്കണമെന്നും കെസിബിസി സംസ്ഥാന സമിതിക്കു വേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.