മേപ്പാടി: കുരുമുളക് കിലോഗ്രാമിന് പ്രദേശിക വിപണിയിൽ 730 രൂപ വിലയുണ്ടായിട്ടും മുഖം തെളിയാതെ കർഷകർ.
തോട്ടങ്ങളിലെ കുരുമുളക് ചെടികളിൽനിന്നു മെച്ചപ്പെട്ട ഉത്പാദനം ലഭിക്കാത്തതാണ് ഇതിനു കാരണം. കുരുമുളക് ചെടികളെ ഗ്രസിച്ച രോഗങ്ങളും കാലാവസ്ഥയിലെ പിഴവുകളുമാണ് കുരുമുളക് ഉത്പാദനത്തെ ബാധിച്ചത്.
തേയിലത്തോട്ടങ്ങളുടെ നാടെന്നാണ് കേൾവിയെങ്കിലും കുരുമുളക്, കാപ്പി, ഏലം, ഏത്തവാഴ എന്നിവയും കൃഷി ചെയ്യുന്നവരാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർ. നേരത്തേ 10 ക്വിന്റൽ വരെ കുരുമുളക് വിളഞ്ഞിരുന്ന തോട്ടങ്ങളിൽനിന്നു ഒരു ക്വിന്റൽ പോലും കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ലോകത്തെ പ്രധാന ഉത്പാദക രാജ്യങ്ങളിൽ വിളവിലും ശ്രീലങ്ക വഴിയുള്ള ഇറക്കുമതിയിലും ഉണ്ടായ കുറവാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമായി വ്യാപാരികളും മറ്റും പറയുന്നത്.