തലയാഴം:ഓണത്തിന് പൂക്കളമൊരുക്കാൻ തലയാഴത്ത് കുടുംബശ്രീയുടെ പൂന്തോട്ടങ്ങൾ. തലയാഴം പഞ്ചായത്ത് നാലാംവാർഡിലെ ദേവീ കുടുംബശ്രീ യൂണിറ്റും കാളിന്ദി കുടുംബശ്രീ യൂണിറ്റുമാണ് വെള്ളപ്പൊക്കത്തിനിടയിലും പൂകൃഷിയിൽ വിജയഗാഥ രചിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയിൽപ്പെടുത്തി ഒരു വാർഡിൽ രണ്ട് ഗ്രൂപ്പെന്ന ക്രമത്തിൽ 32 ഗ്രൂപ്പുകളാണ് പൂകൃഷിയിലേർപ്പെട്ടത്. ഇതിൽ ഭൂരിഭാഗം ഗ്രൂപ്പുകളുടെ പൂകൃഷിയും ജലാശയങ്ങൾ കരകവിഞ്ഞ് വെള്ളം കയറി നശിച്ചു. നാലാം വാർഡിലെ ദേവീ ഗ്രൂപ്പ് 20സെന്ററിലാണ് പൂകൃഷി നടത്തിയത്.വളരെ ഉയർന്ന പുരയിടത്തിലായതിനാൽ ഇവരുടെ പൂകൃഷിയിൽ വെള്ളം കയറിയില്ല. ദേവീ ഗ്രൂപ്പ് ഭാരവാഹികളായ മിനി പ്രകാശൻ, സുലോചന ബാബു, ശ്യാമള രാകേഷ്,രേണുപ്രസാദ് എന്നിവർ അത്തം മുതൽ പൂവിൽക്കാനുള്ള ഒരുക്കത്തിലാണ്.
കുടുംബശ്രീ പ്രവർത്തകർ വിപണി വിലയേക്കാൾ താഴ്ത്തി പൂവിൽക്കുന്നതിനാൽ പ്രദേവവാസികൾ തന്നെ പൂക്കൾ വാങ്ങാനെത്തുന്നുണ്ട്. നാലാം വാർഡിലെ കൂവംകരിപ്പ പാലത്തിന് തെക്കുഭാഗത്ത് കാളിന്ദി ഗ്രൂപ്പ് 15 സെന്ററിൽ നടത്തിയ ബന്ദികൃഷിക്ക് വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒരു കഥ പറയാനുണ്ട്. കരിയാറിനോട് ചേർന്നു കിടക്കുന്ന തോട് കരകവിഞ്ഞ് ഒഴുകി കൃഷിയിടം മുങ്ങുമെന്ന നിലയിൽ ഗ്രൂപ്പ് ഭാരവാഹികളായ രജിത ദിലീപ്, സിന്നിബൈജു, സിന്ധുഹരികുമാർ, ഗീതാമോഹൻദാസ് എന്നിവർ മണ്ണിട്ട് ഉയർത്തിയാണ് പൂക്കളുടെ സൗരഭം നിലനിർത്തിയത്.
ദേവീ ഗ്രൂപ്പിന്റെ പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ നിർവഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജിസലഞ്ച് രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, ദേവീ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.