ആലുവ: അവയവദാന തട്ടിപ്പുകേസിൽ വൃക്കദാതാക്കൾക്കും സ്വീകരിച്ചവർക്കും ഒരുപോലെ പങ്കുണ്ടെന്ന് അന്വേഷണസംഘം. വൃക്കകൾ സ്വീകരിച്ചവരിൽനിന്ന് വൻതുക കൈപ്പറ്റിയ പ്രതികൾ ദാതാക്കൾക്ക് തുച്ഛമായ തുക മാത്രമാണു കൈമാറിയതെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു.
കേസിലെ പ്രതികൾ വൃക്കദാതാക്കളെയും ലക്ഷക്കണക്കിനു രൂപയ്ക്ക് വഞ്ചിച്ചെന്നാണു കണ്ടെത്തൽ. വൃക്ക സ്വീകരിക്കുന്നവരിൽനിന്ന് 25 ലക്ഷം രൂപ വരെ വാങ്ങിയശേഷം ദാതാക്കൾക്ക് 10 മുതൽ 15 ലക്ഷം വരെ മാത്രമേ കൊടുക്കാറുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 25 ഓളം പേർ അവയവദാനത്തിനു വിധേയരായിട്ടുണ്ട്. ഓപ്പറേഷൻ നടന്നത് വിവിധ ജില്ലകളിലായാണെന്നും എസ്പി പറഞ്ഞു.
ഇതുവരെയുള്ള അന്വേഷണത്തിൽ പ്രധാന പ്രതിയും സൂത്രധാരനും കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബാണ്. ഇയാളുടെ ഭാര്യയടക്കം നാലു പ്രതികളെ എറണാകുളം ജില്ലയിൽ പിടികൂടിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ രണ്ടു പേരെയും പിടികൂടിയിട്ടുണ്ട്. തൃശൂർ, കാസർഗോഡ് ജില്ലകളിലും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി സിറ്റിയിലെ പ്രത്യേക അന്വേഷണ സംഘമാണു നാല് ജില്ലകളിലെയും അന്വേഷണം ഏകോപിപ്പിക്കുന്നത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ട്, സ്വത്തുക്കൾ എന്നിവ മരവിപ്പിച്ചിട്ടുണ്ട്. മുഖ്യപ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകും.
അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎൽഎ, എംപിമാരുടെ ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാരുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയാറാക്കിയ രോഗികളുടെ പേരും വിലാസവും, വൃക്കദാതാവിന്റെ പേരും വിലാസവും രേഖപ്പെടുത്തി പിസിസി ലഭിക്കുന്നതിനായി പോലീസിന്റെ ലെറ്ററുകൾ എന്നിവയാണു കണ്ടെത്തിയത്. ഇത്തരം വ്യാജ ലെറ്റർ പാഡുകൾ, സമ്മതപത്രങ്ങൾ എവിടെയെല്ലാം ഉപയോഗിച്ചു എന്നതിൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഡോക്ടർമാരുടെ മൊഴിയും ശേഖരിക്കുന്നുണ്ട്.
ഇടപാട് കേരളത്തിൽ മാത്രം
ഇതരസംസ്ഥാനങ്ങളിലോ രാജ്യത്തിനു പുറത്തോ അവയവദാനം നടത്തിയതായി സൂചനയില്ല. അതിനാൽ അവയവക്കടത്ത് എന്ന വിഭാഗത്തിൽ കേസ് വരില്ലെന്ന് എസ്പി പറഞ്ഞു. അടുത്ത ബന്ധുക്കൾക്കു മാത്രമേ അവയവദാനം നടത്താനാകൂ.
അല്ലെങ്കിൽ പ്രതിഫലേച്ഛ കൂടാതെ സ്വമേധയാ നൽകാനാണു നിയമം അനുശാസിക്കുന്നത്. ഇതു മറികടക്കാനാണ് വ്യാജ രേഖകൾ തയാറാക്കുന്നത്. ഇതിൽ സ്വകാര്യ ആശുപത്രികളുടെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ലെന്നും കെ.എസ്. സുദർശൻ പറഞ്ഞു.
വൃക്കദാനം വഴി പണം സമ്പാദിക്കാമെന്ന ആശയം പ്രചരിപ്പിക്കുന്നത് ദാതാക്കൾ തന്നെയാണെന്നാണു പോലീസ് പറയുന്നത്. വലിയൊരു തുകയാണ് വാഗ്ദാനം നൽകുന്നത്. ഒരു വൃക്ക ഇല്ലെങ്കിലും ആരോഗ്യപ്രശ്നമില്ലെന്നു പറഞ്ഞാണ് ദാതാക്കളെ വശത്താക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവരാണ് എളുപ്പത്തിൽ ഇരയാകുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും
തട്ടിപ്പ് തടയാൻ വേണ്ട കൂടുതൽ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ജില്ലാ മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്കു നൽകുമെന്ന് എ സ്പി അറിയിച്ചു. നിലവിലെ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടിയായിരിക്കും റിപ്പോർട്ട് നൽകുകയെന്ന് എസ്പി അറിയിച്ചു.