ന്യൂഡൽഹി: മേഘാലയയിൽ വിദ്യാർഥിപ്രക്ഷോഭം അക്രമാസക്തമായത്തിനെത്തുടർന്ന് സംസ്ഥാനത്ത് അഞ്ചു കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു. നാലു കമ്പനി സിആർപിഎഫ് യുണിറ്റും ഒരു കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയുമാണു നിയോഗിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ കേന്ദ്രസേന സംസ്ഥാനത്ത് തുടരും.
ഖാസി വിദ്യാർഥി യൂണിയൻ ബുധനാഴ്ച ഷില്ലോംഗിൽ നടത്തിയ മോട്ടോർ സൈക്കിൾ റാലി അക്രമാസക്തമായിരുന്നു. സർക്കാർ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാമി വിവേകാനന്ദന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾ നശിപ്പിക്കപ്പെട്ടു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഖാസി സ്റ്റുഡന്റ്സ് യൂണിയൻ (കെഎസ്യു) പ്രസിഡന്റ് റെയ്മണ്ട് ഖർജാന, വൈസ് പ്രസിഡന്റ് പിങ്ക്മെൻലാംഗ് സാൻമിത്, ജനറൽ സെക്രട്ടറി റൂബൻ നജിയാർ എന്നിവരെ അറസ്റ്റ് ചെയ്തു. സർക്കാർ മുന്നിൽ സമർപ്പിച്ച അഞ്ച് ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ നടപ്പിലാക്കാൻ ആവശ്യപ്പെട്ടാണ് കെഎസ്യു പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റങ്ങൾ തടയുന്നതിനായി 2016ൽ പാസാക്കിയ"മേഘാലയ റെസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ട്’പൂർണമായും നടപ്പിലാക്കുക. പബ്ലിക് സർവീസ് കമ്മീഷൻ, ജില്ലാ സെലക്ഷൻ കമ്മിറ്റികൾ എന്നിവ വഴിയുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകളിൽ സുതാര്യത കൊണ്ടുവരിക തുടങ്ങിയവയാണ് സമരക്കാർ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യ ങ്ങൾ.