District News
തിരുവല്ല: സഭയ്ക്കും സമൂഹത്തിനും വേണ്ടി ധീരമായി നിലകൊണ്ട വ്യക്തിത്വത്തിന് ഉടമയാണ് കാലം ചെയ്ത ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയെന്ന് മന്ത്രി രമേശ് ചെന്നിത്തല.
പൊതു സമൂഹത്തിനുവേണ്ടി അദ്ദേഹം സ്വീകരിച്ച നിലപാടുകൾ നന്മയുടേതായിരുന്നു. സാധാരണക്കാരായ നിരവധിയാളുകൾ ഇതിന്റെ ഗുണഭോക്താക്കളായി മാറിയെന്നും മന്ത്രി അനുസ്മരിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി ഭൗതികശരീരത്തിൽ രമേശ് ചെന്നിത്തല പുഷ്പചക്രം സമർപ്പിച്ചു. വർഗീസ് മാമ്മൻ എംഎൽഎ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റോജി കാട്ടാശേരി തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Kerala
പത്തനംതിട്ട: മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ അടക്കം ചേർത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേർത്ത് എജിയാണ് നിയമോപദേശം നൽകിയത്. ഇതോടെ സർക്കാർ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. തൂഫാന്റെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നാല് പേരെക്കൂടി പിടികൂടിയിട്ടുണ്ട്.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഡൽഹി, ബംഗാൾ, നോയിഡ എന്നിവിടങ്ങളിലേക്കും ലഹരിക്കടത്ത് നടന്നിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ തുടർച്ചയായി തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം 28ന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി റെയ്ഡ് നിയമപ്രകാരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ എസ്ഐടി റെയ്ഡ് നടന്നതെന്ന് മന്ത്രി പറഞ്ഞു. എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും വസ്തുതകളുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ 10 വർഷം മാധ്യമങ്ങൾക്ക് നേരെയുള്ള വേട്ടയാടൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞു. അപ്പോൾ ആരും പ്രതികരിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത കാര്യവും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും പൊലിസ് നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും പൊലിസിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന പ്രത്യേക പരിശോധനാ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ നൂറുദിനത്തിലെത്തിനിൽക്കുമ്പോൾ അടുത്ത ചുവടു സിനിമയിലേക്ക്. രണ്ടാംഘട്ടത്തിൽ തൂഫാൻ സിനിമ, കാരവാനുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവ ലക്ഷ്യംവയ്ക്കും.
ഇന്നു മുതല് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിക്കും. ലഹരി ഉപയോഗം തടയുന്നതിനും ലഹരിയില്നിന്ന് മോചനം നേടുന്നവര്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള പ്രവര്ത്തനങ്ങള്ക്കും രണ്ടാംഘട്ടത്തില് ഊന്നല് നല്കും.
സിനിമാക്കാരാണെങ്കിലും രാഷ്്ട്രീയക്കാരാണെങ്കിലും എല്ലാവര്ക്കും ഒരേ നിയമമാണെന്നും കാരവാനുകള്, ഫൈവ് സ്റ്റാര് ഹോട്ടലുകള്, ഡിജെ പാര്ട്ടികള് എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല് ഇതുവരെയും സിനിമ ലൊക്കേഷനുകളിലോ കാരവാനുകളിലോ പരിശോധന നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
ലഹരിവില്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളില് പരിശോധനകളും റെയ്ഡുകളും തുടരുകയാണ്. ഏതാണ്ട് പത്തു ലക്ഷത്തോളം പേരാണ് ലഹരിവിരുദ്ധ പോരാട്ടത്തിനായി തൂഫാന് വാരിയര്മാരായി രംഗത്തെത്തിയിട്ടുള്ളത്. മലയാളത്തിന്റെ പ്രിയ നടന് മോഹന്ലാൽ തുടങ്ങിവച്ചപ്പോൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പേരാണ് തൂഫാന് വാരിയര്മാരായത്.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്നിന്ന് എത്തുന്ന ലഹരിവസ്തുക്കളുടെ കടത്ത് തടയുന്നതിനായി അതിര്ത്തി ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. തൂഫാനുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർത്തതും ഡിജിപിമാരുടെ യോഗം ചേർന്നതും വലിയ ലക്ഷ്യത്തോടെയാണ്. കേരളത്തിന്റെ ചുവടുപിടിച്ചു കേന്ദ്രസർക്കാരും ലഹരിക്കെതിരേ നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാം പ്രഖ്യാപിച്ചു കഴിഞ്ഞു.
10,198 കേസുകള്, അറസ്റ്റിലായത് 11,021 പേര്
ഇതുവരെ 10,198 കേസുകള് രജിസ്റ്റര് ചെയ്തു. 11,021 പേരെ അറസ്റ്റ് ചെയ്തു. വിവിധ പരിശോധനകളിലായി 25 മുതല് 30 കോടി രൂപ വരെ വിപണിമൂല്യമുള്ള 23471.953 ഗ്രാം എംഡിഎംഎയും 1218.778 കി.ഗ്രാം കഞ്ചാവും 4740.839 ഗ്രാം ഹാഷിഷ് ഓയിലും 529.047 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കേരള പൊലിസ് 9568 ബോധവത്കരണ ക്ലാസുകളും 649 കൗണ്സിലിംഗുകളും നടത്തി. സ്കൂള്, കോളജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് 6714 ബോധവത്കരണ പരിപാടികളും നടത്തി.
വിവരങ്ങള് തരൂ...
ലഹരിവിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലിസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
Kerala
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. വീണയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വന്നിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
വീണാ വിജയനെതിരായ അന്വേഷണം ഇഡി കൂടുതൽ ശക്തമാക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട് വീണ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന വ്യാജ സിം കാർഡുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിക്കുകയാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെ പേരിലാണ് സിം കാർഡ് എടുത്തതെന്നാണ് ഇഡി കണ്ടെത്തൽ.
2024 മുതൽ വീണ ഈ സിം ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വീണയും റിയാസും ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിം എടുത്തതെന്നാണ് നന്ദുലാൽ ഇഡിക്ക് നൽകിയ മൊഴി. എന്നാൽ എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയിട്ടുണ്ട്.
വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്കായിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. അനധികൃത പണമിടപാടുകൾക്കായി ഇന്റർനെറ്റ് കോളുകൾ ഉപയോഗിച്ചെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ലഹരിക്കേസിൽ പിടിയിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ തെറ്റാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും പ്രതികരിച്ചു.
അവർ ഭരിച്ചപ്പോൾ ലഹരിവ്യാപനത്തിന് തടയിടാൻ യാതൊന്നും ചെയ്യാൻ തയാറായില്ല. വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇപ്പോൾ സമൂഹത്തിൽ സമാധാനമുണ്ടെന്നും, ഡിവൈഎഫ്ഐയോ യൂത്ത് കോൺഗ്രസോ ആകട്ടെ, നിയമവിരുദ്ധ പ്രവർത്തികളിൽ ആരെ പിടികൂടിയാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റവാളികൾക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ലെന്നും, മുഖ്യമന്ത്രിയുമായോ താനുമായോ ബന്ധമുള്ളവരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പലരുമായും ഫോട്ടോയെടുക്കുമെന്നും, എന്നാൽ അത്തരത്തിൽ ചിത്രങ്ങളെടുക്കുന്നവരുടെയെല്ലാം ജാതകം പരിശോധിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ വലിയ അളവിൽ രാസലഹരിയുമായി പിടിയിലായതിന് പിന്നാലെ 'ഓപ്പറേഷൻ തൂഫാൻ' പിന്നോട്ടുപോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
Kerala
തിരുവനന്തപുരം: ഒളിവിലിരുന്ന് പോലീസിനെതിരേ ഭീഷണി മുഴക്കുന്ന ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റൗഡികൾ പലതും പറയും. അതൊന്നും തങ്ങൾ ഗൗനിക്കുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു.
