കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്, മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ, കോരുത്തോട്, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. പുഴകൾ കരകവിഞ്ഞൊഴുകി. പല വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഉരുൾപൊട്ടലും മണ്ണിടിച്ചിലിനെയും തുടർന്ന് ദേശീയപാതയിലടക്കം ഗതാഗതം ഏറെനേരം തടസപ്പെട്ടു. അപകട സാധ്യതാമേഖലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി
കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല്, മഞ്ഞപ്പള്ളി, ആനിത്തോട്ടം, കോവില്‍ക്കടവ് എന്നീ ഭാഗങ്ങളിലും വീടുകളിലും വെള്ളം കയറി. അഞ്ചിലിപ്പ, കരിന്പുകയം, 26ാം മൈല്‍ പാലങ്ങളും പഴയിടം കോസ്വേയും വെള്ളത്തിൽ മുങ്ങി. ആനിത്തോട്ടം - മുക്കടവ് പാലത്തിന്റെ കൈവരികൾ തകർന്നു. കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ മണ്ണനാനിയിൽ നിർമാണപ്രവർത്തനങ്ങൾക്കായെത്തിച്ച രണ്ട് ഹിറ്റാച്ചികൾ വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി പുളിമാവിൽ ഇരവിമംഗലം ജോസഫ് ജോസഫിന്റെ വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു. ഇതോടെ വീടും അപകടാവസ്ഥയിലാണ്.
പാറത്തോട് പഞ്ചായത്തിലെ ചിറ്റടി അഞ്ചാം വാർഡിൽ തുളുവൻപാറ കൈതോട് കരകവിഞ്ഞ് രണ്ട് വീടുകളിൽ വെള്ളം കയറി. ഓലിക്കൽ ടോം, പുത്തൻപുരയ്ക്കൽ സുരേഷ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. നരിവേലിൽ തങ്കച്ചന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. പൊടിമറ്റത്ത് പഞ്ചായത്ത് ഓഫീസിനോടുള്ള ചേർന്നുള്ള മാത്യു വലയിഞ്ചിയിലിന്റെ വീട്ടില്‍ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്ന ജോസ് നെല്ലിമലയുടെ വസ്തുക്കള്‍ നശിച്ചു. ബന്ധുക്കള്‍ ചേര്‍ന്നാണ് വയോധികയടക്കമുള്ളവരെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ചത്.
മണിമലയാർ കരകവിഞ്ഞൊഴുകി; ടൗൺ വെള്ളത്തിൽ
മണിമലയാറും തോടുകളും കരകവിഞ്ഞൊഴുകിയതോടെ വെള്ളാവൂർ, മണിമല, വാഴൂർ, ചിറക്കടവ്, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. മണിമല പള്ളിക്ക് സമീപത്തും സംസ്ഥാന പാതയിലും മണിമല ടൗണിലും വെള്ളം കയറി. ഒരു കോടി രൂപ മുടക്കി കഴിഞ്ഞ വർഷം നിർമിച്ച പഞ്ചായത്തിന്റെ ടർഫ് വെള്ളത്തിലായി. ടൗണിലെ കടകളിലും വീടുകളിലും വെള്ളം കയറി. വാഹനങ്ങൾ ഉൾപ്പെടെ ഒഴുക്കിൽ പെട്ടെങ്കിലും ഇവയെ സുരക്ഷിതമാക്കി. ആലപ്ര രാമനാനി ഭാഗത്തു അഞ്ച് വീടുകളിലും വെള്ളം കയറി. വെള്ളാവൂരിൽ 90 വീടുകളാണ് വെള്ളത്തിലായത്. രണ്ട് അങ്കണവാടിയിലും വെള്ളം കയറി.
റോഡുകൾ മുങ്ങി; യാത്രക്കാർ കുടുങ്ങി
ചെറുവള്ളി വില്ലേജിൽ മണ്ണനാനി ഭാഗത്തും ചിറക്കടവ് പഞ്ചായത്തിലെ വാർഡ് 11ൽ ഏഴു വീടുകളിലും വാർഡ് 12ൽ രണ്ടു വീടുകളിലും വെള്ളം കയറി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൂലേപ്ലാവ് ഭാഗത്ത് പൂർണമായും പഴയിടം ഭാഗങ്ങളിൽ ഭാഗികമായും ഗതാഗതം തടസപ്പെട്ടു. മൂലേപ്ലാവിൽ സംസ്ഥാന പാതയിൽ കുടുങ്ങിയ 50 ഓളം പേരെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.
വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ വലിയപറമ്പിൽ ബഷീറിന്റെ വീട്ടിൽ വെള്ളം കയറി. തോട് കരകവിഞ്ഞതോടെ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കടകളിലും വെള്ളം കയറി. കൊടുങ്ങൂർ - മണിമല റോഡിൽ പനംമൂട്ടിൽ തോട് കരകവിഞ്ഞ് വെള്ളം കയറിയതിനെത്തുടർന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ കുടുങ്ങി. സമീപവാസികൾ ചേർന്ന് ടാങ്കർ ലോറിയുടെ സഹായത്തോടെ കാർ കരയ്ക്കെത്തിച്ചു. നെടുമാവ്, പതിനാലാം മൈൽ, പന്നകം - ഊളമാക്കല്‍ റോഡ് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി ലൈനുകളും പൊട്ടി. പന്നകം തോട് കവിഞ്ഞൊഴുകിയതോടെ വാഴൂർ പതിനാലാം മൈലിലെ കടകളിലും വെള്ളം കയറി.
കൂട്ടിക്കലിൽ മണ്ണിടിച്ചിൽ
മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാടിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണതിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും നിരവധി റോഡുകൾ തകർന്നു. പുല്ലുകയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറി. പാലത്തിന്റെ കൈവരികൾ പൂർണമായും നശിച്ചു. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ കമ്പി വേലികളും ശക്തമായ വെള്ളമൊഴുക്കിൽ തകർന്നു. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസ്, ഫയർഫോഴ്സ് സംഘങ്ങളും നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ബൈപ്പാസ് വെള്ളത്തിൽ മുങ്ങി
മണിമലയാർ കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയം ബൈപ്പാസ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. റോഡിന്റെ വശങ്ങളിലും പുത്തൻചന്ത ഭാഗങ്ങളിലുമുള്ള നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
മേലോരം മേഖല ഒറ്റപ്പെട്ടു
പെരുവന്താനം പഞ്ചായത്തിൽ അമലഗിരിക്ക് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് നിരവധി പേരുടെ കൃഷിയിടങ്ങൾ ഒലിച്ചുപോയി. പെരുവന്താനം - മേലോരം റോഡ് തകർന്നതിനെ തുടർന്ന് മേലോരം മേഖല ഒറ്റപ്പെട്ടു. കോരുത്തോട് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. റോഡ് തകർന്നതിനെ തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പമ്പ - ശബരിമല പാതയിൽ കോരുത്തോട് കുഴിമാവിൽ വൻ മരം വീണ് ഗതാഗതം പൂർണമായി നിലച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊക്കയാർ പഞ്ചായത്തിലെ മുക്കുളം തേവർകുന്നേൽ ഭാഗത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡുകളും വൈദ്യുത ലൈനുകളും തകർന്നു. കനത്ത മഴയിൽ കൊക്കയാർ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പാലങ്ങൾ മുങ്ങി
എരുമേലി: കനത്ത മഴയിൽ പമ്പ, അഴുത, മണിമല നദികളും നിരവധി തോടുകളും കരകവിഞ്ഞൊഴുകി. എയ്ഞ്ചൽവാലി, കാളകെട്ടി, മൂക്കൻപെട്ടി, കണമലയിവെ പഴയ കോസ്വേ പാലം, കുറുമ്പൻമൂഴി, അറയാഞ്ഞിലിമണ്ണ്, ഓരുങ്കൽകടവ് പാലങ്ങളും മറ്റു ചെറിയ പാലങ്ങളും വെള്ളത്തിൽ മുങ്ങി.
എരുമേലി ഓരുങ്കൽകടവ് പാലത്തിന്റെ അക്കരെയും ഇക്കരെയുമായി താത്കാലിക ഷെഡുകളിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. എരുമേലി ടൗൺ റോഡിൽ ഇളപ്പുങ്കൽ മുതൽ കൊരട്ടി പാലം വരെ റോഡരികിൽ വലിയ തോടിനോട് ചേർന്നുള്ള താത്കാലിക ഷെഡുകളും തകർന്നു.
എരുമേലി ടൗൺ, വലിയമ്പലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ആമക്കുന്ന് പാലം, സെന്റ് തോമസ് സ്കൂൾ ജംഗ്ഷൻ, കൊരട്ടി ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി. എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ ഒഴുകിവന്നടിഞ്ഞ പെരുമ്പാമ്പിനെ വനപാലക സംഘം പിടികൂടി.