കടയ്ക്കൽ : വൻതോതിൽ പാറഖനനം നടത്തിയശേഷം പ്രവർത്തനം നിർത്തിയ ഇടങ്ങളിൽ വെള്ളം നിറഞ്ഞുണ്ടായ പാറക്കുളങ്ങൾ അപകടഭീതിയുയർത്തുന്നു. പാറ പൊട്ടിച്ചശേഷം അവശേഷിക്കുന്ന പാറക്കുളങ്ങൾ സുരക്ഷിതമാക്കേണ്ട അധികൃതർ ഇവ കണ്ടില്ലെന്നു നടിക്കുകയാണെന്നു ജനങ്ങൾ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള കുളങ്ങൾ പരിശോധിക്കാനോ സുരക്ഷാനടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. ഖനനത്തിനുശേഷം കുഴികൾ നികത്തണമെന്ന ചട്ടവും പാലിക്കുന്നില്ല.
ചിതറ, കുമ്മിൾ ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലുള്ള തൂറ്റിക്കൽ, കൊണ്ടോടി വാർഡുകളിലാണ് പാറക്കുളങ്ങൾ അപകടനിലയിലുള്ളത്. പ്രദേശത്ത് നാലിടങ്ങളിൽ ഇത്തരം വലിയ കുളങ്ങളുണ്ട്. ഒരുകാലത്ത് ലോഡുകണക്കിന് പാറ ഇവിടെനിന്നു പൊട്ടിച്ചുകൊണ്ടുപോയിരുന്നു. ഖനനത്തിനുശേഷം ശേഷിച്ച കുഴികളിൽ വൻതോതിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണിപ്പോൾ. ജനവാസമേഖലയ്ക്കു സമീപമാണ് ഇത്തരം പാറക്കുളങ്ങളുള്ളത്. ജനജീവിതത്തിനും പരിസ്ഥിതിക്കും കുളങ്ങൾ ഭീഷണിയായിരിക്കുന്നു. ഈ ജലാശയങ്ങൾക്ക് നൂറടിവരെ താഴ്ചയുണ്ട്. മഴക്കാലമായതോടെ ജലനിരപ്പുയർന്നിട്ടുമുണ്ട്.
അണക്കെട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണിപ്പോൾ. കുളങ്ങളിൽ മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. കെട്ടിക്കിടക്കുന്ന മലിനജലം കൊതുക് പെരുകുന്നതിനും കാരണമാകുന്നു. ഇതിന്റെ വശങ്ങൾ ഇടിഞ്ഞാൽ തൊട്ടു ചേർന്നുള്ള കെട്ടിടങ്ങളും പ്രദേശങ്ങളും അപകടത്തിലാവുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.