കൊടകര: കുറുമാലിപ്പുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളിയിലുള്ള കുളിക്കടവില്‍ മുങ്ങിമരണങ്ങളും ഒഴുക്കില്പെടുന്നതും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവിടെ സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നാലുപേരാണ് ഇവിടെ പുഴയില്‍ മുങ്ങിമരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ടവരുടെ എണ്ണം നിരവധിയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ കടവില്‍ കുളിക്കുന്നതിനിടെ അമ്മയും മകളും ഒഴുക്കില്‍പെട്ട് മുങ്ങിതാഴ്ന്നെങ്കിലും സമീപത്ത് ചൂണ്ടയിട്ടിരുന്നവര്‍ പുഴയില്‍ ചാടി ഇവരെ സാഹസികമായി രക്ഷപ്പെടുത്തുകയുണ്ടായി.
മറ്റത്തൂര്‍ കാവനാട് ശുദ്ധജലപദ്ധതിയുടെ ആറ്റപ്പിള്ളിയിലുള്ള പമ്പ്ഹൗസിനു സമീപത്താണ് ആറ്റപ്പിള്ളി പാറക്കടവ് ഉള്ളത്. കടവില്‍ നിന്ന് അമ്പതുമീറ്ററോളം മാത്രം താഴെയാണ് ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത്. അതിനാല്‍ തന്നെ കടവിനോടു ചേര്‍ന്നുള്ള ഭാഗത്ത് ആഴം കൂടുതലാണ്. ശക്തമായ അടിയൊഴുക്കും ഇവിടെ ഉണ്ട്. കടവില്‍ പുഴയിലേക്ക് ഇറങ്ങാനായി 12 പടവുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കൈവരികളോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഇവിടെ ഇല്ല.
കടവും പരിസരവും ശാന്തമായ സ്ഥലമായതിനാല്‍ ധാരാളം പേര് ഇവിടെ വന്നിരിക്കാറുണ്ട്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് ആശ്വാസം തേടി ദൂരസ്ഥലങ്ങളില്‍ നിന്ന് ആറ്റപ്പിള്ളി കടവില്‍ എത്തുന്നവരും ഉണ്ട്. കടവിലെ പടവുകളിലിറങ്ങുന്നവര്ക്ക് ചെറിയ അശ്രദ്ധയുണ്ടായാല് പോലും കാല്‍വഴുതി പുഴയിലെ ആഴമുള്ള ഭാഗത്തേക്ക് വീഴും. അടുത്തകാലത്ത് ഇവിടെ നടന്ന മരണങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളതാണ്.
അപകട മരണങ്ങള് ആവര്‍ത്തിക്കാതിരിക്കാന്‍ ആറ്റപ്പിള്ളികടവിലെ പടവുകളുടെ വശങ്ങളില് സുരക്ഷ വേലി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
അപകടങ്ങള്‍ പതിവായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാതെവന്നപ്പോള്‍ സമീപത്തെ പമ്പ് ഹൗസ് ജീവനക്കാര്‍ ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.