കോട്ടയം: ആര്‍എസ്എസ് നാല് ഗ്രേഡ് റബര്‍ ഷീറ്റിന് 249 രൂപയും ആര്‍എസ്എസ് അഞ്ച് ഗ്രേഡ് 245 രൂപയുമായി ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. വേനലില്‍ ഉത്പാദനം കുറഞ്ഞ് ചരക്കിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ വില കൂടുതൽ മെച്ചപ്പെടുമെന്നാണ് സൂചന.
വ്യവസായികള്‍ ഡീലര്‍മാരില്‍നിന്ന് 252 രൂപ നിരക്കില്‍ വരെ കഴിഞ്ഞ ദിവസം ഷീറ്റ് വാങ്ങി. ഇന്നലെ ബാങ്കോക്കില്‍ ഒരു കിലോ റബറിന് 270 രൂപ വിലയുണ്ടായിരുന്നു. വിദേശവില കിലോയ്ക്ക് 21 രൂപ ഉയര്‍ന്നു നില്ക്കുന്നതിനാല് ഇവിടത്തെ വിലയില്‍ ഉടനെ ഇടിവുണ്ടാകാനുള്ള സാധ്യതയില്ല.
അതേസമയം ചെറുകിട കര്‍ഷകര്‍ക്ക് ഷീറ്റ് സ്റ്റോക്കില്ലാത്തതിനാല്‍ ഉയര്‍ന്ന വിലയുടെ മെച്ചം കിട്ടാനുമില്ല. നിലവില്‍ ഷീറ്റ് സ്റ്റോക്ക് ചെയ്ത എസ്റ്റേറ്റ് ഉടമകള്‍ക്കും വന്‍കിട ഡീലര്‍മാര്‍ക്കും മാത്രമാണ് ഉയര്‍ന്ന വിലയുടെ നേട്ടം ലഭിക്കുന്നത്.
റബര്‍ വില 250ല്‍ താഴ്ത്തി നിറുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഏതാനും ടയര്‍ കമ്പനികള്‍ ഇന്നലെ ചരക്ക് വാങ്ങലില്‍നിന്ന് പിന്മാറി. ഒരാഴ്ചയായി വേനല്‍മഴ ലഭിക്കുകയും വില മെച്ചപ്പെടുകയും ചെയ്തതിനാല്‍ ഈ മാസം ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ താല്പര്യപ്പെടും.
ജൂലൈ വരെ ഉത്പാദനം കുറവായതിനാല്‍ തൊഴിലാളികളെ നിയമിക്കാതെ തനിയെ റബര്‍ ടാപ്പിംഗ് നടത്തുന്നവര്‍ക്കു മാത്രമേ നേട്ടമുണ്ടാകൂ.