സമൂഹമാധ്യങ്ങളിലൂടെ വരുന്ന സൈബർ ആക്രമണത്തിൽ രൂക്ഷ മറുപടിയുമായി വിജയ് ദേവരകൊണ്ട. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ ഭാഗ്യമാണ് രശ്മിക മന്ദാനയെന്നും തങ്ങളെക്കുറിച്ചോർത്ത് ആരും വേവലാതിപ്പെടേണ്ടി ആവശ്യമില്ലെന്നും വിജയ് കുറിച്ചു.
രൂക്ഷമായ ഭാഷയിലാണ് വിജയ്യുടെ കുറിപ്പ്. രശ്മികയെ സ്നേഹപൂർവം ചുമലിലേറ്റി നടക്കുന്ന വിഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചു.
വിജയ്യുടെ വാക്കുകൾ: ‘എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, എന്റെ ഭാര്യ, എന്റെ പെണ്ണ്. എന്റെ ജീവിതത്തിൽ ഏറ്റവും ശരിയായി സംഭവിച്ച, ഏറ്റവും മനോഹരമായ ഭാഗ്യം. ഞങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരുടെ അറിവിലേക്ക് ഞങ്ങൾ രണ്ടുപേരും അത്രമേൽ സന്തോഷത്തിലാണ്. ഞാൻ അനുഗ്രഹീതനാണ്. ഇനി ഈ ലോകം മുഴുവൻ ഞങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെ!
സ്നേഹത്തെയും, സമാധാനത്തോടെയുള്ള ലളിതമായ ജീവിതത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. ഇനി ലവലേശം ബഹുമാനമോ ദയയോ ഇല്ലാതെ തന്നെ പറയട്ടെ, ബാക്കിയുള്ളവരൊക്കെ നേരെ പോയി തുലഞ്ഞോളൂ.’
‘കോഫി വിത്ത് കരൺ ജോഹർ’ എന്ന ടോക്ക് ഷോയിൽ വിജയ്–രശ്മിക ദമ്പതികൾ നടത്തിയ വെളിപ്പെടുത്തലുകളാണ് വലിയ ചർച്ചയായത്.
വിജയ്യെ 'ടോക്സിക്', ‘റെഡ് ഫ്ലാഗ്’ എന്നൊക്കെ പരാമർശിച്ചാണ് ചർച്ചകൾ സജീവമായത്. ഇതിനെതിരെ പ്രതികരിച്ച് രശ്മിക രംഗത്തെത്തിയിരുന്നു.