പോലീസിന് പോലീസിന്റേതായ രീതിയുണ്ട്. പോലീസ് ചെയ്യേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലവിൽ ഒളിവിലുള്ള പ്രതിക്കായി വിവിധ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിലിരിക്കെ സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അതിനിടയിലും സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളികൾ അർജുൻ ആയങ്കി തുടരുകയാണ്. "തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല" എന്നുമാണ് ഒളിവിലിരുന്ന് വെള്ളിയാഴ്ച രാത്രിയും ഇയാൾ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സിനിമാസ്റ്റൈലില് വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്ജുന് ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില് മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കിയുടെ പുതിയ വെല്ലുവിളി. "വിരട്ടരുത്.. വളര്ന്ന പാര്ട്ടി വേറെയാണ്" എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്ജുന് ആയങ്കി കുറിച്ചിരിക്കുന്നത്.
ധൈര്യമുണ്ടെങ്കില് പോലീസ് തന്നെ പിടിക്കട്ടെയെന്ന അര്ജുന് ആയങ്കിയുടെ വെല്ലുവിളിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കടുത്ത മറുപടി നല്കിയിരുന്നു. പോലീസിനെ വെല്ലുവിളിച്ചവര്ക്ക് ഇനി എന്താണ് സംഭവിക്കാന് പോകുന്നതെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന് സര്ക്കാര് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് അര്ജുന് ആയങ്കി പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
""ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്, ശേഷം ഞാന് നിരപരാധിയെങ്കില് കള്ളക്കേസെടുത്ത് അധികാരദുര്വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന് ഞാന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില് ഞാന് താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്ന്ന പാര്ട്ടി വേറെയാണ്.'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില് കീഴടങ്ങില്ലെന്നായിരുന്നു അര്ജുന് ആയങ്കിയുടെ ആദ്യ നിലപാട്. പറ്റുമെങ്കില് കണ്ടുപിടിക്കാനും പോലീസുകാരെ ഇയാൾ വെല്ലുവിളിച്ചിരുന്നു. കേസില് അര്ജുന് ആയങ്കിയുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. തുടര്ന്ന് ഇയാള്ക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതമാക്കിയിരിക്കുകയാണ്.
District News
ചവറ: ലഹരി ഉപയോഗിച്ച് ജീവിതം ഇല്ലാതാക്കുന്ന മക്കളെയോര്ത്ത് കരയുന്ന അമ്മമാര്ക്ക് സര്ക്കാര് നല്കുന്ന ഏറ്റവും വലിയ ആശ്വാസമാണ് തൂഫാന് പദ്ധതിയെയന്ന് മന്ത്രി രമേശ് ചെന്നിത്തല. കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയന് ലഹരിക്കെതിരേ നടത്തുന്ന 100 ദിന കര്മ പരിപാടിയുടെ ഭാഗമായി തൂഫാന് ഐക്യ ദാര്ഢ്യം പ്രഖ്യാപിച്ച് നടത്തിയ ജനകീയ സദസും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൂഫാന് പദ്ധതിയിലൂടെ കേരളത്തിലെ ജനകീയ ജിവീതം മാറ്റി മറിക്കാന് സാധിച്ചു. പദ്ധതി നടപ്പിലാക്കിയത് മുതല് അക്രമം, റോഡപകടം തുടങ്ങിയവ ഒരു പരിധി വരെ ഇല്ലാതായി. ജനങ്ങള്ക്ക് സമാധാനമായി ജീവിക്കാനുള്ള സംവിധാനം ലഭിക്കുകയും ചെയ്തു. മയക്ക് മരുന്നുള്പ്പെടെയുള്ള മാഫിയകളെ പൂര്ണമായും ഇല്ലാതാക്കുക എന്നതാണ് യുഡിഎഫ് സര്ക്കാരിന്റെ ലക്ഷ്യം. അമ്മമാര് ഇന്ന് ഏറെ സന്തോഷത്തിലാണന്നും ലഹരി ഉപയോഗിച്ച മക്കളെയോര്ത്ത് ഒരമ്മയും കരയാന് പാടില്ലാ എന്നതാണ് തൂഫാന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില് താലൂക്ക് ജമാ അത്ത് യൂണിയന് പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷനായി. സി.ആര്. മഹേഷ് എംഎല്എ, ചവറ ബ്ലോക്ക് പ്രസിഡന്റ് ഷംലാ നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, തൊടിയൂര് മുഹമ്മദ് കുഞ്ഞ് മൗലവി, കെ.സി. രാജന്, ഇ. യൂസഫ് കുഞ്ഞ്, കോഞ്ചേരില് ഷംസുദീന്, മനാഫ് വടക്കുംതല, സിയാദ് വലിയ വീട്ടില് തുടങ്ങിയവര് യോഗത്തില് പ്രസംഗിച്ചു.
District News
ഹരിപ്പാട്: സംസ്ഥാന സർവീസിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ബാക്ക്ലോഗ് ഒഴിവുകൾ നികത്തുന്നതിനായി അടിയന്തരമായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പട്ടികവിഭാഗങ്ങളുടെ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഭരണഘടനാപരമായി അവർക്ക് ലഭിക്കേണ്ട സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളിൽ പട്ടികവിഭാഗങ്ങൾക്കായി സംവരണം ചെയ്ത ആയിരക്കണക്കിന് തസ്തികകൾ ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. ഇത് വലിയ അനീതിയാണ്. അർഹരായ ഉദ്യോഗാർഥികൾക്ക് ജോലി ലഭ്യമാക്കാൻ പിഎസ്സി പ്രത്യേക കലണ്ടർ പ്രസിദ്ധീകരിക്കും.
ബാക്ക്ലോഗ് തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി ഉദ്ഘാടനം ചെയ്തു.
Kerala
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കി.
നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ദുരന്തമേഖലയ്ക്കുള്ള ഫണ്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും ബിജെപി കൗണ്സിലറുമായ ആര്.സുഗതന് അനുകൂലമായി ആഭ്യന്തര വകുപ്പ് സർക്കുലർ ഇറക്കിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. മന്ത്രിയുടെ അനുമതിയില്ലാതെ സർക്കുലർ ഇറക്കിയ ഉദ്യോഗസ്ഥരുടെ നടപടിയാണ് വിവാദമായിരിക്കുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് മന്ത്രി നിർദ്ദേശം നൽകി. സുഗതന്റെ അവധി അപേക്ഷ കൗണ്സില് വോട്ടിനിട്ട് അംഗീകരിച്ചാല് കൗണ്സിലര് സ്ഥാനം സുരക്ഷിതമാക്കാമെന്ന് സര്ക്കുലറില് വ്യക്തമാക്കുന്നതായി മേയര് വി.വി.രാജേഷ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
സ്വതന്ത്രന്റെ പിന്തുണയോടെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാണ് ബിജെപി അയോഗ്യത ഭീഷണി ഒഴിവാക്കിയത്. അവധി അപേക്ഷ പാസാക്കിയതോടെ ആറ് മാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് സുഗതന് വിട്ടുനിൽക്കാം. യുഡിഎഫ് വിമതൻ സുധീഷ് കുമാറിന്റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ചായിരുന്നു ബിജെപിയുടെ നീക്കം.
