കൊച്ചി: മഹാരാജാസ് കോളജില്‍ ബിരുദദാനച്ചടങ്ങ് അലങ്കോലപ്പെടുത്തി എസ്എഫ്ഐ പ്രവര്‍ത്തകരുടെ സമരം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി റോജി എം. ജോണ്‍. ജനാധിപത്യമായി സമരം നടത്താന്‍ എല്ലാവര്ക്കും അധികാരമുണ്ട്.
എന്നാല്‍ ഇത്തരം സമരങ്ങളുടെ മുന്നില്‍ വഴങ്ങാനോ മുട്ട് മടക്കാനോ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലടി സര്‍വകാശാലയില്‍ നടന്നത് അപരിഷ്കൃതമായ സമരമാണ് എന്ന് ആവര്‍ത്തിച്ചു പറയുമെന്ന് മന്ത്രി പറഞ്ഞു.
പ്രതിഷേധിക്കാനും ചെയ്യാനും ഒരു മര്യാദയുണ്ട്, അത് ജനാധിപത്യ രീതിയിലായിരിക്കണം. വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെ സ്വപ്നമാണ് കോണ്വൊക്കേഷന് പരിപാടി, അത് അലങ്കോലപ്പെടുത്തി ആയിരിക്കരുത് സമരവും പ്രതിഷേധവും.
അത് അലങ്കോലപ്പെടുത്തിയാണോ വിദ്യാര്‍ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്തരം സമീപനത്തോട് ഒരു കാരണവശാലും യോജിക്കാനാവില്ല. ഇത്തരം സമരങ്ങളുടെ മുന്നില്‍ വഴങ്ങാനോ മുട്ട് മടക്കാനോ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് റോജി എം. ജോണ്‍ പറഞ്ഞു.
കാലടി സര്‍വകാശാലയില്‍ നടന്നത് അപരിഷ്കൃതമായ സമരമാണ് എന്ന് ആവര്‍ത്തിച്ചു പറയുമെന്നും മന്ത്രി പറഞ്ഞു. അപരിഷ്കൃതമായ സമരത്തെ അങ്ങനെ തന്നെ വിളിക്കും. അവിടെ അക്രമം നടന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രൂപീകരിച്ച പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗത്തിലേക്ക് തള്ളിക്കയറി, വൈസ് ചാന്‍സലറെ തടഞ്ഞുവച്ചു. വൈസ് ചാന്‍സലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്. അങ്ങനെയുള്ള സമരങ്ങളോട് യോജിക്കാന്‍ കഴിയില്ല.
ഇന്നലെ ഞാന്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ വലിയ ബാനര്‍ ഉയര്‍ത്തി. ഞാന്‍ വളരെ പൊസിറ്റീവ് ആയാണ് സംസാരിച്ചത്. അതേസമയം, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യോഗത്തില്‍ ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യാന്‍ പറ്റുമോ? വസ്ത്രത്തില്‍ എവിടെയെങ്കിലും കറുപ്പ് നിറമുണ്ടെങ്കില്‍ അവരെ കിലോമീറ്ററുകള്‍ക്കപ്പുറം നിര്‍ത്തി യോഗം നടത്തുന്ന ആളുകളാണ്. ഒരു പരിപാടി അലങ്കോലപ്പെടുത്തുകയാണ് മഹാരാജാസില്‍ ഉണ്ടായത്. അത്തരത്തിലുള്ളത് അപരിഷ്കൃതമായ സമര രീതികള്‍ തന്നെയാണ്. ഇതേ സര്‍വകലാശാലയില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 90 ദിവസവും 120 ദിവസവും വിദ്യാര്‍ഥികളെ പുറത്തു നിര്‍ത്തിയിട്ടുണ്ട്. അന്ന് എന്തേ ഇവരാരും ചോദ്യം ചെയ്യാഞ്ഞത്. അന്ന് അവര്‍ക്ക് ഈ ന്യായമുണ്ടായില്ലേ.
സസ്പെന്ഷന് മാത്രമല്ല, വിദ്യാര്‍ഥികളുടെ അഡ്മിഷന് റദ്് ചെയ്തിട്ടുമുണ്ട്. അന്ന് എന്താണ് ആര്‍ക്കും ചോദ്യം ചെയ്യാനും ബാനര്‍ ഉയര്‍ത്താനും തോന്നാതിരുന്നത്. സര്‍വകാലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമല്ല. സര്‍വകലാശാലക്കാണ് അതിന് അധികാരം. ജനങ്ങളെയും പ്രതിഷേധങ്ങളെയും പേടിക്കുന്ന സമരം ചെയ്യാന്‍ വരുന്നവരെ തല്ലിച്ചതയ്ക്കുന്ന കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് മാറ്റി നിര്‍ത്തുന്ന പിണറായി കാലമല്ല, ഈ യുഡിഎഫ് ഭരണകാലം. മാന്യത കൈവിടാത്ത സമരം ഉണ്ടായാല്‍ ഉള്‍ക്കൊള്ളും, അതിന് അപ്പുറത്തേക്കുള്ള സമരം ആരു ചെയ്താലും അംഗീകരിക്കില്ലെന്നും റോജി എം ജോണ്‍ വ്യക്തമാക്കി.