കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് കോൺഗ്രസ് ഇക്കുറി കേന്ദ്രഭരണപ്രദേശവും പഴയ കോട്ടയുമായ പുതുച്ചേരിയിൽ നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ ഏക ലോക്സഭാസീറ്റിൽനിന്നു വിജയിച്ചത് കോൺഗ്രസിലെ വി. വൈത്തിലിംഗമാണ്. 1.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ബിജെപിയുടെ എ. നമശിവായത്തെ പരാജയപ്പെടുത്തിയത്.
ആകെയുള്ള 30 നിയമസഭാമണ്ഡലങ്ങളിൽ കേരളത്തിലെ മാഹിയുൾപ്പെടെ 27 ഇടത്തും ലീഡ് നേടിയായിരുന്നു കോൺഗ്രസിന്റെ വിജയം. ഈ വിജയത്തിന്റെ ചുവടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റെങ്കിലും വേണമെന്നാണു കോൺഗ്രസിന്റെ നിലപാട്. എന്നാൽ, തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാൻ പ്രധാന ഘടകക്ഷിയായ ഡിഎംകെ തയാറുമല്ല. ഈ സാഹചര്യത്തിൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 15 സീറ്റിൽത്തന്നെയായിരിക്കും കോൺഗ്രസ് ഇക്കുറിയും മത്സരിക്കുകയെന്നാണു പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞ പ്രാവശ്യത്തേതുപോലെ സഖ്യത്തിലെ പ്രധാന പാർട്ടിയായ ഡിഎംകെ 13 സീറ്റിലും സിപിഐ, വിസികെ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.
1963ൽ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ നടക്കാൻ പോകുന്നത് 16-ാമത്തെ നിയമസഭാതെരഞ്ഞെടുപ്പാണ്. 10.20 ലക്ഷം വോട്ടർമാരാണു ആകെയുള്ളത്. 33 അംഗ നിയമസഭയിലെ മൂന്ന് അംഗങ്ങളെ ലഫ്. ഗവർണറാണു നാമനിർദേശം ചെയ്യുന്നത്. അതിനാൽത്തന്നെ 30 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്-ബിജെപി സഖ്യമാണു നിലവിൽ ഭരിക്കുന്നത്. 2021ൽ എൻആർ കോൺഗ്രസ് പത്തു സീറ്റും ബിജെപി ആറു സീറ്റും നേടിയാണ് അധികാരത്തിലെത്തിയത്. പ്രതിപക്ഷസഖ്യത്തിലാകട്ടെ ഡിഎംകെ ആറു സീറ്റിലും കോൺഗ്രസ് രണ്ടു സീറ്റിലുമാണ് വിജയിച്ചത്. ആറിടത്ത് സ്വതന്ത്രരും വിജയിച്ചു.
പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന പുതുച്ചേരി നോട്ടമിട്ട് ബിജെപി നടത്തിയ നീക്കങ്ങൾ ഫലം കാണുകയായിരുന്നു. നേതാക്കളില്ലെങ്കിലും കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ നേതാക്കളെ ഉപയോഗപ്പെടുത്തിയും ലഫ്. ഗവർണർമാരിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ളവരെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്തുമാണ് ബിജെപി വളർന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീക്കങ്ങൾ പൂർണമായും പരാജയപ്പെടുകയായിരുന്നു. ഇക്കുറിയും ഭരണം നിലനിർത്തുമെന്നുതന്നെയാണ് എൻആർ കോൺഗ്രസ്-ബിജെപി സഖ്യം അവകാശപ്പെടുന്നത്. എന്നാൽ, ബിജെപി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു കോൺഗ്രസ് സഖ്യം ചൂണ്ടിക്കാട്ടുന്നു.