യുഡിഎഫും എൽഡിഎഫും പ്രതിഷേധം തുടങ്ങിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സുഗതന് നൽകിയ കത്ത് മേയർ വി.വി. രാജേഷ് യോഗത്തില് ഉയർത്തിക്കാട്ടി. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും എന്നാൽ അയോഗ്യത ഒഴിവാക്കാൻ അപേക്ഷ നൽകി വോട്ടിനിട്ട് പാസാക്കിയെടുത്താൽ മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പോലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതി വിരുദ്ധ പരിപാടിക്കിടെ നടൻ നിവിൻ പോളിയെ കുറിച്ച് സംസാരിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേദിയിൽ നാക്കുപിഴ. നിവിൻ പോളി എന്ന പേരിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ പേര് മാറി പറഞ്ഞതോടെ വേദിയിലും സദസിലും ചിരി പടർന്നു.
തനിക്ക് പറ്റിയ അമളി ഉടനടി തിരിച്ചറിഞ്ഞ മന്ത്രി, താൻ പറഞ്ഞത് തെറ്റിപ്പോയെന്നും യഥാർഥ ആക്ഷൻ ഹീറോ ആരാണെന്ന് സദസിലുള്ളവർക്ക് തന്നെ പറയാമെന്നും ചിരിയോടെ തിരുത്തുകയായിരുന്നു.‘ആക്ഷൻ ഹീറോ ബിജു’ അടക്കമുള്ള സിനിമകളിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വിജിലൻസ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ‘വിജിലൻസ് വിസിൽ’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് രസകരമായ ഈ സംഭവം നടന്നത്. പദ്ധതിയുടെ ആദ്യ വിസിൽ കമാൻഡോയായി നടൻ നിവിൻ പോളിയാണ് ചടങ്ങിൽ അണിചേർന്നത്.
Kerala
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്സ് വകുപ്പും വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള് ഓഡിറ്റോറിയത്തില് നടന്നു. ചടങ്ങിൽ ആദ്യ വിജിലന്സ് കമാന്ഡോയായി നടൻ നിവിൻ പോളി വിജിലന്സ് വിസില് മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന് പോളി പറഞ്ഞു. "നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല് സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള് സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില് കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില് നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില് നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും 'പ്രൊജക്ട് സീറോ'യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Kerala
ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെയും പോലീസിനെയും വിമർശിച്ച് ജി.സുധാകരൻ എംഎൽഎ. ആലപ്പുഴയിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ കൂട്ടുകച്ചവടമുണ്ട്. രാഷ്ട്രീയ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ അടുത്ത തവണ ആലപ്പുഴയിൽ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ പോലീസിനെയും കോൺഗ്രസ് ഭരണസമിതിയെയും സുധാകരൻ ചോദ്യം ചെയ്തു. നഗരസഭയിൽ പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തന്നെ മുൻകൂട്ടി അറിയിച്ചില്ല. നഗരസഭയിൽ സ്വീകരണത്തിന് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. അവിടെ വിളിച്ചുവരുത്തി പ്രതിഷേധിക്കാനായിരുന്നു എൽഡിഎഫ് പ്ലാൻ.
കോൺഗ്രസാണ് നഗരസഭ ഭരിക്കുന്നത്. തനിക്കെതിരെ പ്ലക്കാർഡ് ഉയർത്തിയിട്ടും എന്തുകൊണ്ട് യുഡിഎഫ് കൗൺസിലർമാർ അത് നീക്കം ചെയ്തില്ല. എന്തുകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ല. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ കരണക്കുറ്റിക്ക് അടിച്ചേനെ. തന്റെ ഉടുപ്പിൽ പോലും ഒരുത്തനും തൊടില്ല.
പോലീസ് എന്ത് കൊണ്ടാണ് ആരെയും തൊടാത്തതെന്നും ജി. സുധാകരൻ ചോദിച്ചു. അഴിമതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജി.സുധാകരനെ അപമാനിക്കാനും ആക്ഷേപിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം. കോൺഗ്രസിന്റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിനു പിന്നാലെ മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയെങ്കിലും ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടാൻ തീരുമാനിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും വിവരങ്ങൾ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയതുമാണ് വീഴ്ചയായത്.
എന്നാൽ, കോടതി വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഡോ. റാമിനെ കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ചിന്റെ ഈ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പറഞ്ഞു.
Movies
ലഹരിയുടെ അടിവേരറക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് ദൗത്യത്തിന് കരുത്തു പകരാൻ തമിഴ്നാട് സർക്കാരിന്റെയും പിന്തുണ. ഇതിന്റെ ഭാഗമായി ചെന്നൈയിലെ ഓഫീസിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളെ വിജയ് അഭിനന്ദിച്ചു.
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും ഉറപ്പിച്ചു. ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ അറിയിച്ച മുഖ്യമന്ത്രി ജോസഫ് വിജയ്, ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിൽ തമിഴ്നാട് സർക്കാരും പോലീസും കേരളത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. ഈ പോരാട്ടത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാനും ലഹരി മാഫിയകളെ തടയുന്നതിനായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ധാരണയായി. തമിഴ്നാട്ടിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ പൂർണ
പിന്തുണയും അഭിനന്ദനവും ആഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ദൗത്യവുമായി സഹകരിക്കാൻ വിജയ് ഉടൻ തന്നെ കേരളത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പരിപാടിയിൽ ആദ്യത്തെ തൂഫാൻ വാറിയർ’ ആയ മോഹൻലാലിനൊപ്പം വിജയും പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും പരിപാടിയിൽ പങ്കെടുക്കും. ലഹരിമുക്തമായ ഒരു നാളേക്കായി സംസ്ഥാന അതിർത്തികൾക്കപ്പുറം യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
National
ചെന്നൈ: സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തുന്നു. കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് തമിഴ്നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ലഹരി മാഫിയകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ശൃംഖലകൾ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനം തടയുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസം ആരംഭിച്ച ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിൽ ആയിരക്കണക്കിന് ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി വിജയിയുടെ നേതൃപാടവത്തെയും മന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനങ്ങളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം.
Movies
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നടി അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം.
‘‘പോലീസ് എഫ്ഐആർ എടുത്തിട്ടില്ല സർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സർ.
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.
എന്നാൽ, കേസിൽ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസിലാക്കുന്നത്.
പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.’’അൻസിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
‘‘നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്ഐആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്ഐആർ ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’, രമേശ് ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീലപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയ്ക്കും ചാനൽ ഉടമയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് തന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. താൻ ഫേസ്ബുക്കിലോ മറ്റ് പൊതുവേദികളിലോ മുഖ്യമന്ത്രിയെക്കുറിച്ച് പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
സർക്കാരിന്റെ നിലനിൽപ്പിനെത്തെന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനമായ ശ്രമമാണ് ഈ പോസ്റ്റിന് പിന്നിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ വി.എം സുധീരൻ ആവശ്യപ്പെട്ടു.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വി.എം.സുധീരൻ നിയമനടപടിയുമായി രംഗത്തെത്തിയത്. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നാണ് പരാതി.
