കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിൽനിന്നു പുതുതായി നിർമിച്ച കാൽനട മേൽപ്പാലത്തിലൂടെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന യാത്രക്കാർ മഴ നനയുന്നത് ഒഴിവാക്കുന്നതിനായുള്ള മേൽക്കൂരയുടെ നിർമാണം ആരംഭിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
വിവിധ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര ഇല്ലാഞ്ഞ സ്ഥലങ്ങളിൽ പൂർണമായും മേൽക്കൂര നിർമിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഉടനെ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും.ഇത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എംപി റെയിൽവേ ഡിവിഷണൽ മാനേജരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല തീർഥാടകൾക്ക് വിശ്രമിക്കാനുള്ള പിൽഗ്രിം സെന്ററിന്റെ മുൻവശത്തെ കോൺക്രീറ്റിംഗ്, പ്രധാന കവാടത്തിന് സമീപത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉടൻ പൂർത്തിയാക്കും.
ടിക്കറ്റ് കൗണ്ടറിലെ അനിയന്ത്രിതമായ തിരക്ക് കുറയ് ക്കുന്നതിനായി കൊമേഷ്യൽ വിഭാഗത്തിൽ രണ്ടു പേരെ പുതുതായി നിയമിക്കുമെന്നും ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി 16നു രാവിലെ 10ന് ഫ്രാൻസിസ് ജോർജ് എംപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും.