നിലവിലുള്ള പ്രശസ്ത ഗെയിമുകൾ അതേപടി പുനർനിർമിക്കുന്നതിൽ നിന്ന് തങ്ങളുടെ എഐ മോഡലായ ക്ലോഡിനെ വിലക്കി എഐ കമ്പനിയായ ആന്ത്രോപിക്. മൈൻക്രാഫ്റ്റ്, കാൻഡി ക്രഷ് തുടങ്ങിയ ജനപ്രിയ ഗെയിമുകളുടെ പകർപ്പുകൾ എഐ ഉപയോഗിച്ച് നിർമിക്കുന്നത് ബൗദ്ധിക സ്വത്തവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനിയുടെ പുതിയ നടപടി.
എക്സ് പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളാണ് 'ക്ലോഡ് കോഡി'ൽ വരുത്തിയ ഈ മാറ്റം ആദ്യം കണ്ടെത്തിയത്. തുടർന്ന് ആന്ത്രോപിക്കിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനായ അദ്ദി ഉസ്മാനി വാർത്ത സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വന്തം ആശയങ്ങളിലുള്ള ഗെയിമുകളും സ്വതന്ത്ര ഗെയിമുകളും നിർമിക്കാൻ ക്ലോഡിന് തടസമില്ലെങ്കിലും, നിലവിലുള്ള ഏതെങ്കിലും ഗെയിം പേര് മാറ്റി നിർമിക്കാൻ ശ്രമിച്ചാലും എഐ ഇനി അതിന് അനുമതി നൽകില്ല.
ഉപയോക്താക്കളുടെ സ്വന്തം ഡിസൈനുകൾ, ആശയങ്ങൾ, അതത് വിഭാഗത്തിലുള്ള ജനറിക് ഗെയിമുകൾ എന്നിവ നിർമ്മിക്കാൻ ക്ലോഡിന് സാധിക്കും. എന്നാൽ നിലവിലുള്ള ഒരു ഗെയിമിന്റെ പകർപ്പ് നിർമിക്കാൻ എഐ സഹായിക്കില്ല.
ഹാലോ , കോൾ ഓഫ് ഡ്യൂട്ടി , ജിടിഎ വി തുടങ്ങിയ പ്രശസ്ത ഗെയിമുകളുടെ എഐ റീക്രിയേഷനുകൾ വ്യാപകമായതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. ചെറിയ ഗെയിം ഡെവലപ്പർമാർ ഡെമോ പതിപ്പുകൾ പുറത്തിറക്കുമ്പോൾ എഐ ഉപയോഗിച്ച് മറ്റ് ആളുകൾ അത് എളുപ്പത്തിൽ കോപ്പി ചെയ്ത് സ്വന്തമാക്കുന്നുവെന്ന പരാതി ഉയർന്നതും ഈ തീരുമാനത്തിന് കാരണമായി.
മുൻപ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വന്ന പശ്ചാത്തലത്തിൽ, ഭാവിയിലുണ്ടാകാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ആന്ത്രോപിക് മുൻകൂട്ടി ജാഗ്രത പുലർത്തുന്നത്.
അതേസമയം, ഗെയിമിംഗ് രംഗത്തെ വൻകിട കമ്പനികളായ എപിക് ഗെയിംസ് , മൈക്രോസോഫ്റ്റ് എക്സ്ബോക്സ്, ഇഎ എന്നിവർ ഗെയിം ഡെവലപ്മെന്റിൽ എഐ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.