Kerala
കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്ക്കോ ഹണ്ട്' പ്രവര്ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില് എത്തും. നാട്ടുകാരും വിദ്യാര്ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള് ലഹരിക്കെതിരെ ഉണര്ന്ന് പെരുമ്പാവൂര് എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ് ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര് ബോയ്സ് ഹൈസ്കൂളില് നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്ന്ന് വ്യവസായികളും സര്വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില് നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്എ, വി.പി. സജീന്ദ്രന് എംഎല്എ, മുനിസിപ്പല് ചെയര്പേഴ്സണ് കെ.എന്. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര്മാരും പരിപാടികളില് പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില് സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ പേരിൽ കൊച്ചിയിൽ ഗുണ്ടകളുടെ യോഗം വിളിച്ചതിനെതിരേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു.
കൊച്ചിയിൽ നടന്ന യോഗത്തിലേക്ക് കെ.സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പോലീസ് അറിയാതെ ഒരു യോഗവും ആരും ചേരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തി. ലഹരി മാഫിയയ്ക്കെതിരെ പോരാടാൻ ജനങ്ങൾക്ക് ധൈര്യം കിട്ടിയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളെയും പങ്കെടുപ്പിച്ച് കെ.സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളിപ്പറഞ്ഞ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെ യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ല.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായുള്ള യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്. അല്ലാത്ത യോഗങ്ങളൊന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ, ഗുണ്ടാവിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാൻ സുധാകരൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം വിളിച്ച യോഗത്തിൽ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും പങ്കെടുത്തതാണ് വൻ വിവാദത്തിന് വഴിവെച്ചത്. യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ സുധാകരനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സുധാകരൻ കൊച്ചിയിൽ യോഗം വിളിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളക്കേസില് ഉപ്പ് തിന്നവര് വെള്ളം കുടിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്ഐടി അന്വേഷണത്തില് സര്ക്കാര് ഇടപെട്ടിട്ടില്ലെന്നും ശരിയായ രീതിയില് അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ല് ശബരിമലയില് നിന്നു ദ്വാരപാലകശില്പ്പ പാളികള് സ്വര്ണം പൂശാന് ചെന്നൈയിലേക്ക് കൊണ്ട് പോയ സംഭവത്തില് ക്രമക്കേടുകള് നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് സര്ക്കാര് നീങ്ങുന്നതെന്ന് തിങ്കളാഴ്ച പി.എസ്. പ്രശാന്ത് ആരോപിച്ചിരുന്നു. പ്രശാന്തിന്റെ ആരോപണങ്ങള്ക്ക് മറുപടിയായാണ് ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സമൂഹത്തിനു ദിശാബോധം നല്കുന്ന പ്രസ്ഥാനമാണ് ദീപികയെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎല്) സംസ്ഥാന പ്രവര്ത്തന വര്ഷത്തിന്റെയും ഡിസിഎല്ലിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ കിക്ക്ഔട്ടിന്റെയും ഉദ്ഘാടനം കവടിയാര് നിര്മലഭവന് ഹയര് സെക്കന്ഡറി സ്കൂളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹിമയ്ക്കു വേണ്ടി പ്രവര്ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് ദീപിക നല്കുന്നത്.
നൈസര്ഗികമായ കഴിവുകളെ വളര്ത്തിയെടുക്കാന് സഹായിക്കുന്ന പത്രമുത്തശി ലഹരി വിമുക്ത പരിപാടി കൂടി ഏറ്റെടുക്കുന്നതില് സന്തോഷമുണ്ട്.
ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ കുട്ടിയും ജീവിതത്തില് ദൃഢനിശ്ചയം ചെയ്യണമൈന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ജീവിതം നശിപ്പിക്കുന്നത് ലഹരിയാണ്. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം നടത്തും. ജീവിതമാണ് ലഹരിയെന്ന ചിന്തയില് മെച്ചപ്പെട്ട നിലയില് ജീവിക്കാന് ഓരോ വിദ്യാര്ഥിക്കും സാധിക്കണം.
ലഹരി തുടച്ചുനീക്കാന് ലക്ഷ്യമിട്ട് സര്ക്കാര് ആരംഭിച്ച ഓപ്പറേഷന് തൂഫാനിലൂടെ 65 കോടിയില്പ്പരം രൂപയുടെ രാസലഹരിയാണ് പിടിച്ചെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില് രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ഒരു ദേശത്തിന്റെ എല്ലാ നന്മകളെയും ഉയര്ത്തിപ്പിടിക്കുന്ന പത്രമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ടിന് ആഭ്യന്തരമന്ത്രി തൂഫാന് വാറിയര് ബാഡ്ജ് സമ്മാനിച്ചു.
ഡിസിഎല് വഴി സമൂഹത്തില് മുന്നിരയില് എത്തുകയും സമൂഹത്തെ നയിക്കുകയും ചെയ്യുന്ന നിരവധി വ്യക്തികളാണ് ഉള്ളതെന്ന് ഫാ. മൈക്കിള് വെട്ടിക്കാട്ട് പറഞ്ഞു. 24 ലക്ഷം വിദ്യാര്ഥികളും 20,000 അധ്യാപകരും ഒരുമിക്കുന്ന ദീപിക ബാലസഖ്യത്തില് നിന്ന് ഇനിയും ഒട്ടേറെ പ്രതിഭകള് ഉയര്ന്നുവരുമെന്നു ദീപിക ചീഫ് കോ -ഓര്ഡിനേറ്റിംഗ് ഓഫീസര് ഫാ. ജിനോ പുന്നമറ്റത്തില് ആശംസാ പ്രസംഗത്തില് പറഞ്ഞു.
തിരുവനന്തപുരം മേജര് അതിരൂപത വികാരി ജനറാളും ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജരുമായ മോണ്. ഡോ. വര്ക്കി ആറ്റുപുറത്ത് കോര്എപ്പിസ്കോപ്പ, ഡിസിഎല് കൊച്ചേട്ടന് ഫാ. റോയി കണ്ണന്ചിറ സിഎംഐ, സര്ക്കുലേഷന് ജനറല് മാനേജര് ഫാ. ജോര്ജ് മാന്തുരുത്തില്, ഡിസിഎല് നാഷണൽ കോഓര്ഡിനേറ്റര് വർഗീസ് കൊച്ചു കുന്നേൽ, സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് ലിന്സ് ആലയ്ക്കല് എസ്എബിഎസ് തുടങ്ങിയവര് പങ്കെടുത്തു.
Kerala
കോട്ടയം: മലയാളികളുടെ ഹൃദയത്തില് ഇടം തേടിയ ദിനപത്രമായ ദീപിക കേരള സമൂഹത്തിന്റെ കണ്ണാടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ഐക്കണ്സ് ഓഫ് സക്സസിന്റെ പ്രകാശനവും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററുമായി ചേര്ന്ന് ദീപിക നടത്തുന്ന വിദ്യാഭ്യാസ സ്കോളര്ഷിപ്പ് പദ്ധതി-ലൈറ്റിംഗ് ദ ബ്രില്യന്റ്സിന്റെ ഉദ്ഘാടനവും ദീപിക എക്സലന്സ് അവാര്ഡ് ദാനവും നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം കളക്ട്രേറ്റിനു സമീപമുള്ള ഫ്ളോറല് പാലസ് ഹോട്ടലില് നടന്ന ചടങ്ങില് കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിച്ചു. സത്യം, നീതി, നന്മ എന്നിവയില് ഉറച്ചുനില്ക്കുന്ന ദീപിക ഏതു പ്രതിസന്ധിക്കും ഉത്തരം നല്കുന്ന ഒരു സത്യദൂതികയാണെന്ന് മാര് ജോസ് പുളിക്കല് പറഞ്ഞു.
