International
വാഷിംഗ്ടൺ ഡിസി: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദേശത്തെ പൂർണമായും തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് നിർദേശം തള്ളിയത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.
ഇറാന്റെ ഭരണപ്രതിനിധികൾ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാൻ വഴി ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്റെ ആണവ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്റാൻ ശക്തമായി എതിർക്കുന്നതാണ് നിലവിലെ തടസം.
വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആദ്യം യുദ്ധം നിർത്തൽ, പിന്നെ ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നൽകിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ മകനെ കൊലപ്പെടുത്തി യുവാവ്. സത്നയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർഥി ശിവരാജ് രജക്(11) ആണ് കൊല്ലപ്പെട്ടത്. സംഭവസമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവിടെയെത്തിയ മഥുര രജക് എന്നയാൾ അരിവാൾ കൊണ്ട് കുട്ടിയെ കഴുത്തറത്ത് കൊല്ലുകയും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വസ്ത്രങ്ങൾ കൊണ്ട് മൂടിയശേഷം സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
ശിവരാജിന്റെ സഹോദരി സേജൽ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ജനലിലൂടെ നോക്കിയപ്പോൾ ലൈറ്റും ഫാനും ഓണായിരിക്കുന്നത് കണ്ടു.
തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഥുര രജക് വർഷങ്ങളായി ആശ രജക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സേജൽ പറഞ്ഞു.
എന്നാൽ ഈ ആവശ്യം ആശ നിരസിച്ചു. തുടർന്ന് ഇയാൾ നിരവധി പ്രാവശ്യം ഭീഷണിമുഴക്കിയിരുന്നതായി സേജൽ വ്യക്തമാക്കി. കൊലപാതകത്തിന് തലേദിവസം മഥുരയും ആശയും തമ്മിൽ ആശ ജോലി ചെയ്യുന്ന സ്ഥലത്ത് വച്ച് രൂക്ഷമായ തർക്കം നടന്നതായി പോലീസ് പറഞ്ഞു.
പിന്നീട് വിഷയത്തിൽ ആശയുടെ തൊഴിലുടമ ഇടപെടുകയും മഥുരയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് സംഭവം നടക്കുന്നത്.
ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. സ്വന്തം വീടും കടയും പൂട്ടി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം പോലീസ് പിടികൂടി.
Kerala
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടു വച്ച ഉപാധികൾ തള്ളിക്കൊണ്ടാണ് ഇറാൻ നിലപാട് പ്രഖ്യാപിച്ചത്. തങ്ങൾ ഉന്നയിച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താനെന്ന് സൂചനയെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. 'ഇസ്ലാമാബാദ് അക്കോർഡ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസം നിർണായക ചർച്ചകൾ നടത്തിയിരുന്നു.
സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമായിരുന്നു നിർദ്ദേശം. ഇതാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇതോടെ ഹോർമുസിലടക്കം പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിക്കെതിരെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയും നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്നു കോണ്ഗ്രസ് പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല ആരോപിച്ചു.
കോണ്ഗ്രസ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തും എന്ന് തിരിച്ചറിവാണ് പിണറായിയെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്.
മുഖ്യമന്ത്രി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലും ശബ്ദത്തിലുമാണ്. ബിജെപിക്കു സംസ്ഥാനത്ത് എംഎൽഎമാരെ ഉണ്ടാക്കാനുള്ള ക്വട്ടേഷനും പിണറായി ഏറ്റെടുത്തിട്ടുണ്ട്. മോദി പിണറായി ഡീലുകളാണ് ഇതിനു പിന്നിൽ.
ശബരിമല സ്വർണക്കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനും സ്വർണക്കൊള്ള മറയ്ക്കാനുള്ള സർക്കാർ ശ്രമം പാഴായയതു പിണറായി സർക്കാരിന്റെ മുഖത്തിനേറ്റ അടിയാണെന്നും ചെന്നിത്തല പറഞ്ഞു.
