അല്ലു അർജുനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. രാക്ക എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. മനുഷ്യനും പാതി മൃഗവുമായെത്തുന്ന അല്ലുവിന്റെ ലുക്ക് ആണ് പോസ്റ്ററിന്റെ ആകർഷണം.
ജവാൻ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനുശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. സൺ പിക്ചേഴ്സ് ആണ് നിര്‍മാണം.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന പ്രോജക്ട്, സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബജറ്റുള്ള സിനിമയാകും.
സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയ്ക്ക് വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്.
ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ കൈകോർക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.