തിരുവല്ല ക്രൈസ്റ്റ് സെന്ട്രല് സ്കൂള് പ്രിന്സിപ്പല് ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐക്ക് ആദ്യ കോപ്പി നല്കി ഐക്കണ്സ് ഓഫ് സക്സസ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുന്മന്ത്രി വി.എന്. വാസവന് ഐക്കണ്സ് ഓഫ് സക്സസ് അവലോകനം നടത്തി.
നാട്ടകം സുരേഷ് എംഎല് എ, റബര് ബോര്ഡ് ചെയര്മാന് എന്. ഹരി, കോട്ടയം മുനിസിപ്പല് ചെയര്മാന് എം.പി. സന്തോഷ്കുമാര്, സ്റ്റീഫന് ജോര്ജ് എക്സ് എംഎല്എ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര് ജോണി കുരുവിള പടിക്കമ്യാലില്, ഓയില് പാം ഇന്ത്യ മുന് ചെയര്മാന് വി.ബി. ബിനു, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര് ഡയറക്ടര് ജോര്ജ് തോമസ് എന്നിവര് പ്രസംഗിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ട് സ്വാഗതവും ദീപിക ചീഫ് എഡിറ്റര് ഫാ. ഡോ. ജോര്ജ് കുടിലില് നന്ദിയും പറഞ്ഞു.
Kerala
കോട്ടയം: സംസ്ഥാനത്തെ മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്ന്ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ.
ദീപിക ഐക്കണ്സ് ഓഫ് സക്സസ് പ്രകാശനം ചെയ്ത സമ്മേളനത്തില് അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കലും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ടുമാണ് ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ പ്രഖ്യാപിച്ചത്.
ദീപിക ബാലസഖ്യത്തിന്റെ നേതൃത്വത്തില് ലഹരിക്കെതിരേയുള്ള പോരാട്ടമായ കിക്ക് ഔട്ട് പദ്ധതിയുടെ തുടര്ച്ചയായി തൂഫാനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഫാ. മൈക്കിള് വെട്ടിക്കാട്ട് പറഞ്ഞു.
ദീപികയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരേയുളള തൂഫാന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മയക്കു മരുന്നു ലോബിയുടെ അവസാന വേരും അറത്തതിനു ശേഷമേ പദ്ധതി അവസാനിപ്പിക്കുകയുള്ളൂവെന്നും പറഞ്ഞു.
ഓപ്പറേഷന് തൂഫാന് തുടങ്ങിയതോടെ മദ്യമയക്കുമരുന്ന് ലോബി കച്ചവടം നിര്ത്തിവച്ചിരിക്കുകയാണ്. ഇതു സര്ക്കാരിന്റെ ആരംഭത്തില് നടത്തുന്ന പൊടിക്കൈയാണെന്നാണ് അവര് പറയുന്നത്.
എന്നാല് ഒരു വീട്ടുവീഴ്ചയ്ക്കും സര്ക്കാര് തയാറല്ലെന്നും സര്ക്കാരിന്റെ അഞ്ചു വര്ഷവും തൂഫാന് തുടരുമെന്നും മന്ത്രി പറഞ്ഞു. തൂഫാന് കേസിലൂടെ പിടിയിലാകുന്നവരെ കാപ്പാ ചുമത്താനും അവരുടെ സ്വത്ത് കണ്ടെത്താനും പോലീസിനു നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
ഹരിപ്പാട്: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി മാഫിയക്കെതിരെ ഒരു കൊടുങ്കാറ്റായി ഈ ഓപ്പറേഷൻ സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും യുവ സമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കരകയറ്റാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നമ്മൾ ഇതിൽ നിന്ന് രക്ഷ നേടിയില്ലെങ്കിൽ കേരളം തകരും. കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്, ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
അടുത്ത കാലത്തായി സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ ഈ വിപത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പോലീസ് കാസർകോട് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം ഒരാളിൽ നിന്ന് മാത്രം 18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ രാത്രി മലപ്പുറം കൊണ്ടോട്ടിയിലെ ആക്കോട് എന്ന സ്ഥലത്ത് നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന 780.59 ഗ്രാം എംഡിഎംഎ എന്ന രാസലഹരി പിടിച്ചെടുത്തതും ഈ വിപത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മുമ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചില പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ പോരാട്ടത്തിൽ പത്രപ്രവർത്തകർ, ജനങ്ങൾ, യുവജന സംഘടനകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ നേരിട്ട് പിടികൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അമ്മമാരിൽ നിന്ന് വലിയ പിന്തുണയാണ് ഈ ക്യാമ്പയിന് ലഭിക്കുന്നത്. കുടുംബങ്ങളിൽ മക്കൾ വഴിതെറ്റിപ്പോകുന്നതിന്റെ വേദന അനുഭവിക്കുന്നത് അമ്മമാരാണെന്നും അവരുടെ പിന്തുണയോടെ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി കനത്ത മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയക്കാരാണെങ്കിലും സിനിമക്കാരാണെങ്കിലും പണക്കാരാണെങ്കിലും ഈ കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ല. കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ ലഹരി വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവർ ഇത് നിർത്തിയില്ലെങ്കിൽ പോലീസ് ശക്തമായ നിയമനടപടികളിലേക്ക് കടക്കും, അദ്ദേഹം പറഞ്ഞു. ലഹരിയുടെ വരവ് തടയാൻ കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ച് ചേർത്തതായും കേരളത്തിന്റെ നാല് അതിർത്തികളിലും പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്രെയിനുകൾ, വിമാനത്താവളങ്ങൾ, കടൽമാർഗങ്ങൾ എന്നിവടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കും. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തൂഫാൻ പതാകകൾ ഉയർത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, കുട്ടികളുടെ പെരുമാറ്റ രീതികൾ മനസിലാക്കി അവരെ തിരുത്തുന്നതിനായി സൈക്യാട്രിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. നിലവിൽ 15 പേരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ വിജയകരമാക്കാൻ രൂപീകരിക്കുന്ന തൂഫാൻ വാരിയേഴ്സിൽ ആദ്യ അംഗം നടൻ മോഹൻലാൽ ആണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും തൂഫാൻ വാരിയേഴ്സ് ആക്കി മാറ്റാനാണ് ലക്ഷ്യം. പോലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിംഗും ഡാൻസാഫ് ടീമും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും.
