ധരംശാല: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. രജത് പടിധാര്‍ (33 പന്തില്‍ പുറത്താവാതെ 93), വിരാട് കോഹ്ലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ ഇന്നിംഗ്സുകളാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
ഗുജറാത്തിന് വേണ്ടി കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പവർപ്ലേ അവസാനിക്കുമ്പോൾ ഒന്നിന് 76 എന്ന നിലയിലായിരുന്നു ആർസിബി. ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന നാലാമത്തെ പവർപ്ലേ സ്കോറാണിത്. എന്നാൽ ഒമ്പതാം ഓവറിൽ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലിനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ജയ്സൻ ഹോൾഡർ ആർസിബിക്ക് ഇരട്ടപ്രഹരം നൽകി.
ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനുശേഷമാണ് നാലാം വിക്കറ്റിൽ രജത് പാട്ടിദാറും - ക്രുനാൽ പാണ്ഡയും ഒന്നിച്ചത്. ഇരുവരും നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തതോടെ മധ്യഓവറുകളിൽ ആർസിബിയുടെ സ്കോറിംഗിന്റെ വേഗത കുറഞ്ഞു. എന്നാൽ 15-ാം ഓവറിൽ കുൽവന്ത് ഖെജ്രോലിയക്കെതിരെ 28 റൺസ് അടിച്ചുകൂട്ടിയാണ് ആർസിബി വീണ്ടും ട്രാക്കിലായത്.
പിന്നീടുള്ള ഓവറുകളിൽ 21, 15, 10, 21, 19 എന്നിങ്ങനെയായിരുന്നു ആർസിബിയുടെ സ്കോറിംഗ്. അതേസമയം ഇന്ന് ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ കൂടി കളിക്കാനുള്ള അവസരമുണ്ട്.