വനിതാ സംവരണത്തെ കേന്ദ്രസർക്കാർ ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിന് മറയാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ചൂടു പിടിക്കുകയാണ്.
നിലവിലെ ജനസംഖ്യ മാത്രം കണക്കാക്കി ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിച്ച് 850 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ലോക്സഭയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രാതിനിധ്യ അനുപാതം താറുമാറാക്കി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നതിൽ സംശയമില്ല.
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനും അതോടൊപ്പം ദേശീയതലത്തിൽ അധികാരം നിലനിർത്താനുമുള്ള ബിജെപിയുടെ ഗൂഢലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലെന്നതു വളരെ വ്യക്തമാണ്.
►വനിതാ സംവരണം സ്വാഗതാർഹം
ജനസംഖ്യയിൽ അൻപത് ശതമാനത്തിലേറെ വരുന്ന സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും പാർലമെന്റിലോ നിയമസഭകളിലോ ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യം നേടി 78 വർഷം കഴിഞ്ഞിട്ടും പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യം 13-14 ശതമാനത്തിനപ്പുറം ഉയർന്നിട്ടില്ല. വികസിത രാജ്യങ്ങളാകട്ടെ നിയമനിർമാണസഭകളിൽ സ്ത്രീപ്രാതിനിധ്യം 35 മുതൽ 50 ശതമാനംവരെ നേടിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പാർലമെന്റ് ഭരണഘടനാ ഭേദഗതിയിലൂടെ പാസാക്കിയ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നത് സ്വാഗതാർഹമാണ്.
നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളുടെ മൂന്നിലൊന്നായ 181 മണ്ഡലങ്ങളിൽ, ഓരോ സംസ്ഥാനത്തെയും മൂന്നിലൊന്ന് മണ്ഡലങ്ങൾ എന്ന കണക്കിൽ വളരെ എളുപ്പത്തിൽത്തന്നെ വനിതാ സംവരണം നടപ്പിലാക്കാൻ പറ്റും. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലൂടെ എല്ലാ മണ്ഡലങ്ങളിലും മാറിമാറി സംവരണം നടപ്പാക്കാനും, എസ്സി, എസ്ടി വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് സംവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്താനും ശ്രദ്ധിക്കണമെന്നു മാത്രം. ഇതിന് പുതുതായി ഒരു മണ്ഡല പുനർനിർണയത്തിന്റെ ആവശ്യമേയില്ല.
►മണ്ഡല പുനർനിർണയത്തിന്റെ കാണാപ്പുറങ്ങൾ
ലോക്സഭയുൾപ്പെടെയുള്ള നിയമനിർമാണ സഭകളിൽ നീതിയുക്തമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഭരണഘടന നിർദേശിക്കുന്ന നടപടിയാണ് മണ്ഡല പുനർനിർണയം. നിലവിൽ ലോക്സഭയിൽ 543 സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത് 1971ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ്. അതിനുശേഷം വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുടുംബാസൂത്രണം ഒരു പ്രഖ്യാപിത ദേശീയനയമായി നടപ്പിലാക്കി. എന്നാൽ, കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കുന്നതിലും വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ സാധിച്ചില്ല.
2011ലെ സെൻസസ് അനുസരിച്ച് ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുമ്പോൾ ഈ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പാർലമെന്റിലെ പ്രതിനിധ്യത്തിൽ ഗുരുതരമായ നഷ്ടം സംഭവിക്കുകയാണ്.
ഉദാഹരണത്തിന്, ജനസംഖ്യ അനുസരിച്ചു മാത്രം പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ കേരളത്തിന് നിലവിലുള്ള 20 ലോക്സഭാ മണ്ഡലങ്ങളിൽനിന്നു കേവലം മൂന്ന് മണ്ഡലങ്ങൾ മാത്രം വർധിച്ച് 23 മാത്രമേ ആകുകയുള്ളൂ. എന്നാൽ, ഉത്തർപ്രദേശിൽ നിലവിലുള്ള 80 ലോക്സഭാ മണ്ഡലങ്ങളിൽനിന്ന് 50 മുതൽ 55 വരെ മണ്ഡലങ്ങൾ വർധിച്ച് 130 മുതൽ 135 വരെയാകും. നിലവിലെ മണ്ഡലങ്ങൾക്ക് ആനുപാതികമായി (150 ശതമാനം) വർധിപ്പിച്ചാലും കേരളത്തിൽ 30 മണ്ഡലങ്ങളും ഉത്തർപ്രദേശിൽ 120 മണ്ഡലങ്ങളുമാണ് ഉണ്ടാകുക. അപ്പോഴും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം സാരമായിത്തന്നെ വർധിക്കും.
►പ്രാദേശിക അസമത്വങ്ങൾ
മണ്ഡല പുനർനിർണയത്തിന് ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുമ്പോൾ ജനസാന്ദ്രത കൂടിയ നഗരപ്രദേശങ്ങൾക്കു കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ലഭിക്കും. ഇത് ലോക്സഭയിൽ കാർഷിക-ഗ്രാമീണ പ്രദേശങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും. വിവിധ വികസനപദ്ധതികളും എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും കാർഷിക-ഗ്രാമീണ മേഖലകളിൽ കുറയുന്നതിന് ഇതു കാരണമാകും.
അതോടൊപ്പം സംസ്ഥാനങ്ങൾക്കുള്ളിൽത്തന്നെ ജനസംഖ്യാനുപാതത്തിൽ വലിയ വ്യത്യാസമുണ്ടാകാം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളുടെ കാര്യത്തിലും ജനസംഖ്യാ നിയന്ത്രണനയം പിന്തുടരുന്ന കാര്യത്തിലും വിവിധ ജില്ലകൾ അല്ലെങ്കിൽ പ്രദേശങ്ങൾ തമ്മിലും വിവിധ ജനവിഭാഗങ്ങൾ തമ്മിലും ചരിത്രപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടാകാം.
അതിനാൽ മണ്ഡല പുനർനിർണയത്തിൽ ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുന്നത് സംസ്ഥാനങ്ങൾക്കുള്ളിൽ പോലും വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും വിവിധ ജനവിഭാഗങ്ങളുടെയും അസംതൃപ്തിക്ക് കാരണമാകാം.
അതോടൊപ്പം പുനർനിർണയ പ്രക്രിയയിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന പിഴവുകൾ ആദിവാസി-ദളിത് വിഭാഗങ്ങളുടെയും വിവിധ പ്രദേശങ്ങളിലെ ഭാഷാ-മത ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യത്തെയും സാരമായി ബാധിച്ചേക്കാം. സംസ്ഥാന നിയമസഭകളുടെ മണ്ഡലപുനർനിർണയത്തിൽ ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.