ഏതെങ്കിലും പോലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ അപ്പോൾ തന്നെ കർശന നടപടിയുണ്ടാകും. വിവരങ്ങൾ നൽകുന്നതിനായി പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ മൂന്ന് പ്രത്യേക ടീമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Kerala
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ ബ്ലേഡ് പ്രയോഗത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല. മാർച്ചിൽ പോലീസ് ബ്ലേഡ് ഉപയോഗിച്ചെന്ന ആരോപണം തള്ളിയ മന്ത്രി ലാത്തിയും തോക്കും കൈവശമുള്ള പോലീസിന് എന്തിനാണ് ബ്ലേഡെന്ന്ചോ ദിച്ചു.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തുമാറ്റാൻ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും പൊതുമുതൽ നശിപ്പിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത അക്രമം അരങ്ങേറിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെയും ആംബുലൻസുകളുടെയും മറവിൽ നടക്കുന്ന ലഹരി വിൽപ്പനയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ലഹരിക്കടത്തുകാർക്കെതിരെ മന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകളുടെ ജീവനക്കാരുടെ മറവിൽ ലഹരി മരുന്നുകൾ കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ ലഹരി കടത്താൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെത്തുടർന്ന്, ആംബുലൻസുകളെയും ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വഴി പിടിക്കപ്പെടുന്ന കേസുകളിൽ യാതൊരുവിധ രാഷ്ട്രീയ-ബാഹ്യ ശിപാർശകളും സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരിമുക്ത കേരളത്തിനായി പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
Kerala
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയയുടെ വേരറക്കാൻ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില് കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ 'ഓപറേഷന് തൂഫാന്: ദി നാര്ക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിര്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന് തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള് കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില് ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്ത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകര്ക്കാന് കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ.
അവരുടെ വേരറുക്കാന് ഓപറേഷന് തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ.റസാഖ് മാസ്റ്റര് എംഎല്എക്ക് കൈമാറി. ലഹരിക്കെതിരായ വണ് മില്യണ് ഗോള് കാമ്പയിനിന്റെയും എജ്യൂ കാര്ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്വഹിച്ചു.
ചടങ്ങില് എം.എ.റസാഖ് മാസ്റ്റര് എംഎല്എ അധ്യക്ഷനായി. എം കെ.രാഘവന് എംപി മുഖ്യാതിഥിയായി.
Kerala
തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ടു പോലീസ് നടപ്പാക്കുന്ന പ്രത്യേക ദൗത്യമായ "ഓറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടി'ന് പൂർണ പിന്തുണ പ്രഖ്യാപിച്ചു മലയാളത്തിന്റെ പ്രിയതാരം, മോഹൻലാൽ.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും പദ്ധതി നോഡൽ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തിയ മോഹൻലാൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന നടപടികൾക്കു പിന്തുണ അറിയിച്ചു.
ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിച്ച മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽ നിന്ന് രക്ഷിക്കാൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപന ചെയ്ത സേ നോ ടു ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ, ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ ഇതിനകം നിരവധി ഇടപെടൽ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടർന്നും സഹകരിച്ചു മുന്നോട്ടുപോകുമെന്നും മോഹൻലാൽ വ്യക്തമാക്കി.
മോഹൻലാലിനെ പോലെ ജനം നെഞ്ചേറ്റിയ താരം പിന്തുണ നൽകുന്നത് ഓപറേഷൻ തൂഫാന് പുതിയ ഊർജം പകരുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഓപറേഷൻ തൂഫാൻ താത്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.
നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.
യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
അശോകിന്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.
Kerala
തൃശൂര്: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ കാലത്ത് നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നാൽ ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്ന് മന്ത്രി പ്രതികരിച്ചു.
യുഡിഎഫ് സര്ക്കാരിനെ വിമര്ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം. മത പരിപാടികളിൽ വിസിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെമന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചിരുന്നു
Kerala
പറവൂർ: അന്തരിച്ച ചലച്ചിത്ര താരം സലിംകുമാറിന്റെ വീട്ടിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു.
ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരോട് അദ്ദേഹം സംസാരിക്കുകയും സലിംകുമാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
അൻവർ സാദത്ത് എംഎൽഎ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ഡിസിസി സെക്രട്ടറി എം.ജെ. രാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു വാടകയ്ക്കെടുത്ത പോലീസ് ഹെലികോപ്റ്ററിന്റെ സേവനം വീണ്ടും തുടരണമെന്ന അഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി തീരുന്ന മുറയ്ക്കു പുതുക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Kerala
ആലപ്പുഴ: ബ്രിട്ടണിലെ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. റൊസാരിയോ ടോമിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദിച്ചത്.
'ബ്രിട്ടീഷ് രാജഭരണത്തിന്റെ പ്രത്യേക അംഗീകാരമുള്ളതും 200 വർഷത്തിലധികം അക്കാദമിക് പാരമ്പര്യമുള്ളതുമായ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് അഡ്വ. റൊസാരിയോ ടോം. ഈ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയായി റൊസാരിയോ മാറി എന്ന വാർത്ത അതീവ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ.'-രമേശ് ചെന്നിത്തല കുറിച്ചു.
റോയൽ ലീഡ്സ് ട്രിനിറ്റി യൂണിവേർസിറ്റിയിൽ നിന്നും എം.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടാനും റൊസാരിയോയ്ക്ക് കഴിഞ്ഞിരുന്നു. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള റൊസാരിയോയുടെ ഈ തിളക്കമാർന്ന നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ പഠിക്കുമ്പോൾ കെഎസ്യുവിന്റെ സജീവ ഭാരവാഹിയായിരുന്നു റൊസാരിയോ. ഭാവിയെന്താകണമെന്നും, തന്റെ രാഷ്ട്രീയം എങ്ങനെ മുൻപോട്ട് കൊണ്ടുപോകണമെന്നുമുള്ള ചോദ്യവുമായി എന്റെ അടുത്ത് വന്ന പലരിൽ ഒരാളായിരുന്നു ഈ യുവാവ്.
ഒരിക്കലും മറ്റുള്ളവരുടെ ആജ്ഞാനുവർത്തികളോ ഏതെങ്കിലും ചങ്ങലക്കെട്ടുകളുടെ ഭാഗമോ ആകരുത് എന്നാണ് അന്ന് ഞാൻ അവനോട് പറഞ്ഞത്. യുവാക്കൾ സ്വതന്ത്രരായിരിക്കണം. സ്വതന്ത്രമായ ചിന്തകൾക്ക് മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. മാത്രമല്ല, അറിവും യോഗ്യതയുമുള്ള മനുഷ്യരായി സമൂഹത്തിന് മുതൽക്കൂട്ടാകാൻ അവരെ വഴിനടത്തുന്നതാണ് യഥാർത്ഥ വിദ്യാർത്ഥി രാഷ്ട്രീയം എന്നും ഞാൻ വിശ്വസിക്കുന്നു.
വിദ്യാർഥികളിൽ കൃത്യമായ രാഷ്ട്രീയ ബോധവും വ്യക്തിത്വവും വളർത്തിയെടുക്കാൻ കെ.എസ്.യു സഹായിക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. റൊസാരിയോ ടോം.
പ്രിയപ്പെട്ട റൊസാരിയോ, ഈ ചരിത്ര നേട്ടത്തിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ. എല്ലാവിധ പ്രാർഥനകളും ആശംസകളും! -മന്ത്രി കുറിച്ചു.
Kerala
തിരുവനന്തപുരം: മയക്കു മരുന്നിനെതിരേ സംസ്ഥാനത്തു നടക്കുന്ന പരിശോധനയായ ഓപറേഷൻ തൂഫാന്റെ ഭാഗമായി 296 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (0.3565 കി.ഗ്രാം), കഞ്ചാവ് (10.893 കിലോ), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലും പുനരന്വേഷണം.
കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. വലിയ വിവാദങ്ങൾക്ക് കാരണമായ കേസിൽ പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം.
