കോട്ടയം: ആര്‍എസ്എസ് നാല് ഗ്രേഡ് റബര്‍ ഷീറ്റിന് 249 രൂപയും ആര്‍എസ്എസ് അഞ്ച് ഗ്രേഡ് 245 രൂപയുമായി ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. വേനലില്‍ ഉത്പാദനം കുറഞ്ഞ് ചരക്കിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ വില കൂടുതൽ മെച്ചപ്പെടുമെന്നാണ് സൂചന.
വ്യവസായികള്‍ ഡീലര്‍മാരില്‍നിന്ന് 252 രൂപ നിരക്കില്‍ വരെ കഴിഞ്ഞ ദിവസം ഷീറ്റ് വാങ്ങി. ഇന്നലെ ബാങ്കോക്കില്‍ ഒരു കിലോ റബറിന് 270 രൂപ വിലയുണ്ടായിരുന്നു. വിദേശവില കിലോയ്ക്ക് 21 രൂപ ഉയര്‍ന്നു നില്ക്കുന്നതിനാല് ഇവിടത്തെ വിലയില്‍ ഉടനെ ഇടിവുണ്ടാകാനുള്ള സാധ്യതയില്ല.
അതേസമയം ചെറുകിട കര്‍ഷകര്‍ക്ക് ഷീറ്റ് സ്റ്റോക്കില്ലാത്തതിനാല്‍ ഉയര്‍ന്ന വിലയുടെ മെച്ചം കിട്ടാനുമില്ല. നിലവില്‍ ഷീറ്റ് സ്റ്റോക്ക് ചെയ്ത എസ്റ്റേറ്റ് ഉടമകള്‍ക്കും വന്‍കിട ഡീലര്‍മാര്‍ക്കും മാത്രമാണ് ഉയര്‍ന്ന വിലയുടെ നേട്ടം ലഭിക്കുന്നത്.
റബര്‍ വില 250ല്‍ താഴ്ത്തി നിറുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഏതാനും ടയര്‍ കമ്പനികള്‍ ഇന്നലെ ചരക്ക് വാങ്ങലില്‍നിന്ന് പിന്മാറി. ഒരാഴ്ചയായി വേനല്‍മഴ ലഭിക്കുകയും വില മെച്ചപ്പെടുകയും ചെയ്തതിനാല്‍ ഈ മാസം ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ താല്പര്യപ്പെടും.
ജൂലൈ വരെ ഉത്പാദനം കുറവായതിനാല്‍ തൊഴിലാളികളെ നിയമിക്കാതെ തനിയെ റബര്‍ ടാപ്പിംഗ് നടത്തുന്നവര്‍ക്കു മാത്രമേ നേട്ടമുണ്ടാകൂ.

കോട്ടയം: വേനല്‍ അവധിക്കുശേഷം ഒരേക്കര്‍ തോട്ടത്തില്‍ ടാപ്പിംഗ് പുനരാരംഭിക്കാന്‍ ഒരു ലക്ഷം രൂപയ്ക്കടുത്ത് ചെലവ് വരും. മുന്‍പ് ടാപ്പിംഗിനു മുന്നോടിയായി റബറുകള്‍ക്കിടയില്‍ വഴിത്താരയിലെ കാട് യന്ത്രത്തില്‍ വെട്ടുകയായിരുന്നു പതിവ്. നിലവില്‍ പാമ്പുശല്യം രൂക്ഷമായതിനാല്‍ തോട്ടം അപ്പാടെ പുല്ല് വെട്ടി സുരക്ഷിതമാക്കാന്‍ ഏക്കറിന് പതിനയ്യായിരം രൂപയോളം വേണ്ടി വരും.
മഴമറയിടാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെലവേറും. പശ്ചിമേഷ്യന്‍ യുദ്ധ പ്രതിസന്ധിയെത്തുടര്‍ന്ന് പ്ലാസ്റ്റിക്കിനും പശയ്ക്കും വിലയേറി. ഒരു കിലോ പ്ലാസ്റ്റിക്കിന് വില 250 രൂപയോട് അടുത്തു. ഒരു റബറിന് മഴമറയിടാന്‍ തൊഴില്‍ക്കൂലി ഉള്‍പ്പെടെ നാല്പത് രൂപയ്ക്ക് മുകളില്‍ ചെലവുണ്ടാകും. ഇലകൊഴിച്ചില്‍ തടയാന്‍ സ്പ്രെയിംഗ് ചെലവ് ഇരട്ടിയായി.
സ്പ്രെയിംഗ് ഓയില്‍ വില ലിറ്ററിന് 320 രൂപയില്‍ നിന്ന് 900 രൂപയ്ക്ക് മുകളിലായി. തുരിശുവില കിലോയ്ക്ക് 400 രൂപയ്ക്ക് മുകളിലെത്തിയതോടെ ഏറെപ്പേരും സ്പ്രെയിംഗ് നടത്താന്‍ താല്പര്യപ്പെടുന്നില്ല. മഴ നന്നായി പെയ്താലുടന്‍ റബറിന് രാസവളപ്രയോഗം നടത്തണം.
വളത്തിന്റെ വിലക്കയറ്റവും കര്‍ഷകര്‍ക്ക് വലിയ ബാധ്യതയാണുണ്ടാക്കുക. ഇത്തരത്തില്‍ പണം മുടക്കി ടാപ്പിംഗ് പുനാരംഭിച്ചാല്തന്നെ റബര്‍ വില നിലവിലെ 250 രൂപ നിരക്കില്‍ തുടരണമെന്ന് നിര്‍ബന്ധമില്ല. കഴിഞ്ഞ വര്‍ഷം സ്പ്രെയിംഗിനും മഴമറയ്ക്കും ഹെക്ടറിന് നാലായിരം രൂപ വീതം റബര്‍ ബോര്‍ഡ് സബ്സിഡി നല്‍കിയിരുന്നു. ഇക്കൊല്ലം സബ്സിഡി നിരക്ക് വര്‍ധിപ്പിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം ലഭിക്കു.
Tags : Rubber sheet prices record high hit