തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കുന്നതിനു ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ അയയ്ക്കുന്നത്. ഭരണഘടനയുടെ 317-ാം അനുഛേദ പ്രകാരമാണ് ഗവര്‍ണറുടെ ഇടപെടല്‍.
പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവര്‍ണറാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരം നിയമിക്കപ്പെടുന്ന പിഎസ്സി അംഗങ്ങള്‍ക്ക് ആര്‍ട്ടിക്കിൾ 316(2) പ്രകാരം ആറു വര്‍ഷത്തെ കാലാവധിയാണുള്ളത്.
കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ചെയര്‍മാനെയോ അംഗത്തെയോ നീക്കം ചെയ്യണമെങ്കില്‍ ആട്ടിക്കില്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. കാലാവധി തീരും മുമ്പ് പുറത്താക്കണമെങ്കില്‍ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ലോക്ഭവനു ലഭിച്ച പരാതികളും കണക്കിലെടുത്താണ് ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച രാഷ്ട്രപതിക്ക് പിഎസ്സി ചെയര്‍മാനെ പുറത്താക്കുന്നതിനുള്ള ശിപാര്‍ശ അയച്ചത്.
യൂത്ത് കോണ്‍ഗ്രസ്, എബിവിപി, യുവമോര്‍ച്ച, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ നല്കിയ പരാതികളിലടക്കം നിയമോപദേശം തേടിയായിരുന്നു ഗവര്‍ണറുടെ നീക്കം. ഗവര്‍ണര്‍ക്കു ലഭിച്ച പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശിപാര്‍ശ അയച്ചിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരിച്ചു മാത്രമേ ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാനാകൂ. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമില്ല.
പിഎസ്സി ചെയര്മാന് അടക്കമുള്ള ഏത് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സംബന്ധിച്ച് സുപ്രീം കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഇതനുസരിച്ചായിരിക്കും രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാകുക. രാഷ്ട്രപതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. പിഎസ്സി ചെയര്‍മാനെയും മറ്റും പുറത്താക്കുന്നതിനു രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുന്നതിനൊപ്പം ചെയര്‍മാനെ ഗവര്‍ണര്‍ക്ക് സസ്പെന്‍ഡ് ചെയ്യാമായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആയിരുന്ന വിശ്വനാഥ അര്‍ലേക്കര്‍ ചെയര്‍മാനെയും മറ്റും സസ്പെന്‍ഡ് ചെയ്തിട്ടില്ല. ചെയര്മാന് എം.ആര്. ബൈജുവും 15 അംഗങ്ങളും ഇടത് നോമിനികളാണ്. 2028 മേയ് വരെയാണ് ചെയര്മാന് കാലാവധിയുള്ളത്.
നിയമോപദേശം തേടും
മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്കു നല്കിയ പുറത്താക്കല്‍ ശിപാര്‍ശയ്ക്കെതിരേ നിയമോപദേശം തേടാന്‍ പിഎസ്സി ചെയര്മാന് എം.ആര്. ബൈജു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതു ഭരണഘടന അനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നീക്കം.