റാന്നി: മിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിക്ക് സമീപമുണ്ടായ അപകടത്തിൽ ഇടമൺ വാകത്താനം സ്വദേശികളായ മാമൂട്ടിൽ ഏബ്രഹാം വർഗീസ് (55), കടുവുംതുരുത്തേൽ മാത്യു ജേക്കബ് (45) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലേക്ക് ഇറങ്ങുന്നതിനിടെ മിനി വാൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.