Editorial
മയക്കുമരുന്നുവേട്ടയ്ക്ക് പുതിയ സർക്കാർ കൊടുത്തിരിക്കുന്ന പേര് കൊടുങ്കാറ്റെന്നാണ്; തൂഫാൻ. ആവേശംകൊള്ളിക്കുന്ന പേരുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടങ്ങിയ മയക്കുമരുന്നുവേട്ടയൊന്നും ഇന്നുവരെ കാര്യമായി വിജയിച്ചിട്ടില്ല. ‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല, സംസ്ഥാനത്തിന്റെ അധോലോകമായി മാറിയ ലഹരിക്കോട്ടകളിൽ.
ആദ്യം കപ്പലിലെ കള്ളന്മാരായ ചില രാഷ്ട്രീയക്കാരെയും പോലീസിനെയും കടലിലെറിയണം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. സഹകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കണം. ഇതു സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സമൂഹം തിരിച്ചറിയണം. കുടുംബ-സാമൂഹികബന്ധങ്ങളെ താറുമാറാക്കിയ ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ ദീപികയുമുണ്ടാകും. തമിഴ്നാടും ലഹരിവേട്ട ശക്തമാക്കിയതിനാൽ കണ്ണികളറുക്കാൻ ഇതാണു സമയം.
ഇന്നലെയാണ് ലഹരി മാഫിയക്കെതിരേയുള്ള ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടൻതന്നെ രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുക, ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പുകളുമായി സഹകരിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും സമൂഹമാധ്യമസംവിധാനങ്ങളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കുക, ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങൾ ബോധവത്കരണവും ഉരുക്കുമുഷ്ടിയും ഒരേസമയം നടപ്പാക്കാനുള്ള നീക്കമാണ്. പക്ഷേ, വർഷത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ക്ലാസെടുക്കുന്നതാകരുത് ഇപ്പറഞ്ഞ ബോധവത്കരണം.
ജമ്മു കാഷ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിവേട്ടയുടെ 51-ാം ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നാം ഏറ്റു പറയേണ്ടതാണ്. “അവസാനത്തെ മയക്കുമരുന്നുസംഘത്തെയും ഒതുക്കുവോളം ഈ മുന്നേറ്റം അവസാനിപ്പിക്കില്ല.” ഈ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ട്.
ഈ കാന്പയ്ൻ തങ്ങൾ സർക്കാർ സംവിധാനങ്ങളിലൊതുക്കിയില്ലെന്നും കാഷ്മീരിലെ യുവാക്കളുടെയും കുടുംബങ്ങളുടെയും വിവിധ മതനേതാക്കളുടെയും സംഘടനകളുടെയും സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണം ഉറപ്പാക്കിയെന്നും അതു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്തിമഫലം അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും കാഷ്മീരിന്റെ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല.
തീവ്രവാദവും മയക്കുമരുന്നും ഇല്ലാതായാൽ കാഷ്മീർ ഭൂമിയിലെ സ്വർഗമെന്ന പദവി തിരിച്ചെടുക്കും. അവിടത്തെ ടൂറിസത്തിന് ഈ രാജ്യത്തെ തീറ്റിപ്പോറ്റാനുള്ളത്ര സാധ്യതയുണ്ട്. മയക്കുമരുന്ന് മറ്റാരുടെയോ കാര്യമാണെന്ന് ഒരാളും കരുതരുത്. മയക്കുമരുന്നടിമകളുടെ കുടുംബങ്ങളൊന്നും അത് തങ്ങളുടെ വീടിനെയും വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കേരളത്തിൽ മയക്കുമരുന്നു-ഗുണ്ടാ സംഘങ്ങളെ പേടിച്ചു വഴിയിലിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. ജീവഭയത്താലാണ് ആരും പ്രതികരിക്കാത്തത്. പോലീസിനും പേടിയുണ്ട്. പോലീസിൽ ഒറ്റുകാരുമുണ്ട്. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. ലഹരിവ്യാപനം തടയുന്നതിനുള്ള എൻഡിപിഎസ് നിയമപ്രകാരം 2022ൽ രാജ്യത്തെ മൊത്തം അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു.
2023ലും 2024ലും അറസ്റ്റിലായവരുടെ എണ്ണം ഏകദേശം 30,000 ആയി. 2025ലും കേസുകൾ വർധിച്ചു. ‘തൂഫാൻ’ തുടങ്ങിയതിനുശേഷം വിവിധ സ്ഥലങ്ങളിൽനിന്നു പലരെയും പിടികൂടിക്കഴിഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലിൽനിന്ന് പത്തു കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 60 കിലോ കഞ്ചാവാണ്.
ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ തൃശൂർ മണ്ണുത്തിയിൽ കുന്നംകുളം പോലീസ് പിടികൂടിയത് ഇക്കഴിഞ്ഞ ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയുംവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സൽപേര് പോകുമെന്ന ഭയത്താൽ വിവരം മറച്ചുവയ്ക്കുന്നുണ്ട്. നാട്ടുകാരോടു പറയണമെന്നില്ല. പക്ഷേ, പോലീസിനെ അറിയിച്ചേ മതിയാകൂ. രഹസ്യവിവരം നൽകുന്നവരെ തേടി ഗുണ്ടകളെത്തില്ലെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പാക്കണം.
തൂഫാൻ പുറത്തു വീശിയാൽ പോരാ. ലഹരിവ്യാപാരികളെ സഹായിക്കുന്ന പോലീസുകാരെയും രാഷ്ട്രീയക്കാരെയും പുകച്ചു പുറത്തു ചാടിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല ഇരകളോ രോഗികളോ ആയി കാണണം. വിമുക്തികേന്ദ്രങ്ങൾ സജീവമാക്കണം. അവർ പഴയ ലാവണങ്ങളിലേക്കു മടങ്ങുന്നില്ലെന്ന് തുടർപരിചരണങ്ങളിലൂടെ ഉറപ്പാക്കണം. അകത്തുനിന്നു മാത്രം തുറക്കാവുന്ന പൂട്ടുള്ള ഏക തടവറയാണ് ആസക്തിയെന്നു പറയാറുണ്ട്. പക്ഷേ, പൂട്ടു തുറക്കാൻ ശേഷിയില്ലാത്തവരെ വാതിൽ പൊളിച്ചു രക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
തൂഫാൻ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷേ, ആഭ്യന്തരവകുപ്പിനു മറ്റു നേട്ടങ്ങളുമുണ്ട്. കാരണം, ലഹരിയെ തളയ്ക്കുന്നത് കുറ്റകൃത്യങ്ങളെ തളയ്ക്കുന്നതിനു തുല്യമാണ്. ലഹരി-ഗുണ്ടാസംഘങ്ങളെ വീഴ്ത്താതെ ക്രമസമാധാനപാലനം സാധ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും.
Kerala
തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ ഒഫ് പോലീസ് റാങ്ക് ലിസ്റ്റിലുള്ള 43 പേർക്ക് ഉടൻ നിയമനം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒമ്പതിന് കാലാവധി കഴിയുന്ന ലിസ്റ്റിൽ നിന്നാണ് 43 പേർക്ക് നിയമനം നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. 2025 ജൂണ് ഒമ്പതിനാണ് പിഎസ്സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വരുന്ന ജൂണ് ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്.
ഇതോടെ ഇവര്ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തുടർന്നാണ് ഉദ്യോഗാര്ഥികള് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് അഭ്യന്തരമന്ത്രിക്ക് റിപ്പോര്ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്ട്ടി ഓഫീസില് കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്ട്ടിലുണ്ട്.
