വടശേരിക്കര: ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടാനകളെ മയക്കുവെടി വച്ച് ഉള്‍ക്കാട്ടില്‍ വിടണമെന്നും അതിന് വനം മന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. വടശേരിക്കരയില്‍ നിരന്തരം കാട്ടാന ഇറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ നടത്തിയ ഏകദിന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചോളം ആനകളാണ് കൂട്ടമായി വടശേരിക്കര ടൗണിന് അടുത്തു വരെ എത്തുന്നത്. നാലെണ്ണം സ്ഥിരമായി എത്തുന്നു. 200 ഏക്കറിലധികം സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്. മന്ത്രി വന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കടുവയിറങ്ങിയപ്പോള്‍ 90 വനപാലകരടങ്ങുന്ന പ്രത്യേക സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി എ. ആർ. വിക്രമന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോമളം അനിരുദ്ധൻ, പ്രസാദ് എന്‍. ഭാസ്കരൻ, ആര്. ശ്യാമ, ജിതിന്‍രാജ്, കെ. ആർ. രെഞ്ചു, സിഗ്ലി ഡാനിയേൽ, പി. എം. വര്‍ഗീസ്, എം. എസ്. ചന്ദ്രന് , അജികുമാർ, വര്‍ഗീസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.