ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി റെജി ചെറിയാൻ എംഎൽഎ. സഭയിൽ അനുകൂല മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി നടത്തിയ രഹസ്യപരാമർശം തന്നെ ഏറെ വിഷമിപ്പിച്ചു.
മുന്നണിക്കകത്തുള്ള എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 29-ാം തീയതി ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് പ്രാദേശിക അവധി വേണമെന്ന് റെജി ചെറിയാൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി നൽകിയിരുന്നു.
എന്നാൽ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്തിയ ശേഷം തൊട്ടടുത്തിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും നൽകില്ല എന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് റെജി ചെറിയാൻ പറഞ്ഞു.
ഇതിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യതയെന്ന് വീഡിയോ ഷെയർ ചെയ്ത് കെ.യു. ജനീഷ് കുമാർ എംഎൽഎ പരിഹസിച്ചു. ബിനീഷ് കോടിയേരിയും സതീശനെ പരിഹസിച്ച് രംഗത്തെത്തി.