International
ടെഹ്റാൻ: വെടിനിർത്തലിനായി അമേരിക്ക മുന്നോട്ട് വച്ച അഞ്ച് പ്രധാന ഉപാധികൾ നിരസിച്ച് പകരം വ്യവസ്ഥകൾ വച്ച് ഇറാൻ. യുദ്ധം പൂർണമായും അവസാനിപ്പിക്കണമെന്നും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതോടെ പാക്കിസ്ഥാന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമാധാന നീക്കങ്ങൾ ഫലം കാണില്ലെന്നാണ് സൂചന.
ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും ഇറാൻ ആവശ്യം ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തങ്ങൾ നിശ്ചയിക്കുന്ന വ്യവസ്ഥകൾ യുഎസ് അംഗീകരിക്കണമെന്നും മുതിർന്ന ഇറാനിയൻ സർക്കാർ പ്രതിനിധി ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ ഇറാൻ അമേരിക്കയോട് നിർദേശിച്ച വ്യവസ്ഥകൾക്ക് പുറമെയാണ് ഈ അഞ്ച് നിബന്ധനകൾ ഇറാൻ ഇന്ന് മുന്നോട്ടുവച്ചത്. വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വെടിനിർത്തൽ എന്നും ഇറാൻ നയം വ്യക്തമാക്കി.
യുഎസിനെതിരായ പ്രതിരോധം തുടരാനാണ് ഇറാൻ ഉദ്ദേശിക്കുന്നത്. കൂടാതെ തങ്ങളുടെ വ്യവസ്ഥകൾ പാലിക്കുന്നത് വരെ എതിരാളികൾക്ക് മേൽ കനത്ത പ്രഹരങ്ങൾ ഏൽപ്പിക്കുമെന്നും ഇറാൻ തിരിച്ചടിച്ചു.
മുമ്പ് രണ്ടു തവണ നടന്ന ഒത്തുതീർപ്പ് ചർച്ചകളിലും ഇറാനെ യുഎസ് വഞ്ചിക്കുകയായിരുന്നു എന്ന് ഇറാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ യുഎസിന് ഒരുകാലത്തും ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച അഞ്ച് വ്യവസ്ഥകൾ
അമേരിക്കയുടെയും ഇസ്രായേലിൻ്റേയും ആക്രമണത്തിനും കൊലപാതകങ്ങൾക്കും അന്ത്യമുണ്ടാകണം.
ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകാതിരിക്കാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക.
യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വ്യക്തവും ഉറപ്പുള്ളതുമായ നഷ്ടപരിഹാരം.
മേഖലയിലുടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾക്കും, എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം ദീർഘകാലമായി നിലനിൽക്കുന്ന നിയമപരമായ അവകാശമാണെന്നും, അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടമെന്നും ഇറാൻ വാദിക്കുന്നു.
District News
കോഴിക്കോട്: പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ അവലോകന യോഗം ചേർന്നു.
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ സാങ്കേതികത്വം പരിഹരിച്ച് പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കാത്തതാണ് പദ്ധതിക്ക് തടസം. ഇത് പരിഹരിക്കുന്നതിന് നിരന്തര ഇടപെടലുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
സർക്കാരിന്റെ അഭിമാന പദ്ധതിയായ പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തടസ്സപ്പെടുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിലെ നടപടികൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി കളക്ടറെ യോഗം ചുമതലപ്പെടുത്തി. പദ്ധതിയിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.
കുരുവട്ടൂർ പഞ്ചായത്തിൽ പൂനൂർ പുഴക്കു കുറുകെ പൂളക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജിനായി കിഫ്ബിയിൽനിന്ന് 30 കോടി രൂപ അനുവദിച്ചിരുന്നു.
കുരുവട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് കോർപറേഷനെയും ബന്ധിപ്പിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ദീൻ ചെറുവറ്റ, വാർഡ് മെമ്പർ ബി.കെ. സോന, എൽഎ ഡെപ്യൂട്ടി കളക്ടർ പി.വി. സുധീഷ്, പ്രൊജക്റ്റ് എൻജിനീയർമാർ, കേരള വാട്ടർ അഥോറിറ്റി, ഇറിഗേഷൻ ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.