കൊച്ചി: ക്രൈസ്തവ സമുദായക്കാരിയായ സ്ത്രീക്ക് അവർ താമസിക്കുന്നയിടത്തെ കോടതിയിൽ വിവാഹമോചന ഹർജി നൽകാനാകും വിധം 1869 ലെ ഇന്ത്യൻ വിവാഹമോചന നിയമത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്നു ഹൈക്കോടതി.
ഹിന്ദു വിവാഹ നിയമത്തിലും സ്പെഷൽ മാര്യേജ് ആക്ടിലും ഈ വ്യവസ്ഥ ഉണ്ടായിരിക്കേ ക്രിസ്ത്യൻ വിഭാഗത്തിനു മാത്രം ബാധകമായ ഇന്ത്യൻ വിവാഹ നിയമത്തിൽ ഉൾപ്പെടുത്താത്തത് ന്യായീകരിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ആധുനിക കാലഘട്ടം കണക്കിലെടുത്തുള്ള പ്രായോഗിക സമീപനത്തിന്റെ ഭാഗമായി 2003ലാണ് ഹിന്ദു വിവാഹ നിയമത്തിലും സ്പെഷൽ മാര്യേജ് ആക്ടിലും ഈ വ്യവസ്ഥ പാർലമെന്റ് ഉൾപ്പെടുത്തിയത്. സ്ത്രീകളുടെ താത്പര്യം കണക്കിലെടുത്ത് ഈ വകുപ്പ് ഇന്ത്യൻ വിവാഹ നിയമത്തിലും ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ചുകൊടുക്കണമെന്നും കോടതി നിർദേശിച്ചു.
വയനാട് സ്വദേശിനിയായ 32കാരി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഇന്ത്യൻ വിവാഹ മോചന നിയമപ്രകാരം വിവാഹം നടന്ന സ്ഥലത്തും ഭാര്യാഭർത്താക്കാൻമാർ ഒരുമിച്ചു താമസിച്ച സ്ഥലത്തും അവസാനമായി ഒരുമിച്ചു താമസിച്ച സ്ഥലത്തുമാണ് വിവാഹമോചന ഹർജി നൽകാനാകുക.
ഭാര്യ താമസിക്കുന്ന സ്ഥലത്തു വിവാഹമോചന ഹർജി നൽകാനാകില്ല. വിവാഹം നടന്ന കാസർഗോഡാണ് ഇരുവരും ഒരുമിച്ചു താമസിച്ചതെങ്കിലും ഇപ്പോൾ താമസിക്കുന്നത് വയനാ ട്ടിലായതിനാൽ കല്പറ്റ കുടുംബ കോടതിയിലാണു ഹർജിക്കാരി വിവാഹമോചന ഹർജി നൽകിയത്. ഇത് അനുവദനീയമല്ലെന്നു വ്യക്തമാക്കി ഹർജി മടക്കി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, നിലവിൽ ഇത് അനുവദിക്കാൻ നിയമപരമായി സാധ്യമല്ലെന്നു വിലയിരുത്തിയ കോടതി ഹർജി തള്ളി.