സംഭവത്തില് ഡിജിപി ഉള്പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ.
ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള് കൂടിയപ്പോള് ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
District News
കോട്ടയം: അന്തരിച്ച ഡിജോ കാപ്പന് പൊതുപ്രവര്ത്തനം സാമൂഹ്യക്ഷേമമാകണമെന്നാണ് ആഗ്രഹിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല.
സാമൂഹിക പ്രവര്ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പനു സ്മൃതിപൂക്കളുമായി സുഹൃത്തുക്കള് സിഎംഎസ് കോളജിലെ ഗ്രേറ്റ് ഹാളില് നടത്തിയ സ്നേഹ കൂട്ടായ്മയില് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. നിസ്വാര്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഡിജോയെന്നും അദേഹം കൂട്ടിച്ചേര്ത്തു. സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രി മോന്സ് ജോസഫ്, മുതിര്ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്, ഡോ. സിറിയക് തോമസ്, ഫ്രാന്സിസ് ജോര്ജ് എംപി, സ്റ്റീഫന് ജോര്ജ് എന്നിവര് പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഡിജോ കാപ്പനും ജോര്ജ് സെബാസ്റ്റ്യനും ചേര്ന്ന് 1986ല് നിര്മിച്ച സിസ്റ്റര് അല്ഫോന്സാമ്മ എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്ശനവും നടന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ പാവങ്ങൾക്ക് ലഭിക്കണമെന്ന് ഉറപ്പുവരുത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുകയാണ് പ്രോജക്ട് സീറോ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു വിപ്ലവമായിരിക്കും. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കും. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല.
അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും. കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും കാര്യങ്ങൾ പാവങ്ങൾക്ക് ലഭിക്കണം. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെസഹകരണം വേണം. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അഴിമതി തടയും. ട്രാപ്പ് കേസുകൾ കൂട്ടും. വിജി മാന്യുവൽ പരിഷ്കരിക്കുമെന്നും ഡ്രാഫ്റ്റ് തയാറായെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള വിജിലന്സ് ഉന്നതതലയോഗം വിജിലന്സ് ആസ്ഥാനത്ത് ആരംഭിച്ചു. സര്ക്കാര് ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ഉള്പ്പെടെയുള്ള നടപടികള് യോഗത്തില് ചര്ച്ചയാകും.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗമാണ് വിജിലന്സ് ആസ്ഥാനത്ത് ചേരുന്നത്. സംസ്ഥാനത്തെ വിജിലന്സിലെ എസ്പിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില് പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളുടെ ബ്രാന്ഡ് അംബാസഡര്മാരാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷന് തൂഫാന്' വിജയിപ്പിക്കാന് വിദ്യാര്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂള്, കോളജ് ക്യാമ്പസുകള് ഉള്പ്പെടെയുള്ള ഇടങ്ങള് കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള് വില്ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് 'ഓപ്പറേഷന് തൂഫാന്' എന്ന പദ്ധതി ആരംഭിച്ചത്.
കേരള പോലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വളര്ന്നു. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്നിരയില് എസ്പിസി കേഡറ്റുകള് ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂണ് ഒന്ന് മുതല് കര്മപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കെമിക്കല് ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിന്റെ പരിസരങ്ങളില് പുകയില ഉത്പന്നങ്ങള് വില്ക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാന്റെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷന് ചുമതല എസ്ഐമാര്ക്ക് നല്കുന്നതില് പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.
10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നു ദിവസത്തിനകം ഡിജിപി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഉത്തരവിട്ടു.
വിഷയത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഉത്തരവിൽ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻവേണ്ട നിർദേശങ്ങൾ സമർപ്പിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നിലപാട് കടുപ്പിച്ചു. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. കേസിലെ ഒന്നാം പ്രതി ഉള്പ്പെടെ അഞ്ച് പ്രതികള്ക്കാണ് നിലവില് പരോള് ലഭിച്ചത്. 20 ദിവസത്തേക്കാണ് പരോള് ലഭിച്ചത്.
എല്ഡിഎഫ് സര്ക്കാര് അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്ക്കും പരോള് നല്കാനുള്ള നടപടികള് പൂര്ത്തിയാക്കിയത്. സംഭവത്തിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്.
റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതികളുടെ പരോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്ത്തകര് കൊലപ്പെടുത്തിയത്. കേസില് പത്ത് പ്രതികള്ക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.
മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം.
പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശന്റെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര് എന്.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര് ഓണ് സ്പെഷല് ഡ്യൂട്ടിയായും (ഒഎസ്ഡി) നിയമിച്ചു. 2015 ബാച്ച് കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ലെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുത്തോളാനാണ് പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു.
ആദ്യം മന്ത്രിസഭയിൽ ചേരേണ്ട എന്നായിരുന്നു തീരുമാനം. പാർട്ടി നിർബന്ധിച്ച് കൊണ്ടാണ് മന്ത്രിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളത്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ട്. പാർട്ടി തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസിൽ മന്ത്രിയായി. പാർട്ടി ഏൽപ്പിച്ച ഏത് ദൗത്യവും നിർവഹിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. 21 അംഗ വി.ഡി. സതീശൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പരിചയ സമ്പന്നർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 14 പുതുമുഖ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോണ്ഗ്രസ്:
മുഖ്യമന്ത്രി വി.ഡി. സതീശന്- ധനം, പൊതുഭരണം, നിയമം, തുറമുഖം.
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്സ്,
കെ. മുരളീധരന്- ആരോഗ്യം , ദേവസ്വം.
സണ്ണി ജോസഫ് -റവന്യു
എ.പി. അനില്കുമാര്- വൈദ്യുതി
പി.സി. വിഷ്ണുനാഥ് -സാംസ്കാരികം, ടൂറിസം.
ബിന്ദു കൃഷ്ണ -വനിതാ ശിശുക്ഷേമ വികസനം,
എം. ലിജു- എക്സൈസ്, സഹകരണം,
ടി. സിദ്ദിഖ് -വനം.
ഒ.ജെ. ജനീഷ് -യുവജന ക്ഷേമം,
റോജി എം. ജോണ്- ഉന്നത വിദ്യാഭ്യാസം.
കെ.എ. തുളസി- പട്ടിക ജാതി വര്ഗ വികസനം,
മുസ്ലിംലീഗ്
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം
പി.കെ. ബഷീര്- പൊതുമരാമത്ത്
കെ.എം. ഷാജി- തദ്ദേശ ഭരണം
എന്. ഷംസുദീന്- പൊതു വിദ്യാഭ്യാസം.
കേരള കോണ്ഗ്രസ്
മോന്സ് ജോസഫ് -ജലവിഭവം, രജിസ്ട്രേഷന്.
ആര്എസ്പി
ഷിബുബേബിജോണ്- തൊഴില്.
സിഎംപി
സി.പി. ജോണ്- ഗതാഗതം.
കേരള കോണ്ഗ്രസ് ജേക്കബ്
അനൂപ് ജേക്കബ് -ഭക്ഷ്യ സിവില് സപ്ലൈസ്.
സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പ്രഖ്യാപിച്ചു.
(വകുപ്പുകള് സംബന്ധിച്ച ചര്ച്ചകള് രാത്രി വൈകിയും തുടരുന്ന സാഹചര്യത്തില് നേരിയ മാറ്റങ്ങള് വരാം.)