കൂത്താട്ടുകുളം: വിവാഹ സൽക്കാരത്തിന് ഭക്ഷണം നൽകാമെന്ന് കരാറുണ്ടാക്കി പണം വാങ്ങിയ ശേഷം ഭക്ഷണം നൽകാതെ വഞ്ചിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്ക്കെതിരെ കൂത്താട്ടുകുളം പൊലിസ് കേസെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഉദയം ഇവന്റ് കാറ്ററിംഗ്’ ഉടമ വിഷ്ണു മോഹനെതിരെയാണ് പൊലിസ് കേസെടുത്തത്. പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലിൽ സുമംഗലാദേവിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 16-ന് ഹൽദി ചടങ്ങിന് 150 പേർക്കും ഓഗസ്റ്റ് 22-ന് നടന്ന വിവാഹ റിസപ്ഷന് 1000 പേർക്കും ഭക്ഷണം തയ്യാറാക്കി നൽകാമെന്ന് പ്രതി ഏറ്റിരുന്നു. ഇതിനായി മുൻകൂറായി വിവിധ ഘട്ടങ്ങളിലായി ഗൂഗിൾ പേ വഴി 1,35,000 രൂപ പരാതിക്കാരിയിൽ നിന്നും മകനിൽ നിന്നും കൈപ്പറ്റി.
എന്നാൽ ഹൽദി ചടങ്ങിന് 100 പേർക്ക് മാത്രമാണ് ഭക്ഷണം നൽകിയത്. തുടർന്ന് റിസപ്ഷൻ നടക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭക്ഷണം തയ്യാറാക്കി നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയും, മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പറഞ്ഞ് പ്രതി പിന്മാറുകയുമായിരുന്നു. നൽകിയ ഭക്ഷണത്തിന്റെ തുകയായ 25,000 രൂപ കഴിച്ച് ബാക്കി തുകയായ 1,10,000 രൂപ തിരികെ നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം, കൊല്ലം ജില്ലകളിൽ സമാന സ്വഭാവത്തിലുള്ള തട്ടിപ്പുകൾ നടത്തിയതിന് വിഷ്ണു മോഹനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.